സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് നടപടികൾ തത്സമയ സംപ്രേക്ഷണം ആരംഭിച്ചു.
സംസ്ഥാന നിയമസഭാ സമ്മേളനങ്ങള്‍ എങ്ങനെ ജനങ്ങളില്‍ നിന്നും മറച്ചുവെക്കാം എന്ന് സംസ്ഥാന സര്‍ക്കാര്‍ കുലംകുക്ഷിതമായി ആലോചിക്കുന്നതിനിടയില്‍ രാജ്യത്തെ പരമോന്നത നീതിന്യായ കോടതി അതിന്‍റെ ഭരണഘനാ ബഞ്ചിന്‍റെ എല്ലാ നടപടിക്രമങ്ങളുടേയും തത്സമയ സംപ്രേഷണം ആരംഭിച്ചു കൊണ്ട് ജനാധിപത്യം എന്തായിരിക്കണം എന്നതിന്‍റെ ഉദാത്ത മാതൃക കാണിച്ചിരിക്കുകയാണ്.
2018 സെപ്റ്റംബർ 27-ന് അന്നത്തെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പുറപ്പെടുവിച്ച സുപ്രധാന വിധിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഭരണഘടനാ പ്രാധാന്യമുള്ള കാര്യങ്ങളിൽ കോടതി നടപടികള്‍ കാണുവാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ടെന്നും അതുകൊണ്ട് അവ തത്സമയ സംപ്രേക്ഷണം അല്ലെങ്കിൽ വെബ്‌കാസ്റ്റ് ചെയ്യണമെന്നുമായിരുന്നു ജസ്റ്റിസ് മിശ്രയുടെ സുപ്രസിദ്ധമായ വിധി. വഴിത്തിരിവായ ആ പ്രഖ്യാപനത്തിന് നാല് വർഷത്തിന് ശേഷം സെപ്റ്റംബർ 27 മുതൽ ഭരണഘടനാ ബെഞ്ചിന്‍റെ എല്ലാ ഹിയറിംഗുകളുടെയും നടപടിക്രമങ്ങൾ തത്സമയം സംപ്രേഷണം ചെയ്യാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു.യു ലളിതിന്‍റെ നേതൃത്വത്തിൽ അടുത്തിടെ നടന്ന ഫുൾ കോർട്ട് യോഗം തീരുമാനിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്നുമുതല്‍ ലൈവ് സംപ്രക്ഷണം ആരംഭിച്ചത്.
പ്രാരംഭ ഘട്ടത്തില്‍ യുട്യൂബ് ഉപയോഗിച്ചാണ് സപ്രേക്ഷണം നടത്തുന്നത്. എന്നാല്‍ താമസിക്കാതെ യുട്യൂബിനു പകരം കോടതി നടപടിക്രമങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിന് പരമോന്നത കോടതിക്ക് സ്വന്തമായി പ്ലാറ്റ്ഫോം ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അതുവരെ കോടതി നടപടികൾ webcast.gov.in/scindia/ എന്ന ചാനലില്‍ ആക്‌സസ് ചെയ്യാമെന്ന് കോടതി വൃത്തങ്ങള്‍ അറിയിച്ചു. സുപ്രീം കോടതി നടപടികൾ യുട്യൂബിലൂടെ തത്സമയ സ്ട്രീം ചെയ്യുകയും പിന്നീട് സെർവറിൽ ഹോസ്റ്റ് ചെയ്യുകയും ആണ് ഇപ്പോള്‍ ചെയ്യുന്നത്. ആളുകൾക്ക് അവരുടെ സെൽ ഫോണുകളിലും ലാപ്‌ടോപ്പുകളിലും കമ്പ്യൂട്ടറുകളിലും യാതൊരു തടസ്സവുമില്ലാതെ അവയയെല്ലാം ആക്‌സസ് ചെയ്യാൻ കഴിയും.
ചരിത്രത്തില്‍ ആദ്യമായികഴിഞ്ഞ ആഗസ്ത് 26 ന്, സുപ്രീം കോടതി ഒരു വെബ് കാസ്റ്റ് പോർട്ടലിലൂടെ എൻ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടികൾ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന ശരത് അരവിന്ദ് ബോഡെ വിരമിച്ച ശേഷമുള്ള ആചാരപരമായ നടപടി മാത്രമായിരുന്നു അത്. എന്നാല്‍ ഇന്നു മുതല്‍ ഭരണഘടനാ ബഞ്ചിന്‍റെ എല്ലാ നടപടികളും ആണ് രാജ്യത്തെ പൗരന്മാര്‍ക്ക് നേരിട്ട് കാണാന്‍ കഴിയുന്നത്.

