മലേഷ്യയില്‍ 1200 ഇന്ത്യക്കാര്‍ അറസ്റ്റില്‍

Print Friendly, PDF & Email

വിസാ കാലാവധി കഴിഞ്ഞതിനു ശേഷവും രാജ്യത്ത് തങ്ങിയ 1500 ഓളം പേര്‍ മലേഷ്യയില്‍ അറസ്റ്റില്‍. ഇതില്‍ 1200ഓളം പേര്‍ ഇന്ത്യക്കാരാണന്നാണ് പുറത്തുവരുന്ന വിവരം. കോവിഡ് കാലയളവില്‍ രാജ്യത്ത് എത്തി കുടുങ്ങിയവരെന്നു കണ്ടെത്തിയവരെ പിന്നീട് വിട്ടയച്ചെങ്കിലും സന്ദര്‍ശക വിസയിലെത്തി മലേഷ്യയില്‍ തൊഴിലെടുത്തു ജീവിച്ച ഇന്ത്യക്കാരാണ് അറസ്റ്റിലായവരില്‍ ബഹുഭൂരിഭാഗവും. വിസാ നിയമങ്ങള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പിന്നീട് ഇവരെ ജയിലുകളിലേക്ക് നീക്കി. ഇന്ത്യക്കാരെ വ്യാപകമായി അറസ്റ്റ് ചെയ്ത വിവരം മലേഷ്യന്‍ മാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. സന്ദര്‍ശക വിസയിലെത്തി മതപ്രബോധനം നടത്തിയ ഏട്ട് മലേഷ്യക്കാരെ നാട്ടിലേക്കു മടങ്ങാനുള്ള ശ്രമത്തിനിടെ ദല്‍ഹി വിമാനത്താവളത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമായതെന്ന് സ്ഥീരീകരിക്കാത്ത ചില റിപ്പോര്‍ട്ടുകളുണ്ട്.

കൊലാലംപൂരിലെ മസ്ജിദ് ഇന്ത്യാ പരിസരത്തെ താമസകേന്ദ്രങ്ങളില്‍ ഇന്നലെ വൈകുന്നേരത്തോടെ പോലിസും ഇമിഗ്രേഷന്‍ വകുപ്പും ചേര്‍ന്ന് സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. സന്ദര്‍ശക വിസയില്‍ മലേഷ്യയില്‍ എത്തി തൊഴില്‍ എടുക്കുന്നവരുടെ കാര്യത്തില്‍ പരിശോധനകളും നാടുകടത്തലും ഉണ്ടാവാറുണ്ടെങ്കിലും കോവിഡ് ലോക്ക്ഡൗണിനിടെ ഇത്തരമൊരു നടപടി അസാധാരണമാണ്. കോവിഡ് മൂലം രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലേക്ക് തിരികെ കൊണ്ടുപോവണമെന്ന് മലേഷ്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം മാര്‍ച്ച് 18ന് കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്ത് ബാക്കിയായ വിദേശികള്‍ക്ക് ഭക്ഷണവും താമസസൗകര്യവും നല്‍കാനും മലേഷ്യ തയാറായിരുന്നു. രാജ്യത്ത് ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ ഇനിയും മൂന്നു ദിവസം കൂടി ബാക്കിയുണ്ട്.