മര്‍ക്കസ് നോളജ് സിറ്റിയിലെ തകര്‍ന്ന് വീണ കെട്ടിടത്തിന് നിര്‍മ്മാണ അനുമതികള്‍ ലഭിച്ചിരുന്നില്ല !
മര്‍ക്കസ് നോളജ് സിറ്റിയിലെ തകര്‍ന്ന് വീണ കെട്ടിടത്തിന് നിര്‍മ്മിക്കുവാന്‍ ആവശ്യമായ അനുമതികള്‍ ലഭിച്ചിരുന്നില്ലന്ന് വെളിപ്പെടുത്തല്‍. കെട്ടിട നിര്‍മ്മാണത്തിന് വേണ്ടി അപേക്ഷ ലഭിച്ചിരുന്നെങ്കിലും പ്രഥമിക പരിശോധന നടത്തിയിട്ടില്ലെന്നും ഇപ്പോള്‍ നടക്കുന്നത് അനധികൃത നിര്‍മ്മാണമാണെന്നുമുള്ള ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കുന്ന നടപടി ഇതുവരെ പൂര്‍ത്തിയായിരുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. മുന്പ് റബര്‍ ഏസ്റ്റേറ്റ് ആയിരുന്ന പ്രദേശം വെട്ടിവെളിപ്പിച്ച് ഇത്തരത്തില്‍ വലിയൊരു നഗരം തന്നെ നിര്‍മ്മാക്കാനായി സര്‍ക്കാറില്‍ നിന്ന് വിവിധ അനുമതികള്‍ വാങ്ങേണ്ടതുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു അനുമതിയും മര്‍ക്കസ് നോളജ് സിറ്റിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നോളജ് സിറ്റി നിര്‍മ്മാണം അനധികൃതമാണെന്ന് നേരത്തെ നിരവധി പരാതികളുയര്‍ന്നിരുന്നെങ്കിലും സര്‍ക്കാര്‍ നടപടികളൊന്നും തന്നെ എടുത്തിരുന്നില്ല.
കോഴിക്കോട് താമരശ്ശേരി കോടഞ്ചേരി പഞ്ചായത്തിലെ കാന്തപുരം അബൂബക്കര്‍ മുസ്ലാരുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്‍റെ ഉടമസ്ഥതയില്‍ ഒരു ഉപഗ്രഹ നഗരം എന്ന തരത്തിലാണ് മര്‍ക്കസ് നോളജ് സിറ്റി വിഭാവനം ചെയ്തിരിക്കുന്നത്. പള്ളി, ഐടി പാര്‍ക്ക് വാണിജ്യ സ്ഥാപനങ്ങള്‍, സ്കൂള്‍ എന്നിങ്ങനെ വിവിധ പദ്ധതികള്‍ക്കായുള്ള കെട്ടിടങ്ങളാണ് ഇവിടെ നിര്‍മ്മാണത്തിലുള്ളത്. പള്ളിയുടെ നിര്‍മ്മാണം നേരത്തെ കഴിഞ്ഞിരുന്നു. ‘ഹില്‍സിനായി’ എന്ന സ്കൂള്‍ കെട്ടിടമായിരുന്നു തകര്‍ന്നു വീണത്.
രണ്ട് പഞ്ചായത്തിലാണ് മര്‍ക്കസ് നോളജ് സിറ്റിയുടെ ഭൂമിയുള്ളത്. ചില പദ്ധതികള്‍ക്ക് അനുമതിയുണ്ടെങ്കില്‍ മറ്റ് ചിലതിനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. കെട്ടിടം നിര്‍മ്മിക്കുന്ന സ്ഥലം ഉള്‍പ്പെടുന്ന പഞ്ചായത്ത് പോലും രണ്ടാം നിലയുടെ നിര്‍മ്മാണം നടക്കവേ അപകടമുണ്ടായപ്പോഴാണ് അനധികൃത നിര്‍മ്മാണമാണ് നടക്കുന്നതെന്ന് തിരിച്ചറിഞ്ഞത്.
മര്‍ക്കസ് നോളജ് സിറ്റിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് 23 പേര്‍ക്കാണ് പരിക്കേറ്റത്. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. 21 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ട് പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടം നടക്കുമ്പോള്‍ 59 തൊഴിലാളികളായിരുന്നു സംഭവ സ്ഥലത്തുണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗം ആളുകളും ഇതരസംസ്ഥാന തൊഴിലാളികളാണ്.
രണ്ടാം നിലയിലെ കോണ്‍ക്രീറ്റ് നടപടികള്‍ നടക്കുന്നതിനിടെ, കോണ്‍ക്രീറ്റ് താങ്ങി നിര്‍ത്തിയിരുന്ന ഇരുമ്പ് തൂണുകള്‍ തെന്നിമാറി അപകടമുണ്ടായത്. കോണ്‍ക്രീറ്റ് പൂര്‍ണ്ണമായും താഴേക്ക് വീണു. അതിനടയില്‍ പെട്ടാണ് കൂടുതല്‍ പേര്‍ക്കുംപരുക്കേറ്റത്. പൊലീസും നാട്ടുകാരും അഗ്നിശമനസേനയും എത്തിയാണ് പരിക്കേറ്റവരെ രക്ഷിച്ചത്.
ലിമോട്ടെക്സ് എന്ന കമ്പനിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും തങ്ങള്‍ നേരിട്ടല്ല നിര്‍മ്മാണമെന്നും നോളജ് സിറ്റി സിഇഒ അബ്ദുൽ സലാം മാധ്യമങ്ങളോട് പറഞ്ഞു. കെട്ടിടത്തിന്‍റെ നിർമാണം അനുമതിയോടെ തന്നെയാണെന്ന് മർകസ് അധികൃതർ അറിയിച്ചു. കെട്ടിട നിര്‍മ്മാണത്തിന് വേണ്ടി അപേക്ഷ ലഭിച്ചിരുന്നെങ്കിലും പ്രഥമിക പരിശോധന നടത്തിയിട്ടില്ലെന്നും ഇപ്പോള്‍ നടക്കുന്നത് അനധികൃത നിര്‍മ്മാണമാണെന്ന് ബോധ്യപ്പെട്ടാല്‍ തീര്‍ച്ചയായും സ്റ്റോപ്പ് മെമ്മോ നല്‍കുമെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.