രാഹുലിനെ പ്രതിരോധിച്ച് പ്രിയങ്ക
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച വിവാദങ്ങളില്‍ കഴമ്പില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. വിദേശ പൗരത്വ വിഷയത്തില്‍ നോട്ടീസ് അയച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയില്‍ 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് രാഹുല്‍ ഗാന്ധിയോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്.
‘രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനാണെന്ന് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അറിയാം. അദ്ദേഹം ജനിച്ചതും വളര്‍ന്നതും നേതാവായി ഉയര്‍ന്നതുമെല്ലാം രാജ്യത്തെ ജനങ്ങളുടെ കണ്‍മുന്നിലാണ്. ഇത് എല്ലാവര്‍ക്കും വ്യക്തമായി അറിയാവുന്നതാണ്. ഇക്കാര്യത്തിലെ വിവാദങ്ങള്‍ എന്ത് അസംബന്ധമാണ്? – പ്രിയങ്കാ ഗാന്ധി ചോദിച്ചു. അമേത്തിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രിയങ്കാ ഗാന്ധി.
രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും വളര്‍ച്ചയില്‍ വിറളി പൂണ്ട ബി.ജെ.പി രാഷ്ട്രീയ പകപോക്കലിനായി എന്ത് തന്ത്രവും സ്വീകരിക്കുന്നതിന്റെ ഭാഗമാണ് വ്യാജ ആരോപണങ്ങളയര്‍ത്തുന്നതെന്ന് പ്രിയങ്ക പറഞ്ഞു.