KERALANEWS MAIN

രാത്രികാല കര്‍ഫ്യൂ ഇന്നവസാനിക്കും.

പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ രാത്രി 10 മുതൽ രാവിലെ അഞ്ചുവരെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ ഒമിക്രോൺ സാഹചര്യം ഈ ആഴ്ച ചേരുന്ന കൊവിഡ് അവലോകന യോഗം വിലയിരുത്തും. കേസുകൾ വർധിച്ചാൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

സംസ്ഥാനത്ത് ഇന്ന് 2802 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,180 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,04,957 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,01,682 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 3275 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 149 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ 19,021 കൊവിഡ് കേസുകളിൽ, 10.7 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 66 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 48,113 ആയി.