കുന്നോത്ത് ഫൊറോന പള്ളിയിലെ ആൾക്കൂട്ട ആക്രമണം. പ്രതികളെ രക്ഷിക്കാന്‍ ഒത്താശ ചെയ്ത് പോലീസ്.

Print Friendly, PDF & Email

വടക്കേ ഇന്ത്യയിൽ കേട്ടു പരിചയിച്ച ആൾക്കൂട്ട ആക്രമണം ഇങ്ങ് കേരളത്തില്‍ അരങ്ങേറിയിട്ട് ഒരാഴ്ചയായെങ്കിലും പ്രതികള്‍ക്കെതിരെ നടപടികളൊന്നുമെടക്കാതെ പ്രശ്നം തേച്ചുമായിച്ചു കളയുവാനുള്ള നീക്കത്തിലാണ് പോലീസ്. വടക്കേ ഇന്ത്യയില്‍ പലപ്പോഴും ആള്‍ക്കൂട്ടാക്രമണം നടത്തുന്നത് വിദ്യാഭ്യാസം കുറഞ്ഞ ഗ്രാമീണരും മത തീവ്രവാദം തലക്കുപിടിച്ച ചില തീവ്രവാദി ക്കൂട്ടങ്ങളുമാണെങ്കില്‍ ഇങ്ങ് കേരളത്തില്‍ ആള്‍ക്കൂട്ടാക്രമണം നടത്തിയത് പോലീസിന്‍റെ സാന്നിദ്ധ്യത്തില്‍ ക്രൈസ്തവ ഗുണ്ടായിസത്തിലൂടെയാണെന്ന് മാത്രം.

ക്രൈസ്തവ സ്നേഹത്തിന് പുതിയ ഭാഷ്യം ചമച്ച കുന്നോത്ത് സെന്‍റ് തോമസ് ഫൊറോന പള്ളി വികാരി
അഗസ്റ്റിന്‍ പാണ്ടിയാംമാക്കല്‍

തലശ്ശേരി രൂപതയിലെ കുന്നോത്ത് സെന്‍റ് തോമസ് ഫൊറോന പള്ളിയിലാണ് ക്രൈസ്തവരുടെ മുഴുന്‍ തലതാഴ്ത്തിയ ആൾക്കൂട്ട ആക്രമണം അരങ്ങേറിയത്. കുന്നോത്ത് ഫൊറോന പള്ളിയുടെ കീഴിലുള്ള വാണിയപ്പാറ ഇടവകാംഗമായ ജീൽസ് ഉണ്ണിമാക്കലിനാണ് ഈ ദുരന്തം നേരിടേണ്ടി വന്നത്. കാന്‍സര്‍ ബാധിച്ച് മരണാസനനായ പതിനാറുകാരന് കുമ്പസാരവും കുര്‍ബാനയും അന്ത്യകൂദാശയും അടക്കമുള്ള അവസാന ആഗ്രഹങ്ങള്‍ വൈകിപ്പിക്കുകയും കുട്ടിയുടെ മരണാനന്തര കര്‍മ്മങ്ങളില്‍ പങ്കെടുക്കാതെ വീട്ടുകാരെ അവഗണിക്കുകയും ചെയ്ത പള്ളിവികാരി അഗസ്റ്റിന്‍ പാണ്ടിയാംമാക്കലിനെ ഫെയ്‌സ്ബുക്കിലൂടെ വിമര്‍ശിച്ചതിനാണ് ജില്‍സനെതിരെ ആള്‍ക്കൂട്ട ആക്രമണം നടത്തിയത്.

