റോഡപകട മരണങ്ങളിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്. ഓരോ മണിക്കൂറിലും 20 പേർ ഇന്ത്യന്‍ റോഡുകളില്‍ കൊല്ലപ്പെടുന്നു.

Print Friendly, PDF & Email

വേൾഡ് റോഡ് സ്റ്റാറ്റിസ്റ്റിക്സ് 2023 പ്രകാരം, റോഡ് അപകട മരണങ്ങളിൽ ഇന്ത്യ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തെത്തി. 2020-ൽ റോഡപകടമരണങ്ങളില്‍ ലോകത്ത് ഒന്നാമതെത്തിയ ഇന്ത്യ പിന്നീട് ആ സ്ഥാനം മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ തുടരുകയാണ്. ഇക്കഴിഞ്ഞ വര്‍ഷവും ചൈനയെയും അമേരിക്കയെയും മറികടന്നു 3,45,238 അപകടങ്ങളും 1,31,714 മരണങ്ങളും ഇന്ത്യയില്‍ രേഖപ്പെടുത്തി,

റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം സമാഹരിച്ച വാർഷിക കണക്കുകൾ പ്രകാരം രാജ്യത്ത് ഓരോ മണിക്കൂറിലും ശരാശരി 20 പേർ റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നു. 2023ൽ 1,72,890 പേരാണ് ഇന്ത്യന്‍ റോഡുകളില്‍ മരിച്ചുവീണത്.

മണിക്കൂറിൽ ശരാശരി 55 അപകടങ്ങൾ എന്ന കണക്കിൽ രാജ്യത്ത് കഴിഞ്ഞ വർഷം 4,80,583 റോഡപകടങ്ങൾ രേഖപ്പെടുത്തി. 2022ൽ രാജ്യത്ത് 4,62,312 അപകടങ്ങൾ രേഖപ്പെടുത്തിയപ്പോൾ റോഡപകടങ്ങളുടെ 4.2 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.

മരണങ്ങൾ കൂടാതെ, അപകടങ്ങളിൽ 2023 ൽ മണിക്കൂറിൽ 53 പേർക്ക് പരിക്കേറ്റു, കഴിഞ്ഞ വർഷം ഇത് 4,62,825 ആയിരുന്നു. 2022 മുതൽ മരണനിരക്കിൽ 2.6 ശതമാനവും പരിക്കുകളുടെ 4.4 ശതമാനവും വർധനവാണ് കണക്കുകൾ പ്രതിഫലിപ്പിക്കുന്നത്.

2023-ൽ നഗരങ്ങളിൽ ഏറ്റവും കൂടുതൽ റോഡ് അപകട മരണങ്ങൾ രേഖപ്പെടുത്തിയത് ഡൽഹിയിലാണ്. 1,457പേരാണ് ഡല്‍ഹി റോഡുകളില്‍ മരിച്ചുവീണത്. , 915 പേരുടെ മരണം രേഖപ്പെടുത്തി ബെംഗളൂരു രണ്ടാംസ്ഥാനം അലങ്കരിക്കുന്നു. ജയ്പൂർ (849) ആണ് മൂന്നാം സ്ഥാനത്ത്. സംസ്ഥാന തലത്തിൽ ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ റോഡപകട മരണങ്ങൾ ഉണ്ടായത്. 2023ല്‍ മാത്രം 23652 പേരാണ് ഉത്തര്‍പ്രദേശില്‍ റോഡപകടങ്ങളില്‍ മരിച്ചത്. രാജ്യവ്യാപകമായി നടക്കുന്ന റോഡപകട മരണങ്ങളിൽ 13.7 ശതമാനവും ഉത്തർപ്രദേശിലാണ്. 18,347 അപകട മരണങ്ങളോടെ തമിഴ്നാട് രണ്ടാം സ്ഥാനത്തും, 15366 അപകട മരണങ്ങളോടെ മഹാരാഷ്ട്ര മൂന്നാം സ്ഥാനത്തുമാണ്. രാജ്യത്തെ മൊത്തം റോഡപകട മരണങ്ങളുടെ 68.4 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ് നടക്കുന്നത്.

