റിസര്‍വ്വ് ബാങ്ക്: എംഎ ഹിസ്റ്ററിയുമായി ഒരു ഗവര്‍ണ്ണര്‍ ‘അഥവ’ സാമ്പത്തിക വിദഗ്ധരില്‍ നിന്ന് ഐഎഎസ് കാരിലേക്ക്‌…

Print Friendly, PDF & Email

റിസര്‍വ്വ് ബാങ്ക്ന്‍റെ 25ാം ഗവര്‍ണ്ണര്‍ ആയി ശക്തികാന്ത് ദാസ് ചുമതലയേറ്റതോടെ സോഷ്യല്‍ മീഡയകളിലും മറ്റും വിവാദങ്ങളും വിമര്‍ശനങ്ങളും കത്തി പടരുകയാണ്. റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ നിയമനത്തിന് പ്രത്യേക വിദ്യാഭ്യാസ യോഗ്യത മാനദണ്ഡങ്ങളൊന്നുമില്ലങ്കില്‍ പോലും, എം എ ഹിസ്റ്ററിയുമായി ഒരു റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ എന്നാണ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണറെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്. വൈ.വി റെഢി, ഡി സുബ്ബറാവു, രഘുറാം രാജന്‍, ഊര്‍ജിത് പട്ടേല്‍, തുടങ്ങിയ സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ പ്രഗത്ഭ സാമ്പത്തിക വിദഗ്ധര്‍ ഇരുന്ന കസേരയില്‍ എം.എ ഹിസ്റ്ററിയുമായി ഒരു ഐഎഎസ് കാരനെ നിയമിച്ചത് റിസര്‍വ്വ് ബാങ്കിനെ വരുതിയിലാക്കുവാന്‍ മോദിഅമിത്ഷാ ജയ്റ്റ്ലി കൂട്ടുകെട്ട് എടുത്ത നടപടിയായാണ് ശക്തികാന്ത് ദാസിന്‍റെ നിയമനത്തെ പലരും നോക്കികാണുന്നത്.

നോട്ട് നിരോധനത്തെ ന്യായീകരിച്ചു കൊണ്ട്, സര്‍ക്കാരിന്റെ മുഖമായി നിത്യേന വാര്‍ത്താസമ്മേളനങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത് അന്ന് സാമ്പത്തിക കാര്യസെക്രട്ടറി പദവി വഹിച്ചിരുന്ന ശക്തികാന്ത ആയിരുന്നു. കേന്ദ്ര ഗവര്‍മ്മെന്‍റ് കാണിച്ച ആനമണ്ടത്തരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന നോട്ട് പിന്‍വലിക്കലിനെ ന്യായീകരിക്കുവാന്‍ കഷ്ടപ്പെട്ട സാന്പത്തിക കാര്യ സെക്രട്ടറിക്കുള്ള ഉപകാരസ്മരണയാണ് അദ്ദേഹത്തിനു ലഭിച്ച പുതിയ സ്ഥാനലബ്ദിയെന്നാണ് ആര്‍ബിഐ ഗവര്‍ണ്ണറായുള്ള അദ്ദേഹത്തിന്‍റെ നിയമനത്തെപറ്റി ഉയരുന്ന വിമര്‍ശനം.

റിസര്‍വ്വ് ബാങ്കിന്‍റെ കരുതല്‍ ധനത്തില്‍ നിന്ന് മൂന്നുലക്ഷം കോടി രൂപയിലേറെ ധനമന്ത്രാലയത്തിന് നല്‍കണമെന്ന് ജയ്റ്റ്ലിയുടെ ആവശ്യം നിരാകരിച്ച്, കേന്ദ്ര ഗവര്‍മ്മെന്‍റിന്‍റെ അപ്രീതി സംമ്പാദിച്ച ഊര്‍ജിത് പട്ടേലിനു പകരം വിശ്വസ്ത വിധേയനെ തന്നെ ഗവര്‍ണ്ണര്‍ സ്ഥാനം ഏല്‍പ്പിച്ചു കൊടുത്താല്‍ ഭരണഘടന സ്ഥാപനമായ റിസര്‍വ്വ് ബാങ്കും കേന്ദ്ര ഗവര്‍മ്മെന്‍റിന്‍റെ മുന്പില്‍ വിശ്വസ്ത വിധേയനായി നിന്നു കൊള്ളുമെന്നാണ് ശക്തികാന്ത് ദാസിന്‍റെ നിയമനത്തിലൂടെ കേന്ദ്ര ധനകാര്യ മന്ത്രാലയം കരുതുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു.

ബ്യൂറോക്രാറ്റുകളുടെ ബ്യൂറോക്രാറ്റായാണ് ശക്തികാന്ത് ബ്യൂറോക്രാറ്റുകളുടെ ഇടയില്‍ അറിയപ്പെടുന്നത്. തന്ത്രശാലിയും ജയറ്റ്ലിയുടെ അടുത്ത സുഹൃത്തുമായ അദ്ദേഹം ഒഡീഷ സ്വദേശിയാണ്. ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും 1980 ബാച്ചില്‍ ഐഎഎസും നേടി തമിള്‍നാട് കേഡറില്‍ പ്രവേശിച്ച അദ്ദേഹം ഡിണ്ടിഗല്‍, കാഞ്ചീപുരം ജില്ലകളിലെ ജില്ലാ ഭരണാധികാരിയായും പിന്നീട് പ്രിന്‍സിപ്പല്‍ സെക്രട്ടറി(Industries), സ്പെഷ്യല്‍ കമ്മീഷണര്‍ (Revenue), സെക്രട്ടറി(Revenue) സെക്രട്ടറി (Commercial Taxes). എന്നീ നിലകളിലേക്ക് വളര്‍ന്നു. അക്കാലങ്ങളില്‍ ശക്തികാന്തിന്‍റെ ചിലനടപടികള്‍ വിവാദങ്ങളിലേക്ക് നയിച്ചുവെങ്കിലും ഫിനാന്‍സ് വകുപ്പ് അദ്ദേഹത്തിന് ക്ലന്‍ചിറ്റ് നല്‍കി സംരക്ഷിക്കുകയായിരുന്നു.

