സീറ്റു വിഭജനം കീറാമുട്ടിയായി ഇരുമുന്നണികളും

Print Friendly, PDF & Email

സീറ്റ് വിഭജനത്തില്‍ തീരുമാനമാകാതെ ഇരുമുന്നണികളും. ഇന്നു നടന്ന രണ്ടാം ഘട്ട ചര്‍ച്ചയിലും എല്‍ഡിഎഫ്ല്‍ സമവായായില്ല. യുഡിഎഫിലാകട്ടെ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പില്‍ തട്ടി ചര്‍ച്ച വഴിമുട്ടിയിരിക്കുകയാണ്. കേരള കോൺഗ്രസ് എമ്മിന് വിട്ട് നൽകുന്ന സീറ്റുകളില്‍ നടന്ന ചര്‍ച്ചയും സിപിഐയുമായി ഇന്നു നന്ന ചര്‍ച്ചകളും തീരുമാനമാകാതെ പിരിഞ്ഞു. കഴിഞ്ഞ തവണ 27 സീറ്റുകളിൽ മത്സരിച്ച സിപിഐക്ക് കുറഞ്ഞത് രണ്ടുസീറ്റുകൾ കുറയും. ഇക്കാര്യത്തിൽ എതിർപ്പ് പ്രകടിപ്പിക്കാതിരുന്ന കാനം രാജേന്ദ്രൻ, കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും കേരളാ കോൺഗ്രസ് എമ്മിന് വിട്ടുകൊടുക്കുമ്പോൾ അതേ ജില്ലകളിൽ പകരം സീറ്റുകൾ വേണമെന്ന് ആവശ്യപ്പെട്ടു. പൂഞ്ഞാറോ ചങ്ങനാശേരിയോ ആണ് കാഞ്ഞിരപ്പള്ളിക്ക് പകരം ആവശ്യപ്പെടുന്നത്. ഇരിക്കൂറിനു പകരം കണ്ണൂരും.

ജനതാദൾ എസിനും ജെഡിഎസിനും നാലുവീതവും എൻസിപിക്ക് മൂന്നു സീറ്റുകളിലുമാണ് ഉറപ്പുലഭിച്ചത്. ജനാധിപത്യ കേരളാ കോൺഗ്രസിന് ഒരു സീറ്റിൽ ഒതുങ്ങേണ്ടി വരും. കൂത്തുപറമ്പ്, വടകര, കൽപറ്റ സീറ്റുകൾ എൽജെഡിക്ക് സിപിഐഎം ഉറപ്പുനൽകി. ഒരു സീറ്റുകൂടി ലഭിക്കുമെങ്കിലും, തെക്കൻകേരളത്തിൽ വേണമെന്ന ആവശ്യത്തിലാണ് എൽജെഡി. തിരുവല്ല, ചിറ്റൂർ, കോവളം, അങ്കമാലി സീറ്റുകളാണ് ജനതാദൾ എസിന്. സി.കെ.നാണുവിന്റെ സിറ്റിംഗ് സീറ്റായ വടകര വേണമെന്ന ആവശ്യം ജെഡിഎസ് ഉന്നയിച്ചിട്ടുണ്ട്. എൻസിപിക്ക് കോട്ടക്കൽ ഉൾപ്പെടെ മൂന്നു സീറ്റുകൾ ലഭിക്കും. കുട്ടനാടോ, എലത്തൂരോ വെച്ചുമാറണമെന്ന ആഗ്രഹം സിപിഐഎം പ്രകടിപ്പിച്ചു. കഴിഞ്ഞ തവണ നാല് സീറ്റിൽ മത്സരിച്ച ജനാധിപത്യ കേരളാ കോൺഗ്രസിന് ഇക്കുറി തിരുവനന്തപുരം സീറ്റുമാത്രമാണ് സിപിഐഎം കരുതിവെച്ചിരിക്കുന്നത്. കേരളാ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലെ ഒരു സീറ്റ് നിർബന്ധമായും വേണമെന്ന ആവശ്യം അവർ ഉന്നയിച്ചു. കേരളാകോൺഗ്രസ് എമ്മുമായി നാളെ നടത്തുന്ന ഉഭയകക്ഷി ചർച്ചക്കുശേഷമേ സീറ്റുവിഭജനത്തിൽ അന്തിമതീരുമാനമാകൂ. പത്തിന് എല്ലാ സീറ്റുകളിലേയും സ്ഥാനാർഥികളെ ഒന്നിച്ചുപ്രഖ്യാപിക്കാനാണ് എൽഡിഎഫ് ശ്രമം.

യുഡിഎഫിലും ചര്‍ച്ച വഴിമുട്ടിയിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് നല്‍കുന്ന സീറ്റുകളുടെ കാര്യത്തിലാണ് തര്‍ക്കം പരിഹരിക്കപ്പെടാതെ തുടരുന്നത്. ജോസഫ് ഗ്രൂപ്പുമായി രണ്ടു വട്ടം കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. 12 സീറ്റെന്ന ആവശ്യത്തിൽ ജോസഫ് പക്ഷം ഉറച്ചു നിന്നപ്പോൾ 9 സീറ്റേ നൽകാനാവൂ എന്ന നിലപാടായിരുന്നു കോൺഗ്രസിന്റേത്. കഴിഞ്ഞ തവണ കേരള കോൺഗ്രസ് മത്സരിച്ച 15 സീറ്റിൽ പാലാ, ആലത്തൂർ, തളിപ്പറമ്പ് സീറ്റുകൾ വേണ്ടെന്ന് ജോസഫ് ഗ്രൂപ്പ് കോൺഗ്രസ് നേതാക്കളെ അറിയിച്ചു. ശേഷിക്കുന്ന പന്ത്രണ്ട് സീറ്റിൽ രണ്ടെണ്ണം വച്ചു മാറാം. മൂവാറ്റുപുഴ, തിരുവമ്പാടി സീറ്റുകൾ നൽകണം. കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും ജോസഫ് ഗ്രൂപ്പിന് ലഭിക്കില്ല. ജില്ലയിലെ മറ്റു സീറ്റുകൾക്കൊപ്പം ഇവയിലൊന്നേ നൽകാനാവൂ എന്നാണ് കോൺഗ്രസ് നിലപാട്. മാണി സി കാപ്പനുമായുള്ള ചർച്ചയിലും ധാരണയായില്ല. മൂന്ന് സീറ്റ് വേണമെന്ന് കാപ്പനും പാലാ മാത്രം നൽകാമെന്ന് കോൺഗ്രസും നിലപാടെടുത്തു. ഉഭയകക്ഷി ചർച്ചകൾ പൂർത്തീകരിച്ച് ബുധനാഴ്ച സീറ്റ് വിഭജനം പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നീക്കം.

  •  
  •  
  •  
  •  
  •  
  •  
  •