മരിയാന ട്രഞ്ചിനടിയിലേയ്ക്ക് മനുഷ്യരെ എത്തിച്ച് ചൈന
ഭൂമിയിലെ ഏറ്റവും ആഴമേറിയ കടൽഭാഗമായ മരിയാന ട്രഞ്ചിനടിയിലേയ്ക്ക് മനുഷ്യരെ എത്തിച്ച് ചൈന. ഗവേഷണത്തിനായി തയ്യാറാക്കിയ പ്രത്യേക പേടകമായ ഫെൻഡൗസെ പേടകത്തിനുള്ളിൽ മൂന്നു ഗവേഷകരാണ് ഉണ്ടായിരുന്നത്. കഠിനാധ്വാനി എന്നാണ് ഫെൻഡൗസെ എന്ന വാക്കിനർത്ഥം. റോബോട്ടിക് കൈകളും സോണാർ കണ്ണുകളുമുള്ള പേടകത്തിന്റെ ലക്ഷ്യം കടലിന്റെ അടിത്തട്ടിലെ പര്യവേഷണമാണ്. കടലിനടിയിൽ നിന്ന് ബയോളജിക്കൽ സാമ്പിളുകൾ ശേഖരിക്കാനായാണ് പേടകത്തിലെ റോബോട്ടിക് കൈകൾ. പ്രകാശം പോലും എത്താത്ത – അന്ധകാര നിബന്ധമായ മരിയാന ട്രഞ്ചിന്‍റെ അടിത്തട്ടില്‍ ചുറ്റുമുള്ള വസ്തുക്കളെ കാണാനും തിരിച്ചറിയാനുമായി പേടകത്തിന് ചുറ്റും സോണാറുകൾ ഘടിപ്പിച്ചിരുന്നു.
കടലിന്റെ അടിത്തട്ടിലുള്ള വിവിധ ജീവികളെയും മറ്റും കണ്ടെത്തിയതായി ചൈനീസ് അക്കാദമി ഒഫ് സയൻസിലെ ഗവേഷകർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. പഠനത്തിനായി ഇവയുടെ സാമ്പിളുകൾ ശേഖരിക്കുമെന്നും പരീക്ഷണം വിജയമാകുന്നതിനു മുൻപ് രണ്ട് ട്രയലുകൾ നടത്തേണ്ടി വന്നതായും ഗവേഷകർ കൂട്ടിച്ചേർത്തു. ഈ മാസം ആദ്യം 10,909 മീറ്റർ വരെ ആഴത്തിലെത്താൻ ഫെൻഡോസെ പേടകത്തിന് കഴിഞ്ഞിരുന്നു. 11,034 മീറ്റര്‍ ആഴമുള്ള മരിയാന ട്രഞ്ചില്‍ 2019ൽ അമേരിക്കൻ പര്യവേഷകർ സൃഷ്ടിച്ച 10,927 മീറ്ററായിരുന്നു ഇതുവരെയുള്ള ലോകറെക്കോഡ്. ഈ റിക്കോഡാണ് ചൈനീസ് ഗവേഷകര്‍ ഇപ്പോള്‍ അട്ടിമറിച്ചിരിക്കുന്നത്.