കുന്നോത്ത് ഇടവകാംഗമായ മാത്യു ചേരുപറമ്പിൽന്‍റെ 16 വയസുള്ള മകന്‍ കാന്‍സര്‍ മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പാലീയേറ്റീവ് കെയര്‍ മാത്രമേ ഇനി കുട്ടിക്ക് കൊടുക്കേണ്ടതുള്ളൂ എന്ന് പറഞ്ഞ് വീട്ടിലേക്ക് പറഞ്ഞുവിട്ടിരുന്നു. കാന്‍സര്‍ പിടിപെട്ട് ഒരു കാല്‍ മുറിച്ച് മാറ്റപ്പെട്ട് മരണാസനനായി വീട്ടില്‍ കഴിയുന്ന പതിനാറുകാരന് രോഗീലേപനവും കുര്‍ബാനയും കുമ്പസാരവും നല്‍കണമെന്ന പിതാവിന്റെ ആവശ്യം വികാരി അഗസ്റ്റിന്‍ പാണ്ടിയാംമാക്കല്‍ വച്ചു താമസിപ്പിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. വൈദികന്റെ അടുക്കല്‍ കുട്ടിയുടെ പിതാവ് മാത്യൂ ചേരുപറമ്പില്‍ പല തവണ കരഞ്ഞുകൊണ്ട് അപേക്ഷിച്ചിട്ടും വാഹനം അടക്കമുള്ള സൗകര്യങ്ങള്‍ നല്‍കാമെന്നു പറഞ്ഞിട്ടും അദ്ദേഹം ചെവിക്കൊണ്ടില്ല. വേണമെങ്കില്‍ കുട്ടിയുമായി പള്ളിയിലേക്ക് ചെല്ലാനായിരുന്നു വൈദികന്റെ കല്പന. ഒടുവില്‍ 33-ാം ദിവസം കുട്ടി അബോധാവസ്ഥയില്‍ ആയതിനു ശേഷമാണ് കുട്ടിക്ക് കൂദാശകള്‍ നല്‍കുവാന്‍ വൈദികന്‍ തയ്യാറായത്.

വൈകാതെ ജനുവരി അഞ്ചിന് കുട്ടി മരിച്ചു. സംസ്‌കാരം കഴിഞ്ഞ് ഏഴാം ദിനത്തില്‍ വീട് വെഞ്ചിരിപ്പ് അടക്കമുള്ള കര്‍മ്മങ്ങള്‍ക്ക് എത്തണമെന്ന് പിതാവ് മാത്യൂ വൈദികനോടും സഹവികാരിയോടും ആവശ്യപ്പെടുകയും. കുര്‍ബാനയ്ക്കും ഒപ്പീസിനുമുളള പണം ഏല്പിക്കുകയും ചെയ്തു. എന്നാല്‍ രണ്ടു പേരും അന്നേദിവസം വീട്ടില്‍ ചെന്നില്ല. തുടര്‍ന്ന് വീട്ടില്‍ വന്ന മറ്റൊരു വൈദികനാണ് കര്‍മ്മങ്ങള്‍ നടത്തിക്കൊടുത്തത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മാത്യൂ ചേരുപറമ്പില്‍ തലശേരി ബിഷപ്പ് ജോർജ് ഞരളക്കാട്ട്നെ കണ്ട് പരാതി പറയുകയും തുടര്‍ന്ന് ബിഷപ്പ് പരാതിക്കാരനായ മാത്യു ചേരുപറമ്പിൽനോട് വികാരിക്കു വേണ്ടി മാപ്പു പറയുകയും ചെയ്തിരുന്നു. കുട്ടിയുടെ 41ാം ചരമദിനത്തിന്റെ ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം മാത്യൂ ചേരുപറമ്പില്‍ സുഹൃത്തക്കള്‍ക്കൊപ്പം വികാരി അഗസ്റ്റിന്‍ പാണ്ടിയാംമാക്കലിനെ കാണാന്‍ ചെന്നുവെങ്കിലും അദ്ദേഹം സ്ഥലത്തില്ലെന്ന് കൈക്കാരന്‍ അറിയിച്ചു. എന്നാല്‍ വികാരി സ്ഥലത്തുണ്ടെന്ന് അറിയാമായിരുന്ന മാത്യൂവും കൂട്ടരും വൈദികനെ കാണാതെ മടങ്ങില്ലെന്ന് അറിയിച്ചതോടെ പള്ളിമുറിയില്‍ നിന്നും വികാരി ഇറങ്ങിവന്നു ചര്‍ച്ചയ്ക്ക് തയ്യാറായി എന്ന് മാത്യു പറയുന്നു. ഈ സംഭാഷണം മാത്യു റിക്കാര്‍ഡ് ചെയ്തു സൂക്ഷിച്ചിരുന്നു.

