എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണം കിഫ്ബിയിലേക്കും

കേന്ദ്രസ‍ർക്കാർ, ആർബിഐ അനുമതിയില്ലാതെ കിഫ്ബി വഴി വിദേശത്തുനിന്ന് പണം വായ്പ എടുക്കാൻ പറ്റില്ലെന്ന ഓഡിറ്റ് റിപ്പോര്‍ട്ടില്‍ എടുത്തുപറയുകയും കിഫ്ബിയുടെ ഇടപാടുകള്‍ പലതും ഭരണഘടനാ വിരുദ്ധമാണന്ന് സിഎജി കണ്ടെത്തുകയും ചെയ്തതിനു പിന്നാലെ കിഫ്ബി വഴി ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിൽ നിന്നും മസാല ബോണ്ടുകൾ വാങ്ങിയ കേരള സർക്കാർ നടപടിയെക്കുറിച്ച് ഇഡി(എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്) അന്വേഷണം ആരംഭിച്ചു. ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിൽ നിന്നും മസാല ബോണ്ടുകൾ വാങ്ങാൻ കിഫ്ബിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് ഇഡി ആർബിഐയിൽ നിന്നും വിവരങ്ങൾ തേടിയതായാണ് പുറത്തു വരുന്ന വിവരങ്ങള്‍. ആര്‍ബിഐ കിഫ്ബിക്ക് അനുമതി നല്‍കി എന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അത്തരം അനുമതി റിസര്‍വ്വ് ബാങ്ക് നല്‍കിയിട്ടില്ല എന്നാണ് ആരോപണം. ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിൽ നിന്നും മസാലബോണ്ടുകൾ വഴി 2150 കോടി രൂപ 7.23 ശതമാനം പലിശക്കാണ് സര്‍ക്കാര്‍ വാങ്ങി ചിലവഴിച്ചിരിക്കുന്നത്. നിയമസഭയുടെ മേശപ്പുറത്തു വക്കുവാനുള്ള സിഎജി റിപ്പോര്‍ട്ട് പുറത്തുവിട്ട തോമസ് ഐസക്‍ന്‍റെ നടപടി വിവാദത്തിലായിരിക്കുന്ന സാഹചര്യത്തില്‍ ധനകാര്യ വകുപ്പിലേക്കും ഇഡി അന്വേഷണം നീളുന്നത് സര്‍ക്കാരിന് കനത്ത തിരിച്ചടി ആയിരിക്കുകയാണ്.