രണ്ടാം യുപിഎ ഗവര്‍മ്മെന്‍റിന്‍റെ കാലത്ത് 2008ല്‍ കെമിക്കല്‍ ആന്‍റ് ഫെര്‍ട്ടിലൈസേര്‍സ് മന്ത്രലയത്തില്‍ ജോ.സെക്രട്ടറിയായി ഡല്‍ഹിയിലെത്തിയ അദ്ദേഹം മോദി ഗവര്‍മ്മെന്റിന്‍റെ കാലത്ത് ഭരണ സിരാകേന്ദ്രമായ സൗത്ത് ബ്ലോക്കിലെത്തി. പിന്നീട് നോട്ട് നിരോധനത്തിന്‍റെ കാലത്താണ് ശക്തികാന്ത് പ്രത്യക്ഷപ്പെടുന്നത്.

നോട്ട് നിരോധനത്തിന്‍റെ പേരില്‍ മോദി വിമര്‍ശിക്കപ്പെട്ടപ്പോള്‍ അന്നത്തെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ഊര്‍ജിത് പട്ടേല്‍ മോദിയെ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നില്ലന്ന് ആരോപിച്ച് മോദി അനുകൂലികളായ ഒരു സംഘം ഐഎഎസ് ഉദ്യോഗസ്ഥരുടെ ഫ്രാക്‍ഷന്‍ രൂപീകരിച്ച് രംഗത്തുവന്ന ശക്തികാന്തായിരുന്നു പിന്നീടുള്ള നാളുകളില്‍ കേന്ദ്ര ഗവര്‍മ്മെന്‍റിന്‍റെ മുഖം. നോട്ടു നിരോധനത്തെ ശക്തമായി ന്യായീകീരിച്ചു കൊണ്ട് മാധ്യമങ്ങള്‍ക്ക് മുന്പില്‍ സ്ഥിരം പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നത് ശക്തികാന്ത് ആയിരുന്നു. നോട്ട് നിരോധനത്തിന്‍റെ നാളുകളില്‍ ജനങ്ങള്‍ ബാങ്കുകളുടെ മുന്പില്‍ ക്യൂ നിന്നു വലഞ്ഞപ്പോള്‍ അതിനെപറ്റി ബാങ്കുകള്‍ക്കും എ ടി എമ്മുകള്‍ക്കും മുന്നിലെ നീണ്ട വരികള്‍ക്കു കാരണം ഒരേ ആളുകള്‍ തന്നെ വ്യത്യസ്ത സ്ഥലങ്ങളില്‍ വീണ്ടും വീണ്ടും വരുന്നതാണെന്ന വിവാദ പ്രസ്ഥാവന നടത്തി അപഹാസ്യനായ അന്നത്തെ ഇക്കണോമിക്‍ അഫയേര്‍ഷ്സ് സെക്രട്ടറി ശക്തികാന്ത ദാസ് തന്നെയാണ് ഇന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ആയി നിയമിതനായിരിക്കുന്നതെന്ന് അറിയുമ്പോളാണ്‌ അദ്ദേഹത്തിന്റെ നിയമനത്തിനു പിന്നിലെ ഉദ്ദേശ ശുദ്ധിയെ പറ്റി സംശയം ഉയരുന്നത്.

സാന്പത്തിക വിദഗ്ധരില്‍ നിന്ന് ഐഎഎസ് ഉദ്യോഗസ്ഥരിലേക്ക് റിസര്‍വ്വ് ബാങ്കിന്‍റെ ഭരണം മോദി ഗവര്‍മ്മെന്‍റ് മാറ്റുമ്പോള്‍, റിസര്‍വ്വ് ബാങ്കിന്‍റെ സ്വയം ഭരണാധികാരം സംരക്ഷിക്കുവാന്‍ താന്‍ പ്രതിജ്ഞാബദ്ധന്‍ ആയിരിക്കുമെന്ന് ഭരണചുമതല ഏറ്റെടുത്തിനു ശേഷം ശക്തികാന്ത് നടത്തിയ പ്രസ്ഥാവന എത്രമാത്രം പ്രയോഗികമാക്കുവാന്‍ അദ്ദേഹത്തിനു കഴിയും എന്ന് നേരിട്ട് കാണേണ്ട കാര്യമാണ്. ഭരണഘടന സ്ഥാപനങ്ങളുടെ സ്വയം ഭരണാധികാരം തകര്‍ത്ത് തങ്ങള്‍ക്ക് വിധേയമാക്കുന്ന മോദിയുടെ രാഷ്ട്രീയ നയത്തിന്‍റെ ഭാഗമാണോ ആര്‍ബിഐയിലെ ഈ ഐഎഎസ് വത്കരണം എന്ന് കാലം തെളിയിക്കട്ടെ.