കുന്നോത്ത് ഇടവകയുടെ കീഴിലുള്ള സെൻ്റ് ജൂഡ് തീർത്ഥാലയത്തിൻ്റെ നിർമ്മാണ കമ്മറ്റി അംഗമായിരുന്ന മാത്യുവിന് കണക്കിൽ ചില ആക്ഷേപങ്ങളും സംശയങ്ങളുമുണ്ടായിരുന്നു. നാളിതുവരെയായിട്ടും കണക്കവതിരിപ്പിക്കുവാന്‍ പോലും പള്ളിവികാരി അഗസ്റ്റിന്‍ പാണ്ടിയാംമാക്കല്‍ തയ്യാറായില്ല എന്ന് പറയപ്പെടുന്നു. ഒമ്പത് തവണ പള്ളിയുടെ കൈക്കാരന്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ള മാത്യു; വികാരിയുടെ ഈ നടപടി വിമര്‍ശക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതാണ് വികാരിയെ ചൊടിപ്പിച്ചതെന്ന് പറയപ്പെടുന്നു. കുന്നോത്ത് പള്ളിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് വികാരിക്ക് തന്നോടുള്ള വൈരാഗ്യത്തിന് കാരണമെന്ന് മാത്യു പറയുന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം നിര്‍മ്മാണ കമ്മറ്റിയില്‍ രണ്ടുപേരെ പുതുതായി ചേര്‍ക്കാന്‍ വികാരി ശ്രമിച്ചത് തടഞ്ഞതിന് തന്നെ മുന്പ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മാത്യൂ പരാതിപ്പെടുന്നു.

പിറ്റെ ഞായറാഴ്ച തന്നെ വികാരിയച്ചൻ മാത്യുവിനെതിരെ പള്ളിയിൽ വിദ്വേഷപ്രസംഗം നടത്തുകയും ഫൊറോനയിലെ 14 പള്ളികളിലും മാത്യുവിനെതിരെ പ്രസംഗം നടത്തുകയും സർക്കുലർ വായിക്കുകയും ചെയ്തതായി ആരോപിക്കപ്പെടുന്നു. തുടര്‍ന്ന് വികാരിയോട് ചേര്‍ന്നു നില്‍ക്കുന്ന കൈക്കാരന്മാരേക്കൊണ്ടും കമ്മറ്റിക്കാരേക്കൊണ്ടും തന്‍റെ നേരെ കുപ്രചരണം നടത്തിച്ചെന്ന് മാത്യു ആരോപിക്കുന്നു. ഇതോടെ മുന്പു റിക്കോര്‍ഡ് ചെയ്തു വച്ച വീഡിയോ പുറത്തു വിടുവാന്‍ മാത്യു നിര്‍ബ്ബന്ധിതനായി. ഈ വീഡിയോ ഷെയര്‍ ചെയ്തു എന്നതായിരുന്നു ജനക്കൂട്ടാക്രമണത്തിന് വിധേയനായ ജില്‍സ് ഉണ്ണിമാക്കന്‍ ചെയ്ത തെറ്റ്.

ഗുണ്ടായിസം കാട്ടിയ ഇടവകാംഗങ്ങളെ അഭിനന്ദിച്ചുകൊണ്ട് ഇടവകാംഗങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍
ഇടവക വികാരി അഗസ്റ്റിന്‍ പാണ്ടിമാക്കല്‍ ഇട്ട അഭിനന്ദന സന്ദേശം

