പടക്കപ്പലുകള്‍ പുറപ്പെട്ടു. വ്യാഴാഴ്ച മുതല്‍ പ്രവാസികള്‍ തിരകെയെത്തും
ദുബൈയിലേക്കും മാലിദ്വീപിലേക്കുമാണ് പ്രവാസികളെ തിരിച്ചു കൊണ്ടുവരുവാനായി നാവിക സേനയുടെ പടക്കപ്പലുകള്‍ പുറപ്പെട്ടിരിക്കുന്നത്. ഐഎന്‍എസ് ഷര്‍ദുല്‍ ദുബൈയിലേക്കും ഐഎന്‍എസ് ജലാശ്വയും ഐഎന്‍എസ് മഗറുമാണ് മാലിദ്വീപിലേക്കുമാണ് പോയിരിക്കുന്നത്. ഐഎന്‍എസ് മഗറും ഐഎന്‍എസ് ഷര്‍ദുലും ദക്ഷിണ നാവിക സേനയുടെ കപ്പലുകളാണ്. ഐഎന്‍എസ് ജലാശ്വ ഈസ്റ്റേണ്‍ നേവല്‍ കമാന്‍റിന്‍റെ കപ്പലാണ്. കൊച്ചിയിലാണ് പ്രവാസികളെ കയറ്റിയ കപ്പല്‍ തിരിച്ചെത്തുക. തീര കടലിൽ ഉണ്ടായിരുന്ന കപ്പലുകളെ പ്രവാസികളെ തിരികെയെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരം നിയോഗിച്ചതായും, കപ്പലുകൾ രണ്ടു ദിവസത്തിനകം ദുബൈയിലും മാലിദ്വീപിലും എത്തുമെന്നും നാവികസേന അറിയിച്ചു. ഒരു കപ്പലിൽ 500-600 പേർക്ക് യാത്ര ചെയ്യാന്‍ സാധിക്കും. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ എത്രപേരെ കയറ്റണമെന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.
അതേസമയം, യുഎഇയിലെ അബുദാബിയില്‍ നിന്ന് പ്രവാസികളായ ഇന്ത്യക്കാരെ കയറ്റിയുള്ള ആദ്യ വിമാനം വ്യാഴാഴ്ച കൊച്ചിയില്‍ പറന്നിറങ്ങും. അന്നേ ദിവസം തന്നെ രണ്ടാമത്തെ വിമാനം ദുബായിൽ നിന്ന് കരിപ്പൂരിലേക്കായിരിക്കുമെന്നാണ് സൂചനകള്‍. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ ഗള്‍ഫ് നാടുകളിലേക്ക് എത്തും. 13,000 രൂപയായിരിക്കും ഗള്‍ഫ് നാടുകളില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക് എന്നാണ് പുറത്തു വരുന്ന സൂചനകള്‍. എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ആരോഗ്യ പ്രശനങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടൂറിസ്റ്റ് വിസയില്‍ എത്തി കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍, അടുത്ത ബന്ധുക്കള്‍ മരിച്ചവര്‍, ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ആദ്യ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ഇവര്‍ക്ക് വിമാനത്തില്‍ യാത്ര ചെയ്യുന്നതിന് വെബ്സൈറ്റ്, ട്രാവല്‍സ് വഴി ടിക്കറ്റ് ലഭിക്കില്ല. സ്ഥാനപതി കാര്യാലയം തയാറാക്കി നല്‍കുന്ന ലിസ്റ്റ് പ്രകാരം എയര്‍ ഇന്ത്യഎക്സ്പ്രസ്സ് ഓഫീസുകളില്‍ നിന്നാണ് ടിക്കറ്റ് ലഭിക്കുക. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്വകാര്യ വിമാന കമ്പനികളും പ്രവാസികളെ കൊണ്ട് വരുന്നതിന് ഗള്‍ഫ് മേഖലയില്‍ നിന്ന് സര്‍വീസ് നടത്തും. ആദ്യ ഘട്ടത്തിൽ ഗൾഫിൽ നിന്നുള്ളവരെ തിരികെ എത്തിക്കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിക്കുക. രണ്ടാം ഘട്ടത്തിലായിരിക്കും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരെ തിരിച്ചെത്തിക്കുക. കേരളം രണ്ടു ലക്ഷത്തോളം പേർക്ക് ക്വാറന്‍റൈന്‍ സൗകര്യം ഏർപ്പെടുത്തിയ സാഹചര്യത്തില്‍ ആണ് കേരളത്തിലേക്കുള്ള പ്രവാസികളെ ആദ്യ ദിനംതന്നെ മടക്കികൊണ്ടുവരുവാന്‍ തീരുമാനം എടുത്തതെന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ പറഞ്ഞു.