എന്നാല്‍ റോഡ് അപകടങ്ങളുടെ എണ്ണത്തില്‍ തമിഴ്നാടാണ് ഒന്നാം സ്ഥാനത്ത്. 67,213 റോഡപകടങ്ങളാണ് 2023ല്‍ തമിഴ്നാട്ടിലുണ്ടായത്. തുടർച്ചയായ ആറാം വർഷവും ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തത് തമിഴ്‌നാട്ടിലാണ്. തൊട്ടുപിന്നാലെ തന്നെയുണ്ട് മധ്യപ്രദേശ്. റോഡപകടങ്ങളുടെ എണ്ണത്തില്‍ കൊച്ചു കേരളം മൂന്നാം സ്ഥാനത്താണ്. ഉത്തർപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളാണ് നാലും അഞ്ചും സ്ഥാനത്തുള്ളത്. 2023-ൽ ഒരു ലക്ഷം ജനസംഖ്യയിൽ ഏകദേശം 87 വാഹനാപകടങ്ങള്‍ ഉണ്ടാകുന്നു.

ഡാറ്റ അനുസരിച്ച്, റോഡ് ക്രാഷിൻ്റെ തീവ്രതയില്‍ (100 അപകടങ്ങളിൽ സംഭവിക്കുന്ന മരണങ്ങൾ) വലിയ മാറ്റമില്ല. 2022ൽ 36.5 ആയിരുന്നു ക്രാഷ് തീവ്രത എങ്കില്‍ 2023ൽ ക്രാഷ് തീവ്രത 36 ആയി കുറഞ്ഞു.

വാഹനാപകട മരണങ്ങളുടെ 68.1 ശതമാനത്തിനും പ്രധാന കാരണമായി കണ്ടെത്തിയത് അമിതവേഗത ആണ്. അപകട മരണങ്ങളില്‍ 44.8 ശതമാനവും ഇരുചക്രവാഹന ഉപയോക്താക്കളാണ്. 20 ശതമാനം കാൽനടയാത്രക്കാരും.

ഇന്ത്യയുടെ മൊത്തം റോഡ് ശൃംഖലയുടെ 4.9 ശതമാനം മാത്രം ഉൾപ്പെടുന്ന ഇന്ത്യയുടെ, ദേശീയ പാതകളിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നതെന്ന് ഡാറ്റ വെളിപ്പെടുത്തുന്നു. ഇത് റോഡപകട മരണങ്ങളുടെ 59.3 ശതമാനവും സംഭവിക്കുന്നത് ദേശീയ പാതകളിലാണ്.

ഓരോ ദിവസവും ഏകദേശം 26 കുട്ടികൾ റോഡപകടങ്ങളിൽ മരിക്കുന്നു, 2023ല്‍ 9,489 കുട്ടികളുടെ ജീവനുകളാണ് ഇന്ത്യന്‍ റോഡുകളില്‍ പൊലിഞ്ഞത്. അതായത് മൊത്തം അപകട മരണങ്ങളുടെ ഏകദേശം 6 ശതമാനം. 2022 നെ അപേക്ഷിച്ച് 0.41 ശതമാനത്തിൻ്റെ നേരിയ ഇടിവ് രേഖപ്പെടുത്തുന്നു.

എന്നിരുന്നാലും, 18 നും 45 നും ഇടയിൽ പ്രായമുള്ളവരാണ് റോഡപകട മരണങ്ങളിൽ ഭൂരിഭാഗവും. പുരുഷന്മാരാണ് പ്രാഥമിക ഇരകൾ, മരണങ്ങളിൽ 85.2 ശതമാനവും പുരുഷന്മാരാണ്. സ്ത്രീകള്‍ 14.8 ശതമാനം മാത്രം.