കുന്നോത്ത് ഫൊറോന വികാരി അഗസ്റ്റിന്‍ പാണ്ടിയാംമാക്കലിന്‍റെ ഒത്താശയോടെയാണെന്ന് പറയപ്പെടുന്നു കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം നാലുവണ്ടി ആളുകൾ ജിൽസിൻ്റെ വീട്ടിലെത്തി ഉടൻ പള്ളിയിലെത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സ്വന്തം വണ്ടിയിൽ പള്ളിയിൽ എത്തിയ ജിൽസിനെ പള്ളിമേടയുടെ അകത്ത് പൂട്ടിയിട്ടു മര്‍ദ്ദിക്കുകയും നിര്‍ബന്ധിച്ച് മാപ്പ് എഴുതിക്കുകയും കൈക്കാരനായ നടുവിൽപുറം ജോസിൻ്റെ കാല് പിടിപ്പിച്ച് മാപ്പു പറയിപ്പിക്കുകയും ചെയ്തു. ഈ സമയം ഏതാണ്ട് 50ഓളം ഗുണ്ടകള്‍ പള്ളിമേടക്ക് പുറത്ത് ആക്രോശങ്ങളും ഭീഷണിയുമായി ഭീകരാന്തരീക്ഷവും സൃഷ്ടിച്ച് ഉണ്ടായിരുന്നു. തുടര്‍ന്ന് ഇടവകാംഗങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഗുണ്ടായിസം കാട്ടിയ ഇടവകാംഗങ്ങളെ അഭിനന്ദിച്ചു കൊണ്ട് സന്ദേശം ഇടുവാന്‍ ഇടവക വികാരി അഗസ്റ്റിന്‍ പാണ്ടിമാക്കല്‍ മറന്നില്ല,

പരാതിയുമായി കരിക്കോട്ടക്കരി പോലീസിനെ സമീപിച്ച ആക്രമണത്തിന് ഇരയായ ജിൽസിനെ പ്രതിയാക്കാനാണ് പൊലീസിൻ്റെ ഇപ്പോഴത്തെ ശ്രമം. ഒത്തുതീര്‍പ്പിന് തയ്യാറായില്ലങ്കില്‍ ജീല്‍സന്‍റെ പേരില്‍ 153 A എന്ന വകുപ്പ് ചുമത്തി കേസെടുക്കുമെന്നും തന്‍റെ സ്റ്റേഷന്‍ പരിതിയില്‍ തുടര്‍ന്നുണ്ടാകുവാന്‍ ഇടയുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരവാദി ജില്‍സന്‍ മാത്രമായിരിക്കുമെന്നും ആണ് പോലീസ് ഭീക്ഷണി. നീതിന്യായ വ്യവസ്ഥ നിലനിൽക്കുന്ന ഈ നാട്ടിൽ സഭാ നേതൃത്വത്തില്‍ നിന്ന് അച്ചാരം പറ്റി – കള്ളക്കേസ് എന്ന ഉമ്മാക്കി കാണിച്ച് – വിശ്വാസികളെ നിശബ്ദരാക്കാമെന്ന പോലീസിന്‍റെ മോഹം വെറും വ്യാമോഹം മാത്രമാണ്. മാപ്പു പറയിക്കാൻ ധാർഷ്ട്യത്തോടെ നിന്നു കൊടുത്ത കൈക്കാരന്‍ നടുവിൽപുറം ജോസിനെതിരെയും, ജിൽസിനെ പള്ളിമേടയിൽ പൂട്ടിയിട്ട് അക്രമിച്ച മറ്റുള്ളവർക്കെതിരെയും ക്രിമിനൽ കേസെടുക്കുവാന്‍ പോലീസ് തയ്യാറാകണം. അവരെ അറസ്റ്റു ചെയ്തു ലോക്കപ്പിലിടണം. കാരണം ഇവിടെ നടന്നത് ഒരിക്കലും നടക്കുവാന്‍ പാടില്ലാത്ത മനുഷ്യാവകാശ ലംഘനമാണ്. പൗരന്‍റെ മൗലിക അവകാശങ്ങള്‍ക്കു നേരെയുള്ള കടന്നുകയറ്റമാണ്.

