13 രാജ്യങ്ങൾ, 64 വിമാനങ്ങൾ… മാതൃരാജ്യത്തിലേക്കുള്ള മടക്കത്തിന് രൂപരേഖയായി

Print Friendly, PDF & Email

ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ കുടിയൊഴിപ്പിക്കലിന് ലോകം സാക്ഷിയാകുവാന്‍ പോവുകയാണ്. വിദേശത്ത് കഴിയുന്നവരെ നാട്ടിലേക്കെത്തിക്കാൻ വിപുലമായ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. രണ്ടു ഘട്ടങ്ങളായിട്ടായിരിക്കും ലോകമെങ്ങുമുള്ള പ്രവാസികളായ ഇന്ത്യക്കാരെ മാതൃരാജ്യത്തിലേക്ക് കൊണ്ടുവരുക. ഒന്നാം ഘട്ടത്തില്‍ രണ്ടു ലക്ഷം പേരെ ഒന്നര മാസം കൊണ്ട് മടക്കിക്കൊണ്ടു വരാനുള്ള നീക്കത്തിനാണ് തുടക്കംകുറിച്ചിരിക്കുന്നത്. ഒരാഴ്ചക്കകം അമേരിക്കയും ബ്രിട്ടനുമടക്കം 13 രാജ്യങ്ങളിൽ നിന്ന് പതിനയ്യായിരത്തിലധികം പേരെ തിരിച്ചെത്തികുക എന്നതാണ് ലക്ഷ്യം. ആറ് ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറമേ ബംഗ്ളാദേശിലേക്കും വിമാനം ആയക്കുന്നുണ്ട്. ഫിലിപ്പിൻസ്, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ കുടുങ്ങിയവരേയും തിരച്ചെത്തിക്കും. ഈ കുടിയൊഴിപ്പിക്കലില്‍ യാത്രാ വിമാനങ്ങള്‍ക്കു പുറമേ വ്യോമസേനയുടെ വിമാനങ്ങളും നാവികസേനയുടെ പടക്കപ്പലുകളും ഭാഗബാക്കാകും.

ആദ്യഘട്ടത്തില്‍ ദിവസം ശരാശരി രണ്ടായിരം പേരെങ്കിലും തിരിച്ചെത്തിക്കാമെന്നാണ് കണക്കാക്കുന്നത്. അമേരിക്കയിലേക്ക് എഴും ബ്രിട്ടനിലേക്ക് ആറും വീതം വിമാനങ്ങൾ ആണ് ഇപ്പോള്‍ അയക്കുന്നത്. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങൾക്കു പുറമെ ദില്ലി മുംബൈ, ബംഗലൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങി 13 നഗരങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ പ്രവാസി ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരുക. പിന്നീട് രാജ്യങ്ങളുടെ എണ്ണവും തിരിച്ചു കൊണ്ടുവരുവാനുള്ള സര്‍വ്വീസുകളുടെ എണ്ണവും ആവശ്യാനുശ്രുതം കൂട്ടും. ദുബായിലേക്ക് തിരിച്ച നാവികസേന കപ്പല്‍ വ്യാഴാഴ്ച അവിടെഎത്തി വെള്ളിയാഴ്ച കൊച്ചിയിലേക്ക് മടങ്ങും. മൂന്നര ദിവസത്തെ യാത്രയാണ് കൊച്ചിയിലേക്ക് പ്രതീക്ഷിക്കുന്നത്. തിരിച്ചു വരുവാനാഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരേയും മാതൃരാജ്യത്ത് തിരിച്ചത്തിക്കുക ഭഗീരത യത്നത്തിനാണ് തുടക്കം കുറിക്കുന്നതെന്ന് വിദേശകാര്യ വകുപ്പ് അവകാശപ്പെടുന്നു. ലോകം കൊറോണ ഭീതിയില്‍ നിന്ന് മോചിതമാവുകയും വിമാന സര്‍വ്വീസുകള്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തുന്നതുവരെ പ്രവാസികളായ ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരുന്നതിനുള്ള നടപടികള്‍ തുടരുമെന്നാണ് കരുതുന്നത്.