138 ദിവസത്തിന് ശേഷം രാജ്യത്ത് ഇന്ധന വില കൂട്ടി. ഇനിയുള്ള നാളുകള്‍ അതിവേഗ വര്‍ദ്ധനവിന്‍റേത്…?
138 ദിവസത്തിന് ശേഷം രാജ്യത്ത് ഇന്ധന വില കൂട്ടി. ഒരു ലിറ്റർ ഡീസലിന് 85 പൈസയും ഒരു ലിറ്റർ പെട്രോളിന് 87 പൈസയും പാചക വാതകത്തിന് 50 രൂപമാണ് വർദ്ധിപ്പിച്ചത്. പുതുക്കിയ ഇന്ധന വില ചൊവ്വാഴ്ച അതിരാവിലെ മുതൽ പ്രാബല്യത്തിലായി. കഴിഞ്ഞ വർഷം നവംബർ നാലിനാണ് രാജ്യത്ത് അവസാനമായി ഇന്ധന വിലയിൽ മാറ്റം വന്നത്. ഉത്തർപ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് വന്നതോടെ ദിവസേനയുള്ള വില നിശ്ചയിക്കലിൽ നിന്ന് എണ്ണക്കമ്പനികൾ പിന്നോട്ട് പോയത്.
നവംബർ നാലിന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 85 ഡോളറായിരുന്നു. ഇവിടെ നിന്ന് പിന്നീട് 70 ഡോളറിലേക്ക് വരെ ക്രൂഡ് ഓയിൽ വില ഇടിഞ്ഞിരുന്നു. യുക്രൈന്‍ യുദ്ധത്തോടെ റഷ്യയിൽ നിന്നുള്ള എണ്ണയ്ക്ക് യൂറോപ്യൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തുമെന്ന വാർത്തകൾക്ക് പിന്നാലെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്ന് 130 ഡോളറിലേക്കെത്തി. 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. ഇപ്പോൾ 128 ഡോളറാണ് അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില. അടുത്തൊന്നും തിരഞ്ഞെടുപ്പുകളൊന്നും ഇല്ലാത്ത സാഹചര്യത്തിൽ രാജ്യത്ത് ഇന്ധന വില 25 രൂപ വരെ ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ.

