അവിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ പരസ്യമായ കലാപാഹ്വാനവുമായി ഇമ്രാന്‍ ഖാന്‍

Print Friendly, PDF & Email

അവിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ജനങ്ങളോട് തെരുവിലിറങ്ങാന്‍ ആവശ്യപ്പെട്ട് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. നാളെയാണ് ഇമ്രാന്‍ ഖാന് എതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടക്കുന്നത്. സഖ്യ കക്ഷികളുടെ കൂറുമാറിയതോടെ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തു പോവുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. 342 അംഗങ്ങളുള്ള പാകിസ്താന്‍ നാഷണല്‍ അസംബ്ലിയില്‍ 172 സീറ്റുകളാണ് ഭൂരിപക്ഷത്തിനാവശ്യം. ഭരണത്തിലുള്ള പിടിഐ സഖ്യം 179 അംഗങ്ങളുടെ പിന്തുണയോടെയാണ് അധികാരത്തിലിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ എംക്യുഎം-പി കൂറുമാറിയതോടെ പിടിഐയുടെ അംഗസംഖ്യ 164 ആയി ചുരുങ്ങും. പ്രതിപക്ഷ സഖ്യത്തിനാവട്ടെ 177 അംഗങ്ങളുടെ പിന്തുണ ഇപ്പോഴുണ്ട്. അവിശ്വാസ പ്രമേയം വിജയിപ്പിക്കാന്‍ 172 അംഗങ്ങളുടെ പിന്തുണയെ ആവശ്യമുള്ളൂ. ഇതില്‍ കൂടുതല്‍ പിന്‍ബലമാണിപ്പോള്‍ പ്രതിപക്ഷ സഖ്യത്തിനുള്ളത്. ഈ സാഹചര്യത്തിലാണ് ഇമ്രാന്‍ ഖാന്‍റെ പരസ്യമായ കലാപാഹ്വാനം.

പാകിസ്താന്‍ സര്‍ക്കാരിനെ താഴെയിറക്കാനുള്ള വിദേശ ശക്തികളുടെ ഗൂഢാലോചനയാണ് അവിശ്വാസ പ്രമേയത്തിന് പിന്നിലെന്ന് ഇമ്രാന്‍ ഖാന്‍ ആരോപിക്കുന്നു. ‘ഇന്നും നാളെയും തെരുവിലിറങ്ങാന്‍ ഞാന്‍ നിങ്ങളോട് ആഹ്വാനം ചെയ്യുന്നു. നിങ്ങളുടെ മനസ്സാക്ഷിക്ക് വേണ്ടി, ഈ രാജ്യത്തിന്റെ താല്‍പ്പര്യത്തിന് വേണ്ടി നിങ്ങള്‍ ഇത് ചെയ്യണം. പാര്‍ട്ടി നിങ്ങളെ നിര്‍ബന്ധിച്ച് ഇത് ചെയ്യിപ്പിക്കില്ല. എന്നാല്‍ നിങ്ങളുടെ കുട്ടികളുടെയും രാജ്യത്തിന്റെയും ഭാവിക്കായി ഇത് ചെയ്യണം. തെരുവിലിറങ്ങിക്കൊണ്ട് നിങ്ങള്‍ ജാഗരൂകരാണെന്ന് കാണിക്കണം’.മറ്റേതെങ്കിലും രാജ്യത്താണ് ഇതെല്ലാം സംഭവിക്കുന്നതെങ്കിലും ജനങ്ങള്‍ ഇതിനോടകം തെരുവിലിറങ്ങുമായിരുന്നുവെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. എന്നാല്‍ തനിക്ക് പ്രതിസന്ധി ഘട്ടത്തെ നേരിടാന്‍ അറിയാമെന്നും നാളെ പാര്‍ലമെന്റില്‍ കാണിച്ചു തരാം എന്നുമാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞിരിക്കുന്നത്. തെളിവുകള്‍ നാളെക്കായി താന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ്. താന്‍ എങ്ങനെയാണ് നാളെ അവരെ നേരിടുകയെന്ന് നിങ്ങള്‍ കാണും. താന്‍ ആഗ്രഹിക്കുന്നത് എന്റെ ആളുകള്‍ കരുതലോടെയും ജീവനോടെയും ഇരിക്കാനാണെന്നും എന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. തനിക്കെതിരെ തിരിഞ്ഞവരെ നാളെ താന്‍ വോട്ടെടുപ്പില്‍ തോല്‍പ്പിക്കും. തനിക്ക് കളിക്കാന്‍ ഇനിയും ഒരു കാര്‍ഡ് ഉണ്ടെന്നും ഇമ്രാന്‍ഖാന്‍ സൂചന നല്‍കി.

മാര്‍ച്ച് എട്ടിനാണ് പ്രതിപക്ഷ പാര്‍ട്ടികളായ പാകിസ്താന്‍-മുസ്ലിം ലീഗ് നവാസ് (PML-N), പാക്സ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (PPP) എന്നിവയുടെ നേതൃത്വത്തില്‍ 100 സഭാഗംങ്ങളാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഇമ്രാന്‍ സര്‍ക്കാരിന്റെ കെടു കാര്യസ്ഥതയാണെന്നായിരുന്നു ഇവര്‍ ആരോപിച്ചത്. പാകിസ്താന്‍ മുസ്ലിം ലീഗ്, പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി, അവാമി നാഷണല്‍ പാര്‍ട്ടി, ജമാ അത്ത് ഉലമ ഇസ്ലാം എന്നീ പ്രതിപക്ഷ പാര്‍ട്ടികളാണ് ഇമ്രാനെ പുറത്താക്കാനുള്ള പാകിസ്താന്‍ ഡെമോക്രാറ്റിക് മൂവ്മെന്റിന് കീഴില്‍ അണിനിരന്നിരിക്കുന്നത്. ഒപ്പം ഇപ്പോള്‍ കൂറു മാറിയ പാര്‍ട്ടികളുമുണ്ട്. 2018 ല്‍ പ്രധാമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇമ്രാന്‍ ഖാന്‍ ഇപ്പോള്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. ഒരു പാകിസ്താന്‍ പ്രധാനമന്ത്രിയും ഇതുവരെയും ഭരണ കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ല. അവിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ ഇമ്രാന്‍ ഖാന്‍ സ്ഥാനത്ത് നിന്നും പുറത്താവുമെന്ന് ഉറപ്പാണ്.

  •  
  •  
  •  
  •  
  •  
  •  
  •