കേരളത്തില്‍ നിന്നുള്ള യാത്രക്കാർക്ക് കര്‍ശന നിയന്ത്രണവുമായി കര്‍ണാടക.

Print Friendly, PDF & Email

കേരളത്തില്‍ നിന്നുള്ള യാത്രക്കാർക്ക് കര്‍ശന നിയന്ത്രണവുമായി കര്‍ണാടക. സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്‌സിന്‍ എടുത്ത രേഖയോ നിര്‍ബന്ധമാണെന്ന് കര്‍ണാടക സർക്കാർ അറിയിച്ചു. കേരളത്തില്‍ കോവിഡ് ഡല്‍റ്റാവകഭേദം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കേരളത്തില് നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ണാടക നിയന്ത്രണം കടുപ്പിച്ചത്.

72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് ആര്‍ടി-പിസിആര്‍ പരിശോധന സര്‍ട്ടിഫിറ്റ് കൈവശമുള്ള യാത്രക്കാര്‍ക്ക് മാത്രമേ വിമാനക്കമ്പനികള്‍ ബോര്‍ഡിംഗ് പാസുകള്‍ നല്‍കാവൂ. ട്രെയിനില്‍ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരുടെ കൈയിലും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെന്ന് റെയില്‍വേ അധികൃതര്‍ഉറപ്പുവരുത്തണം. ബസ്സില്‍ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരുടെ പക്കലും സര്‍ട്ടിഫിക്കറ്റുണ്ടെന്ന് ബസ് കണ്ടക്ടര്‍ ഉറപ്പാക്കണം എന്നും കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്തേക്ക് ഇടയ്ക്ക് വന്നുപോകുന്ന വിദ്യാര്‍ത്ഥികള്‍, വ്യാപാരികള്‍ എന്നിവര്‍ രണ്ടാഴ്ച കൂടുമ്പോൾ പരിശോധന നടത്തണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ടുവയസില്‍ താഴെയുള്ള കുട്ടികള്‍ക്കും, മരണ / ചികിത്സ സംബന്ധമായ ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ക്കും മാത്രം ഇളവ് അനുവദിക്കും.

അതിര്‍ത്തി ജില്ലകളായ ദക്ഷിണ കന്നഡ, കൊടഗു, ചാമ്‌രാജ് നഗര എന്നിവിടങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കും.കര്‍ണാടകയില്‍ പ്രവേശിക്കുന്ന എല്ലാവരേയും പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ ഉദ്യോഗസ്ഥരെ ചെക്ക് പോസ്റ്റുകളില്‍ വിന്യസിക്കാന്‍ ഇവിടങ്ങളിലെ ഡപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കണമെന്നും ഉത്തരവിലുണ്ട്‌.

  •  
  •  
  •  
  •  
  •  
  •  
  •