മരണാസനനായി കിടക്കുന്ന മാത്യുവിൻ്റെ മകന് അന്ത്യകൂദാശയും കുമ്പസാരവും മനപ്പൂർവ്വം, വൈരാഗ്യബുദ്ധിയോടെ വച്ചു താമസിപ്പിച്ചതു വഴി കുന്നോത്ത് ഫൊറോന വികാരി അഗസ്റ്റിന്‍ പാണ്ടിമാക്കല്‍ ചെയ്തത് ഗുരുതരമായ കാനൺ നിയമലംഘനം മാത്രമല്ല മനുഷ്യാവകാശ ലംഘനവും കൂടി ആണ്. കൂദാശകള്‍ സ്വീകരിച്ച് മാന്യമായി മരിക്കുക എന്നത് ഒരു വിശ്വാസിയെ സംബന്ധിച്ച് അവകാശമാണ്. വൈദികരുടെ ഔദാര്യമല്ല. വ്യക്തി വിദ്വേഷത്തിന‍്റെ പേരില്‍ വിശ്വാസിയുടെ അവകാശത്തെ ചവുട്ടിമെതിക്കുകയായിരുന്നു ഫോറോന വികാരി അഗസ്റ്റിന്‍ പാണ്ടിമാക്കല്‍ ചെയ്തത്. ആ വൈദികനെതിരെ നാളിതുവരേയായും യാതൊരു നടപടിയും എടുക്കാതെ നിശബ്ദതയുടെ വാത്മീകത്തില്‍ തലപൂഴ്ത്തിയിരിക്കുന്ന തലശ്ശേരി രൂപതയുടേയും അതിന്‍റെ അദ്ധ്യക്ഷന്‍ ബിഷപ്പ് ജോർജ് ഞരളിക്കാട്ടിലിന്‍റേയും നടപടി അപലപനീയമാണ്.

ക്ഷമയുടേയും സ്നേഹത്തിന്‍റേയും പ്രവചകനായ കൃസ്തുവിന്‍റെ പീഢാനുഭവത്തിന്‍റെ സ്മരണകളില്‍ ചാക്കുപുതച്ചും ഭസ്മം പൂശിയും നോമ്പു നോറ്റും മുഴുകിയിരിക്കുന്ന വിശ്വാസികള്‍ക്ക് ക്രൈസ്തവ സ്നേഹത്തിന്‍റെ പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ഫോറോന വികാരി അഗസ്റ്റിന്‍ പാണ്ടിമാക്കലും അനുയായികളും. കുന്നോത്ത് ഇടവകയിലെ വിശ്വാസിക്കൂട്ടത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അവർ തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടു കിട്ടിയ വിശ്വാസ പ്രമാണങ്ങളുടെ ഊരാക്കുടുക്കില്‍പ്പെട്ട് അവരുടെ വികാരിയച്ചനെ അന്ധമായി വിശ്വസിച്ചു പോയി. ആ വിശ്വാസത്തെ മുതലെടുത്ത് വികാരിയച്ചൻ തങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുകയാണെന്ന് അവര്‍ തിരിച്ചറിയുന്നില്ല. തങ്ങൾ പറ്റിക്കപ്പെടുകയാണെന്ന് തിരിച്ചറിയാതെ തല കുനിച്ച് നിന്ന് കൊടുക്കുന്ന ഇത്തരം വിശ്വാസിക്കൂട്ടങ്ങളും “ബറാബാസിനെ ഞങ്ങള്‍ക്കു വിട്ടുതരുക… കൃസ്തുവിനെ ക്രൂശിക്കുക” എന്ന് ആര്‍ത്തട്ടഹസിച്ച ജനക്കൂട്ടവും തമ്മില്‍ എന്താണ് വിത്യാസം?. ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണ്.

മരണാസനനായി കിടക്കുന്ന തന്‍റെ മകന് അന്ത്യകൂദാശ നിക്ഷേധിച്ച വൈദികനോട് പരാതിപെടുന്ന പിതാവിന്‍റെ ഓഡിയോ. പിതാവ് മാത്യു റിക്കാര്‍ഡ് ചെയ്ത് പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിന്‍റെ ഓഡിയോ ക്ലിപ്.

  •  
  •  
  •  
  •  
  •  
  •  
  •