ലോകായുക്ത ഭേദഗതിക്കെതിരായ ഹർജി ഹൈക്കോടതിയിൽ…

Print Friendly, PDF & Email

ലോകായുക്തയുടെ പ്രവർത്തന സ്വാതന്ത്യത്തിന് കൂച്ചുവിലങ്ങിടുന്ന ഓർഡിനൻസ് നടപ്പാക്കുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി ഇന്ന് പരിഗണിക്കും. പൊതുപ്രവർത്തകനായ ആർ എസ് ശശികുമാറാണ് ലോകായുക്ത ഭേദഗതി ഓർ‍ഡിനൻസിനെതിരായ (lokayukta Amendment Ordinance) ഹർജി ഹൈക്കോടതി നൽകിയിരിക്കുന്നത്. രാഷ്ട്രപതിയുടെ അനുമതിയില്ലാതെയുളള ഭേദഗതി ഓർ‍ഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്നാണ് വാദം. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഹ‍ർജി പരിഗണിക്കുന്നത്. ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തിൽ ക്രമക്കേട് ആരോപിച്ച് മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയിൽ പരാതി നൽകിയ വ്യക്തയാണ് ഹർജിക്കാരൻ. ഹർജിയില്‍ കോടതി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഭേദഗതിയുടെ അടിസ്ഥാനത്തിൽ സർക്കാർ കൈക്കൊള്ളുന്ന തീരുമാനങ്ങൾ കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായിരിക്കും.

പൊതുപ്രവര്‍ത്തകനോട് ക്വോവാറന്റോ റിട്ടിലൂടെ സ്ഥാനമൊഴിയണമെന്ന് നിര്‍ദ്ദേശിക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്നാണ് സര്‍ക്കാര്‍ വാദം . കെ.സി. ചാണ്ടി Vs ആര്‍ ബാലകൃഷ്ണപിള്ള കേസ് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഈ വാദമുന്നയിക്കുന്നത്. എന്നാല്‍ രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതി B.R. Kapoor versus State Of Tamil Nadu ( September 21, 2001) എന്ന കേസില്‍ ക്വോ വാറന്റോ റിട്ടിലൂടെ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. ക്വോ വാറന്റോ റിട്ടിലൂടെ പൊതുപ്രവര്‍ത്തകനെ ഒരു സ്ഥാനത്ത് നിന്നും പുറത്താക്കാമെന്ന സുപ്രീം കോടതിയുടെ ഈ ഉത്തരവ് രാജ്യത്തെ മറ്റെല്ലാം കോടതികള്‍ക്കും ബാധകമാണ്.

ഭരണകക്ഷിയിൽ ഉൾപ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിർ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളി ഫെബ്രുവരി ആദ്യ ആഴ്ചയിലായിരുന്നു ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടത്. ലോകായുക്ത നിയമത്തിലെ 14ാം വകുപ്പ് ഭോദഗതി ചെയ്ത് പൊതുപ്രവർത്തകർക്കെതിരായ ലോകായുക്ത വി‌ധി സർക്കാരിന് തളളിക്കളയാം എന്ന് ഭേദഗതി ചെയ്യുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. ഇതോടെ ലോകായുക്ത വെറും കാഴ്ച വസ്തുവായി മാറി.