മഹാമാരിക്കാലത്തും കേന്ദ്ര സര്‍ക്കാര്‍ കൊള്ള തുടരുന്നു. ഇത്തവണ കൂട്ടിയത് പാചകവാതക വില.
മഹാമാരിക്കാലത്തും കേന്ദ്ര സര്‍ക്കാര്‍ കൊള്ള തുടരുന്നു. ഇത്തവണ കൂട്ടിയത് പാചകവാതക വില. 14.2 കിലോ ഗാർഹിക സിലിൻഡറുകളുടെ വില 25.50 രൂപയും വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോ സിലിൻഡറിന് 76 രൂപയുമാണ് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ 14.2 കിലോ സിലിൻഡറിന് വില 834.50 രൂപയും 19 കിലോ സിലിൻഡറിന് 1550 രൂപയുമായി. കൊച്ചിയിലിത് യഥാക്രമം 841.50 രൂപയും 1550 രൂപയുമാണ്. ചെന്നൈയിലാണ് ഗാർഹികാവശ്യങ്ങൾക്കുള്ള സിലിൻഡറിന് ഏറ്റവുംകൂടിയ വില -850.50 രൂപ. കഴിഞ്ഞ ഡിസംബർ മുതൽ ഇങ്ങോട്ട് കൂട്ടിയത് 240.50 രൂപ. വിതരണ ഏജൻസികളുടെ ട്രാൻസ്പോർട്ടിംഗ് ചാർജ് കൂടിയാകുമ്പോൾ വില പലേടത്തും 900 കടക്കും. പൊതുമേഖലാ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്. രാജ്യത്തിന്‍റെ പലഭാഗത്തും പെട്രോള്‍ വില ലിറ്ററിന് 101 കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് പാചകവാതക വിലയിലും ഗണ്യമായ വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്.
ആറുമാസത്തിനിടെ ഗാർഹിക പാചകവാതകത്തിന് വർധിച്ചത് 140 രൂപയാണ്. ഫെബ്രുവരി നാലിന് 25 രൂപ, 15-ന് 50 രൂപ, ഫെബ്രുവരി 25-നും മാർച്ച് ഒന്നിനും 25 രൂപ എന്നിങ്ങനെയാണ് മുമ്പ് വില കൂട്ടിയത്. ഇതിനിടയില്‍ അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞതിനാൽ 10 രൂപ കുറച്ചിരുന്നു. എന്നാല്‍ ആ വിലക്കുറവ് അപ്രസക്തമാക്കുന്ന വിധത്തിലാണ് ഇപ്പോള്‍ പാചകവാതക വില കുത്തനെ കൂട്ടിയിരിക്കുന്നത്. എല്ലാമാസവും ഒന്നാംതീയതി പാചകവാതകത്തിന്റെ വില വർധിപ്പിക്കുമെന്ന് സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഒന്നാം തീയതി വിലകൂട്ടിയത്. ഇന്ധന വില ആകട്ടെ ഈ വർഷം മാത്രം 56 തവണയാണു കൂട്ടിയത്. നിയമസഭാ തെരഞ്ഞെടുപ്പുകാലത്തു നിർത്തിവച്ച ശേഷം ഇന്ധനവില കഴിഞ്ഞ മേയ് നാലു മുതൽ മാത്രം 33 തവണ വില കൂട്ടി.
വിലവര്‍ദ്ധനവിനൊപ്പം ജനങ്ങളെ പറഞ്ഞു പറ്റിച്ചിരിക്കുകയാണ് മോദി സര്‍ക്കാര്‍. ബഹുഭൂരിപക്ഷം ഉപഭോക്താക്കളേയും യാതൊരു മുന്നറിയിപ്പുമില്ലാതെ സബ്സിഡിയില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. 2020-21 ഏപ്രിൽ-ജൂണിൽ സബ്‌സിഡിയായി കേന്ദ്രം നൽകിയത് 2,573 കോടി രൂപയായിരുന്നുവെങ്കില്‍ ജൂലായ്-സെപ്‌തംബറിൽ സബ്സിഡിച്ചെലവ് 445 കോടിയായി താഴ്‌ന്നു. ഒക്‌ടോബർ-ഡിസംബറിൽ 345 കോടിയായും; ജനുവരി-മാർച്ചിൽ അത് 196 കോടിയായും കുറഞ്ഞു. അതായത് രാജ്യത്തെ സാധാരണക്കാര്‍ക്ക് പാചക വാതക സബ്സിഡി ലഭിക്കുന്നില്ല എന്നര്‍ത്ഥം. സബ്സിഡി ഉപഭോക്താവിന്‍റെ അക്കൗണ്ടില്‍ നേരിട്ടെത്തുമെന്ന് ജനങ്ങളെ പറഞ്ഞുപറ്റിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. അതിനു ശേഷമാണ് പാചകവാതക വില കുത്തനെ കൂട്ടിയും ജനങ്ങളെ കൊള്ളയടിക്കുന്നത്.