സിൽവർ ലൈൻ പദ്ധതിക്കായി സര്‍വേ നടത്താതെ 955 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നത് എങ്ങനെ? – ഹൈക്കോടതി
സിൽവർ ലൈൻ പദ്ധതിക്കായി സര്‍വേ നടത്താതെ 955 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നത് എങ്ങനെയെന്ന് ഹൈക്കോടതി. സ്ഥലം ഏറ്റെടുക്കൽ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂവുടമകൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം. ശരിയായ സര്‍വേ നടത്താതെ ഏറ്റെടുക്കേണ്ട ഭൂമിയുടെ വിശദാംശങ്ങള്‍ എങ്ങനെ ലഭിച്ചെന്നും കോടതി ചോദിച്ചു സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സംസ്ഥാന സർക്കാർ വിജ്ഞാപനം നിയമവിരുദ്ധമെന്ന് ആരോപിച്ചാണ് കോട്ടയം ഏറ്റുമാനൂർ സ്വദേശികളായ നാലുപേർ കോടതിയെ സമീപിച്ചത്. കേന്ദ്ര അനുമതിയില്ലാതെ റെയിൽവെ പദ്ധതികൾക്കായി സംസ്ഥാന സർക്കാരിന് ഭൂമി ഏറ്റെടുക്കാനാവില്ലെന്നും അതിനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഹർജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി.

