നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച് ഗവർണർ; ചരിത്രത്തിൽ ആദ്യം
രാജ്യ വ്യാപകമായി പ്രതിഷേധം ഉയർന്നിരിക്കുന്ന കാർഷിക നിയമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ബുധനാഴ്ച ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചു. ഇതേ തുടർന്ന് നാളെ നിയമസഭാ സമ്മേളനം ചേരില്ല. നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ വിശദീകരണം ഗവർണർ തള്ളി. പ്രത്യേക സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ നടപടി.
കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നിയമസഭാ സമ്മേളനം വിളിക്കാൻ സർക്കാർ തീരുമാനിച്ചത്. പ്രതിപക്ഷവും ഇതിനെ പിന്തുണച്ചിരുന്നു. തുടർന്ന് നിയമസഭാ സമ്മേളനത്തിനായി സർക്കാർ ഗവർണറുടെ അനുമതി തേടി. സംഭവത്തിൽ വിശദീകരണം ആരാഞ്ഞ ഗവർണർ അനുമതി നിഷേധിച്ച് ഫയൽ മടക്കി അയയ്ക്കുകയായിരുന്നു.
ഗവർണർ തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുകയാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. എന്തു ചർച്ച ചെയ്യണമെന്ന് മന്ത്രിസഭയാണ് തീരുമാനിക്കുന്നതെന്നും ഗവർണറല്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. ഗവർണർ അനുവാദം നൽകാത്ത സാഹചര്യത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം ഉണ്ടാകില്ലെന്ന് സ്പീക്കറുടെ ഓഫിസ് വ്യക്തമാക്കി.