കോണ്‍ഗ്രസ്സിനെ രക്ഷിക്കുവാന്‍ നിര്‍ദ്ദേശങ്ങളുമായി സോണിയ ഗാന്ധിയുമായി ജി-20 നേതാക്കളുടെ കൂടിക്കാഴ്ച ഇന്ന്.
അഞ്ച് സംസ്ഥാനങ്ങളിലെ തോൽവിക്ക് ശേഷം എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന കോൺഗ്രസിന് ഇനി മുന്നോട്ടു പോകണമെങ്കില്‍ പാര്‍ട്ടിക്ക് കൂട്ടായ നേതൃത്വം കൂടിയേ തീരൂവെന്ന് ഗുലാംനബി ആസാദിന്‍റെ വീട്ടിൽ ചേർന്ന ജി 23 നേതാക്കളുടെ യോഗം വിലയിരുത്തി. യോഗത്തിൽ ഉയർന്ന ചർച്ചയും അഭിപ്രായവും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിക്കുവാന്‍ ഗുലാം നബി ആസാദ് വ്യാഴാഴ്ച സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുത്തേക്കും.
18 നേതാക്കളാണ് ഇന്ന് ഗുലാം നബി ആസാദിന്റെ വീട്ടിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തത്. മുതിർന്ന നേതാക്കളായ ഗുലാംനബി ആസാദ്, കപിൽ സിബൽ, മനീഷ് തിവാരി, ആനന്ദ് ശർമ, പൃഥ്വിരാജ് ചൗഹാൻ, ഭൂപിന്ദർ സിംഗ് ഹൂഡ, അഖിലേഷ് പ്രസാദ് സിംഗ്, രാജ് ബബ്ബർ, ശങ്കർ സിംഗ് വഗേല, എം എ ഖാൻ, രാജേന്ദർ കൗർ ഭട്ടൽ, മുൻ ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്‍റെ മകനായ സന്ദീപ് ദീക്ഷിത്, കുൽദീപ് ശർമ, വിവേക് തൻഖ, ക്യാപ്റ്റൻ അമരീന്ദർ സിംഗിന്‍റെ ഭാര്യ പ്രണീത് കൗർ എന്നിവർ യോഗത്തിനെത്തി. കേരളത്തിൽ നിന്ന് എംപി ശശി തരൂരും, പിജെ കുര്യനും പുറമേ, ദേശീയ തലത്തിൽ നിന്ന് ഗാന്ധി കുടുംബത്തിലെ വിശ്വസ്തനായ മണിശങ്കർ അയ്യരും യോഗത്തിനെത്തിയത് ശ്രദ്ധേയമായി.
പ്രവർത്തകർ മാത്രമല്ല, പാർട്ടിയിൽ നിന്ന് നേതാക്കളും പലായനം ചെയ്യുന്ന സ്ഥിതിയാണെന്ന് ജി 23 നേതാക്കൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അഞ്ച് സംസ്ഥാനങ്ങളിൽ കൂട്ടത്തോൽവിയുണ്ടായി. മുന്നോട്ട് പോകാൻ കൂട്ടായ നേതൃത്വവും പൊതുവായ തീരുമാനങ്ങളും എല്ലാ തലത്തിലും നടപ്പാക്കുക എന്ന ഒറ്റ വഴിയേ ഉള്ളൂ. ബിജെപിക്ക് ബദലായി കോൺഗ്രസ് വളരേണ്ടതുണ്ട്. അതിന് കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തിയേ തീരൂ. അതിനായി സമാനമനസ്കരായ രാഷ്ട്രീയശക്തികളുമായി കോൺഗ്രസ് ഇപ്പോഴേ ചർച്ച തുടങ്ങണം. 2024- ഇലക്‍ഷന് മുന്നോടിയായി അതിനുള്ള ഒരു പ്ലാറ്റ്‍ഫോം ഇപ്പോഴേ ഒരുക്കണം. അത് ജനങ്ങൾക്ക് വിശ്വാസ്യമായ ഒരു ബദലുമാകണം. അതിനാൽ സമാനമനസ്കരായ പാർട്ടികളുമായി കോൺഗ്രസ് ചർച്ചയ്ക്ക് തയ്യാറാകണം. പാർട്ടിയുടെ എല്ലാ തലത്തിലും കൂട്ടായ നേതൃത്വവും തീരുമാനവുമാണ് ആവശ്യമെന്ന് ജി-23 നേതാക്കൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയിൽ യോഗത്തിൽ ഉയർന്ന ചർച്ചയും അഭിപ്രായവും സോണിയയെ അറിയിക്കും
യോഗത്തിന് മുമ്പ് കപിൽ സിബൽ രൂക്ഷവിമർശനമാണ് ഗാന്ധി കുടുംബത്തിനെതിരെ ഉന്നയിച്ചത്. ഗാന്ധി കുടുംബം നേതൃസ്ഥാനത്ത് നിന്ന് മാറി മറ്റൊരാൾക്ക് പാർട്ടിയെ നയിക്കാൻ അവസരം നൽകണമെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ പരാമർശം. രാഹുൽ ഗാന്ധി ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണ് എന്നും കോൺഗ്രസ് നേതൃത്വത്തിൽ കാതലായ അഴിച്ചുപണി വേണമെന്നുമായിരുന്നു ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ ദീർഘമായ അഭിമുഖത്തിൽ കപിൽ സിബൽ ആരോപിച്ചത്. പാർട്ടിയെ കുടുംബ പാർട്ടിയാക്കി മാറ്റാൻ ശ്രമിക്കുകയാണ്. നേതൃത്വത്തിൽ മാറ്റം വരണം. സമീപകാലത്താണ് കോൺഗ്രസിൽ ദീർഘകാല പ്രസിഡന്റുമാർ ഉണ്ടാവാൻ തുടങ്ങിയത്. നേരത്തെ എല്ലാ വർഷവും അധ്യക്ഷൻ മാറുന്ന സ്ഥിതിയുണ്ടായിരുന്നു. ഗാന്ധി കുടുംബം ഇല്ലെങ്കിൽ കോൺഗ്രസ് ഇല്ലെന്നത് തെറ്റായ കാഴ്ചപ്പാടാണെന്നുമായിരുന്നു സിബലിന്റെ വിമർശനം.
പിന്നാലെ ഗാന്ധി കുടുംബത്തെ വിമർശിച്ച കപിൽ സിബലിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ജനപിന്തുണയില്ലാത്ത സിബൽ പാർട്ടിയെ ദുർബലപ്പെടുത്തുകയാണെന്ന് മല്ലികാർജ്ജുൻ ഖാർഗെയും അധിർ രഞ്ജൻ ചൗധരിയും കുറ്റപ്പെടുത്തി.’കോൺഗ്രസ് അഭിമുഖീകരിക്കുന്നത് ആശയങ്ങളുടെ പ്രതിസന്ധിയാണ്, നേതൃത്വത്തിന്റെതല്ല’ എന്നായിരുന്നു സൽമാൻ ഖുർഷിദിന്റെ പ്രതികരണം. കപിൽ സിബൽ നല്ല അഭിഭാഷകനാണ് എന്നും അദ്ദേഹത്തിന് കോൺഗ്രസ് പാരമ്പര്യമില്ലെന്നുമായിരുന്നു ഗെലോട്ടിന്റെ വാദം.

