നടിയെ ആക്രമിച്ച കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘo
നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ഡിവൈഎസ്‌പി ബൈജു പൗലോസ് തലവനായുള്ള സംഘമാണ് അന്വേഷണം നടത്തുക. കേസിൽ ദിലീപിനെതിരെയുള്ള വെളിപ്പെടുത്തലുകൾ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് രഹസ്യമൊഴി എടുക്കാൻ കോടതി അനുമതി നൽകിയിരുന്നു. കേസ് അട്ടിമറിക്കാനും വിചാരണ തടസപ്പെടുത്താനും നടൻ ദിലീപടക്കമുളളവർ ശ്രമിക്കുന്നതിന്‍റെ ശബ്ദരേഖകളടക്കമാണ് സംവിധായകൻ ബാലചന്ദ്രകുമാർ അടുത്തയിടെ പുറത്തുവിട്ടത്.
തുടരന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംവിധായകന്‍ ബാലചന്ദ്രകുമാറില്‍ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തിരുന്നു. ഈ മൊഴികളും മൊബൈല്‍ഫോണ്‍ അടക്കമുള്ള തൊണ്ടിമുതലുകളും കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. അതേസമയം, ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള അനുമതി അന്വേഷണസംഘത്തിന് ലഭിച്ചു. എറണാകുളം സിജെഎം കോടതിയാണ് രഹസ്യ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘത്തിന് അനുമതി നല്‍കിയത്. രഹസ്യ മൊഴി രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തും.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സ്‌ഫോടനാത്മകമായപുതിയ വെളിപ്പെടുത്തലുകളുമായി കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മ രംഗത്തു വന്നു. റിപ്പോര്‍ട്ടര്‍ ചാനലിനോടാണ് പുതിയ വെളിപെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. 2015 മുതല്‍ ഗുഢാലോചന നടന്നു, ഗുഡാലോചനയില്‍ ദിലീപിന് ഒപ്പം പലരും പങ്കാളികളായി. കൃത്യം നടത്താന്‍ കോടി കണക്കിന് രൂപ ദിലീപ് സുനിലിന് വാഗദാനം ചെയ്തെന്നും അമ്മ പറയുന്നു. തന്‍റെ ജീവന് ഭീഷണി ഉണ്ടെന്ന് സുനി പല പ്രാവശ്യം തന്നോട് പറഞ്ഞിരുന്നു. ഒളിവില്‍ കഴിയുമ്പോഴും തന്‍റെ മകനെ കൊലപെടുത്താന്‍ ശ്രമം നടന്നു. ജയിലില്‍ അപായപ്പെടുത്തും എന്ന് ഭയമുണ്ട്. കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭയക്കുന്നതായും അമ്മ പറയുന്നു. നടിയെ ആക്രമിച്ച കേസിലെ മറ്റൊരു പ്രതിയായ വിജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലും ദുരുഹതയുണ്ടെന്നാണ് അമ്മയുടെ നിലപാട്. വിജേഷ് ഇങ്ങനെ ചെയ്യുമെന്ന് കരുത്തുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴെങ്കിലും ഇക്കാര്യങ്ങള്‍ പുറത്ത് പറഞ്ഞില്ലെങ്കില്‍ മകന്റെ ജീവന്‍ അപായപ്പെട്ടേക്കുമെന്ന ഭയമുണ്ടെന്നും പള്‍സര്‍ സുനിയുടെ അമ്മ പറയുന്നു.