ജോയ് ആലുക്കാസിന്റെ കൊട്ടാര സദൃശ്യമായ വീടുൾപ്പെടെ 305 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി.

Print Friendly, PDF & Email

രാജ്യത്ത് വിവിധ നഗരങ്ങളിലായി 85ഉം വിദേശ രാജ്യങ്ങളില്‍ 45ഉം ഷോറൂമുകൾ പ്രവർത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിലർമാരിൽ ഒന്നും കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോയ് ആലുക്കാസിൽ നടത്തിയ റെയിഡിനോനുബന്ധിച്ച് 305 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. തൃശ്ശൂരിലെ ശോഭാ സിറ്റിയിൽ 52,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന കൊട്ടാര സദൃശ്യമായ ജോയ് ആലുക്കാസിന്റെ വീടു (ചീഫ് മാനേജിംഗ് ഡയറക്ടർ, Joy Alukkas India Pvt Ltd) ഉൾപ്പെടെ 81.54 കോടി രൂപ വിലമതിക്കുന്ന 33 സ്ഥാവര സ്വത്തുക്കളും 91.22 ലക്ഷം രൂപ നിക്ഷേപമുള്ളമൂന്ന് ബാങ്ക് അക്കൗണ്ടുകളും, 5.58 കോടി രൂപയുടെ മൂന്ന് സ്ഥിരനിക്ഷേപങ്ങളും ജോയ് ലുക്കാസിന്റെ ഓഹരികളും ഉൾപ്പെടെ 305.84 കോടി രൂപയുടെ ആസ്തികളാണ് ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ (ഫെമ) സെക്ഷൻ 37 എ പ്രകാരം അറ്റാച്ച് ചെയ്തത് എന്ന് ED പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഫെബ്രുവരി 22 ബുധനാഴ്ച ആയിരുന്നു ഇന്ത്യയിലും പശ്ചിമേഷ്യയിലും ഔട്ട്‌ലെറ്റുകളും കേരളം ആസ്ഥാനവും ആയുള്ള ജ്വല്ലറി ശൃംഖലയുടെ നിരവധി ഓഫീസുകളിൽ ആണ് പരിശോധന നടത്തിയത്. ജ്വല്ലറി ഭീമൻ അതിന്റെ 2,300 കോടി രൂപയുടെ ഐപിഒ (initial public offering) പിൻവലിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു റെയിഡ്. കള്ളപ്പണം വെളുപ്പിക്കൽ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) ലംഘനം, ദുബായിലേക്ക് വൻതോതിൽ ഹവാല ഫണ്ട് കൈമാറ്റം തുടങ്ങിയ ആരോപണങ്ങളെ തുടർന്നാണ് പരിശോധന നടത്തിയത്. സിഎംഡിയുടെ (ചീഫ് മാനേജിംഗ് ഡയറക്ടർ) മാൻഷൻ ഉൾപ്പെടെ ജ്വല്ലറി ഗ്രൂപ്പിന്റെ അഞ്ച് സ്ഥലങ്ങളിൽ റെയ്ഡ് നടന്നതായി വൃത്തങ്ങൾ പറഞ്ഞു. പരിശോദനയിൽ രേഖകളും ഇലക്ട്രോണിക്, കംപ്യൂട്ടർ ഉപകരണങ്ങളും പിടിച്ചെടുത്തതായും ചോദ്യം ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് ശേഖരിച്ച വസ്തുക്കളും തെളിവുകളും പരിശോധിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.

മാർക്കറ്റ് റെഗുലേറ്റർ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) വെബ്‌സൈറ്റിലെ റിപ്പോർട്ട് അനുസരിച്ച് ജോയ്ആലുക്കാസ് ചൊവ്വാഴ്ച 2,300 കോടി രൂപയുടെ ഐപിഒ പിൻവലിച്ചിരുന്നു. വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനു മുമ്പ് സാമ്പത്തിക ഫലങ്ങളിൽ ചില കാര്യമായ മാറ്റങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരാൻ കൂടുതൽ സമയം ആവശ്യമാണെന്ന് ആയിരുന്നു അവർ അതിനു നൽകിയ വിശദീകരണം. വിപണി സാഹചര്യങ്ങൾക്ക് വിധേയമായി എത്രയും പെട്ടെന്ന് ഐപിഒ രേഖകൾ റീഫിൽ ചെയ്യാനാണ് പദ്ധതിയെന്ന് ജോയ് ആലുക്കാസ് ചീഫ് എക്സിക്യൂട്ടീവ് ബേബി ജോർജ് പറഞ്ഞു. 2022-ൽ, കമ്പനി അതിന്റെ ഡ്രാഫ്റ്റ് റെഡ്-ഹെറിംഗ് പ്രോസ്‌പെക്‌റ്റസ് (DRHP) ഒരു പബ്ലിക് ഇഷ്യൂ വഴി ഫണ്ട് സ്വരൂപിക്കുന്നതിനായി മാർക്കറ്റ് റെഗുലേറ്ററിന് സമർപ്പിച്ചിരുന്നു.

2022 മാർച്ചിൽ സമർപ്പിച്ച കമ്പനിയുടെ ഡ്രാഫ്റ്റ് പ്രോസ്പെക്ടസ് അനുസരിച്ച്, പ്രാരംഭ ഓഹരി വിൽപ്പനയിൽ നിന്നുള്ള വരുമാനം ചില വായ്പകൾ തിരിച്ചടയ്ക്കാനും പുതിയ സ്റ്റോറുകൾ തുറക്കാനും ഉപയോഗിക്കണം. എന്നാൽ ആ പണം ഹവാല ആയി രാജ്യത്തിനു പുറത്തേക്ക് കടത്തിയെന്ന ആരോപണത്തിലാണ് ഇഡിയുടെ പരിശോദന. 300 കോടി രൂപയിലധികം മൂല്യമുള്ള ഹവാല ഇടപാടുകളാണ് നടന്നതെന്ന് ഇഡി സംശയിക്കുന്നു. ഹവാല വഴി ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് വൻ തുക കൈമാറ്റം ചെയ്യപ്പെടുകയും പിന്നീട് ജോയ് ആലുക്കാസ് വർഗീസിന്റെ 100 ശതമാനം ഉടമസ്ഥതയിലുള്ള ദുബായിലെ ജോയ് ആലുക്കാസ് ജ്വല്ലറി എൽഎൽസിയിൽ നിക്ഷേപിക്കുകയും ചെയ്തതാണ് കേസ്. ദുബായിലെ ജോയ്‌ആലുക്കാസ് ജ്വല്ലറി എൽഎൽസിയിൽ നിക്ഷേപിച്ച ഫണ്ടിന്റെ ഗുണഭോക്താവായ ഉടമ വർഗീസ് ആണെന്നാണ് ആരോപണം.