രാജ്യം ലോക്ക് ഡൗണില്‍
അര്‍ദ്ധരാത്രി മുതല്‍ 21 ദിവസത്തേക്ക് രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍. പ്രധാനമന്ത്രി രാജ്യത്തോട് നടത്തിയ അഭിസംബോധനയിലാണ് ഏപ്രില്‍ 14 വരെ രാജ്യത്ത് സന്പൂര്‍ണ്ണ ലോക്‍ഡൗണ്‍ പ്രഖ്യാപിച്ചത്. ‘ രാജ്യം വളരെ പ്രധാനപ്പെട്ട തീരുമാനത്തിലേക്ക് പോകുകയാണ്. ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ രാജ്യത്തെ രക്ഷിക്കാന്‍ ഇന്ത്യ ലോക്ക്ഡൗണിലേക്ക് പോകുന്നു’ – മോദി പറഞ്ഞു. 21 ദിവസത്തെ ലോക്ക് ഡൗണ്‍ പിന്തുടര്‍ന്നില്ലെങ്കില്‍ 21 വര്‍ഷത്തെ തിരിച്ചടിയാണ് ഉണ്ടാകാന്‍ പോകുന്നത്. ചില കുടുംബങ്ങള്‍ എന്നെന്നേക്കുമായി തകര്‍ന്നു പോകും. അടുത്ത 21 ദിവസത്തേക്ക് വീട്ടില്‍ നിന്ന് പുറത്തു പോകുന്നതിനെ കുറിച്ച് ചിന്തിക്കാതിരിക്കൂ. എവിടെയാണോ അവിടെ നില്‍ക്കൂ- മോദി ആവശ്യപ്പെട്ടു. ലോക്ക്ഡൗണ്‍ മൂലം സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ എല്ലാ ഇന്ത്യക്കാരുടെയും ജീവന്‍ രക്ഷിക്കുന്നതിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ പ്രഥമപരിഗണന നല്‍കുന്നത്..
വൈറസ് വ്യാപനത്തെ മെരുക്കണമെങ്കില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് വഴി അതിന്റെ ചങ്ങല മുറിച്ചേ തീരൂ. രോഗികള്‍ക്കു മാത്രമല്ല സോഷ്യല്‍ ഡിസ്റ്റന്‍സിങ്. എല്ലാവര്‍ക്കുമാണ്- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കര്‍ഫ്യൂവിന് തുല്യമായിരിക്കും അടച്ചുപൂട്ടലെന്ന് പ്രധാനമന്ത്രി തന്നെ പറയുമ്പോള്‍ കര്‍ശന നിയമങ്ങളായിരിക്കും സര്‍ക്കാര്‍ നടപ്പിലാക്കുക എന്നു വേണം കരുതാന്‍. രാജ്യത്തെ ആരോഗ്യമേഖലയടെ വികസനത്തിനായി കേന്ദ്രം 15,000 കോടി അനുവദിച്ചിട്ടുണ്ടെങ്കിലും ദീര്‍ഘനാളത്തെ ലോക്ക് ഡൗണ്‍ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കും. അതിനാല്‍ കൂടുതല്‍ ക്ഷേമപദ്ധതികളും ഉത്തേജന പ്രക്രിയകളും ഉടനടി നടത്തേണ്ടി വരും. ഇപ്പോള്‍ തന്നെ അവതാളത്തിലായ ദിവസവേതന തൊഴിലാളികള്‍ക്ക് കാര്യക്ഷമമായ പാക്കേജുകള്‍ കൊണ്ടു വന്നില്ലങ്കില്‍ രാജ്യം മറ്റൊരു അതിരൂക്ഷ പ്രതിസന്ധിയിലേക്കായിരിക്കും കടന്നുപോകേണ്ടി വരുക.