ഇത് പ്രതികാരം ? പ്രയാര്‍ ഗോപാലകൃഷ്ണന്‍ പുറത്തേക്ക്

Print Friendly, PDF & Email

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാലാവധി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ മൂന്ന് വര്‍ഷം ആയിരുന്നത് രണ്ട് വര്‍ഷമായി കുറയ്ക്കാനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനാണ് പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചത്. ഇതോടെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തു നിന്നും പ്രയാര്‍ ഗോപാല കൃഷ്ണനും മറ്റ് ഭരണസിതി അംഗങ്ങളുടെയും കാലാവധി ശനിയാഴ്ച അവസാനിക്കും..
അതേസമയം സര്‍ക്കാരിന്റേത് പ്രതികാര നടപടിയുടെ ഭാഗമാണെന്ന് ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. ആചാരങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങളില്‍ സര്‍ക്കാരിനുള്ള വിയോജിപ്പാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഭരണകാലത്ത് ദേവസ്വം ബോര്‍ഡില്‍ യാതൊരു അഴിമതിയും ഉണ്ടായിരുന്നില്‌ള. അതില്‍ തനിക്ക് അഭിമാനമുണ്ടെന്നും പ്രയാര്‍ കൂട്ടിച്ചേര്‍ത്തു.
1950ലെ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്താണ് കോണ്‍ഗ്രസ് നേതാവായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിതനായത്. തുടര്‍ന്ന് ഇടതു മുന്നണി അധികാരത്തിലെത്തിയതിനു ശേഷം പ്രയാര്‍ ഗോപാലകൃഷ്ണനും സര്‍ക്കാരും തമ്മില്‍ പല കാര്യത്തിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു.
ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ട് വര്‍ഷമായി കുറച്ച സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ സിറ്റിംഗ് ഫീസും ശമ്പളവും സര്‍ക്കാര്‍ തീരുമാനിക്കാനും പ്രത്യേക മന്ത്രിസഭ യോഗം തീരുമാനിച്ചു. തിരുവിതാംകൂര്‍ കൊച്ചി ദേവസ്വം ബോര്‍ഡുകളുടെ പ്രസിഡന്റിന്റെയും അംഗങ്ങളുടേയും ഓണറേറിയം കാലാകാലങ്ങളില്‍ പുതുക്കി നിശ്ചയിക്കാനും സിറ്റിങ് ഫീസ് ഏര്‍പ്പെടുത്താനും സര്‍ക്കാരിന് അധികാരം നല്‍കുന്നതിനുകൂടി ഉദ്ദേശിച്ചാണ് നിയമം ഭേദഗതി ചെയ്യുന്നത്.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply