KERALANEWS MAIN

കേരളത്തിൽ പടരുന്നത് ഒമിക്രോണ്‍. എസ് ജീൻ കണ്ടെത്താനുള്ള പിസിആർ കിറ്റിനായി സര്‍ക്കാര്‍ നെട്ടോട്ടത്തില്‍.

കേരളത്തിൽ പടരുന്നത് ഒമിക്രോണ്‍ വകഭേദമാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ. ഒമിക്രോണിന്‍റെ സമൂഹ വ്യാപനം(community spread) കേരളത്തില്‍ ആരംഭിച്ചെന്നും വിദ​ഗ്ധർ പറയുന്നു. പരിശോദന നടത്തുന്ന മൂന്നിലൊരാൾക്ക് രോ​ഗം സ്ഥിരീകരിക്കുന്നു. ഇതാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ അവസ്ഥ. ടി പി ആർ എക്കാലത്തേയും വലിയ നിരക്കിൽ എത്തി. രണ്ടാം തരം​ഗത്തിൽ 29.5ശതമാനമായിരുന്ന ടി പി ആർ ഇപ്പോൾ 35.27ശതമാനമായി. ജലദോഷപ്പനി പോലെയോ ഒരു ലക്ഷണവും ഇല്ലാതെയോ രോ​ഗം പിടിപെടുന്നവരാണേറെയും. ഇതാണ് ഡെൽറ്റയല്ല ഒമിക്രോൺ വ്യാപനമാണ് സംസ്ഥാനത്തെന്ന് ആരോ​ഗ്യ വിദ​ഗധർ ഉറപ്പിക്കുന്നത്.

അതിനിടെ മൂന്നാംതരംഗത്തിലും മാറ്റമില്ലാതെ സംസ്ഥാനത്ത് രണ്ട് ഡോസ് വാക്സിനുമെടുത്തവരിലെ കോവിഡ് ബാധ തുടരുകയാണ്. ഒരാഴ്ച്ചക്കുള്ളിൽ കോവിഡ് ബാധിച്ചവരിൽ 58 ശതമാനവും സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കിയവരാണ്. ഒമിക്രോൺ പരിശോധനയ്ക്ക് സംവിധാനമില്ലാത്തതാണ് കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. പകരം സംവിധാനത്തിനായി നെട്ടോട്ടത്തിലാണ് ആരോഗ്യവകുപ്പ്. രാജീവ് ഗാന്ധി സെന്ററിൽ നിന്ന് ഫലം ലഭിക്കുന്നത് വൈകുന്ന സാഹചര്യത്തിൽ വൈറസിലെ എസ് ജീൻ കണ്ടെത്താനുള്ള കിറ്റ് എത്തിക്കാനാവുമോയെന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. ഐസിഎംആർ അനുമതി നൽകിയ പരിശോധന കിറ്റുകള്‍ സംസ്ഥാനത്ത് എത്തിത്തുടങ്ങിയിട്ടില്ല. ഒമിക്രോൺ പരിശോധനക്കുള്ള എസ് ജീൻ കണ്ടെത്താനുള്ള പിസിആർ കിറ്റ് എത്തിക്കാൻ സർക്കാർ തീവ്രശ്രമം തുടങ്ങി.

ഇതിനിടയിലാണ് രണ്ട് ഡോസ് വാക്സിനും എടുത്തവരിലെ രോ​ഗബാധ, ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ കൂടുന്നത്. ഒരാഴ്ച്ചക്കിടെ കോവിഡ് ബാധിച്ച 1,26,000 പേരിൽ 58 ശതമാനവും രണ്ട് ഡോസ് വാക്സിനും എടുത്തവരാണ്. ഒരു ഡോസ് മാത്രമെടുത്ത 8 ശതമാനം പേരെ കോവിഡ് ബാധിച്ചു. വാക്സിനെടുത്തിട്ടേയില്ലാത്തവരാണ് കോവിഡ് ബാധിച്ചവരിൽ 25 ശതമാനവും. 31, 875 പേർ. രണ്ടാംതരംഗത്തിലെ നവംബറിലെ കണക്കുകൾക്ക് സമാനമാണ് ഇത്. രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയവരിൽ പ്രതിരോധശേഷി കുറഞ്ഞുവരുന്നതിനാൽ ബൂസ്റ്റർ ഡോസ് നൽകാൻ തുടങ്ങിയിട്ടുണ്ട്.

ജനുവരി 11 മുതൽ 17 വരെയുള്ള കാലയളവിൽ ശരാശരി 79456 കേസുകൾ ചികിൽസിൽ ഉണ്ടായിരുന്നതിൽ 0.8ശതമാനം പേർക്ക് മാത്രമണ് ഓക്സിജൻ കിടക്കകൾ ആവശ്യമായി വന്നതെങ്കിൽ ഇപ്പോളത് 41ശതമാനമായി വർധിച്ചിട്ടുണ്ട്. തീവ്ര പരിചരണം ആവശ്യമായവരുടെ എണ്ണത്തിലും വർധനയുണ്ട്. 10 ശതമാനമാണ് വെന്റിലേറ്റർ ചികിൽസ ആവശ്യമായി വരുന്നത്. ഐ സി യു സംവിധാനങ്ങൾ വേണ്ടവരിലെ വർധന 29 ശതമാനവുമായിട്ടുണ്ട്. സി എഫ് എൽ ടി സികളടക്കം സ്ഥാപിച്ച് ആശുപത്രികളിലെ തിരക്ക് ഒഴിവാക്കുകയാണ് ഈ ​ഘട്ടത്തിൽ സർക്കാർ. അല്ലാത്ത പക്ഷം കൊവിഡ് തീവ്ര പരിചരണം ഉൾപ്പെടെ പാളാൻ സാധ്യത ഉണ്ട്.

0