ഉപദേശമല്ല വേണ്ടത് പ്രധാനമന്ത്രീ…, സഹായമാണ്.
കോറോണ വൈറസിനെതിരേ (കോവഡ്-19) പ്രതിരോധത്തിന്‍റെ വന്‍ മതില്‍ തീര്‍ക്കുകയാണ് രാജ്യം. സാമൂഹികമായ എല്ലാ ബന്ധങ്ങളില്‍ നിന്നും വിട്ടകന്ന് 130കോടി ജനങ്ങള്‍ അവരുടെ വീടുകളിലിരുന്ന് കോവഡ്-19 വൈറസുകളുടെ വ്യാപനത്തിന്‍റെ ചങ്ങല പൊട്ടിക്കുവാനുള്ള തീവ്രയത്നത്തിലാണ്. രാജ്യത്ത് അവശ്യവസ്തുക്കളുടേതൊഴികെ മറ്റ് വ്യാപാര സ്ഥാപനങ്ങളൊന്നും തുറക്കില്ല.വ്യോമ – ട്രെയിന്‍ -റോഡ് ഗതാഗതങ്ങള്‍, ഓട്ടോ, ടാക്സി സർവീസുകൾ, തുടങ്ങിയവയൊന്നും ഉണ്ടാകില്ല. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ സ്വകാര്യ വാഹനങ്ങളൊന്നും നിരത്തിലിറങ്ങില്ല. ആരാധനാലയങ്ങളൊന്നും വിശ്വാസികളുടെ മുമ്പില്‍ തുറക്കപ്പെടില്ല. രാജ്യം ഒറ്റക്കെട്ടായി യുദ്ധത്തിലാണ്. അതിവേഗം വ്യാപിക്കുന്ന കൊറോണ വൈറസുകള്‍ക്കെതിരെയുള്ള അന്തിമയുദ്ധം. അതില്‍ രാജ്യത്തിനു വിജയിച്ചേ മതിയാകൂ… യുദ്ധമുന്നണിയിലെ മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു പിന്നില്‍ നാം ഓരോരുത്തരും അണിചേര്‍ന്നേ മതിയാകൂ. ഇത് വിജയിക്കുവാന്‍ വേണ്ടി മാത്രമുള്ള യുദ്ധമാണ്.
വിജയിക്കുക… അല്ലങ്കില്‍ കൊറോണക്കു മുന്പില്‍ കീഴടങ്ങി മരിക്കുക. നമ്മുടെ മുന്പില്‍ രണ്ടു വഴികളേ ഉള്ളൂ. നമുക്ക് വിജയിച്ചേ പറ്റൂ. ഇത് ഒരു ദിവസം കൊണ്ട് അവസാനിക്കുന്ന യുദ്ധമല്ല. നമ്മെ ഓരോരുത്തരേയും എത്തിപിടിക്കുവാന്‍ കൈനീട്ടിനില്‍ക്കുന്ന കൊറോണ വൈറസുകളുടെ കൈകള്‍ വെട്ടിനീക്കിയേ പറ്റൂ… അതിനാല്‍ തന്നെ കോവിഡ്-19 വൈറസുകള്‍ക്കെതിരെയുള്ള യുദ്ധത്തിന്‍റെ ആരംഭം മാത്രമാണിത്. രോഗത്തിന്‍റെ സമൂഹവ്യാപനം എന്ന മഹാവിപത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണമെങ്കില്‍ നാമോരോരുത്ത യുദ്ധത്തില്‍ അണിചേര്‍ന്നേ പറ്റൂ. അല്ലങ്കില്‍ സര്‍വ്വനാശമായിരിക്കും ഫലം. അതില്‍ നിന്ന് രക്ഷപെടണമെങ്കില്‍ ഓരോരുത്തരും ഒറ്റക്കൊറ്റക്ക് പടയാളികളാവുക. സാമൂഹികമായി സ്വയം ഒറ്റപ്പെടുക. അങ്ങനെ കൊറോണ വൈറസുകളുടെ പടനീക്കങ്ങള്‍ ചെറുക്കുക… സമൂഹ വ്യാപനം തടയുക. കൊറോണ വൈറസുകളുടെ സമൂഹവ്യാപനത്തിന്‍റെ കൈകള്‍ അരിഞ്ഞെറിയുക.
അതിനു ചിലപ്പോള്‍ ദിവസങ്ങള്‍ നീളുന്ന ഒറ്റപ്പെടലുകള്‍ അനിവാര്യമായി വന്നേക്കാം. സാമൂഹിക ബന്ധങ്ങള്‍ ദീര്‍ഘ നാളത്തേക്ക് വേണ്ടന്നു വക്കേണ്ടി വന്നേക്കാം. അവിടെ ഒരു ചോദ്യം ഉദിക്കുന്നു. വിശക്കുന്ന വയറുകള്‍ തെരുവുകളിലിറങ്ങാതെ എന്തു ചെയ്യും..?. ഇവിടെയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമത കാട്ടേണ്ടത്. പക്ഷെ, രാജ്യത്തെ പല സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തില്‍ പരാജയപ്പെടുകയാണെന്നു പറയേണ്ടിവരും. വലിയ വായില്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചു… പാട്ടകൊട്ടലും മുറക്കു നടന്നു… പക്ഷെ, ഒരു ചില്ലിക്കാശുപോലും അനുവദിച്ചിട്ടില്ല. എന്ന് കേരള ധനകാര്യ മന്ത്രി തോമസ് ഐസക്ക് ആക്ഷേപത്തില്‍ പൊതിഞ്ഞ് കേന്ദ്രത്തിനു നേരെ ഉന്നയിച്ച വിമര്‍ശനം നമ്മുടെ സര്‍ക്കാരുകളുടെ മനോഭാവങ്ങളുടെ നേര്‍ ചിത്രം വരച്ചുകാണിക്കുന്നു.
ലോകരാജ്യങ്ങളെല്ലാം കൊറോണ വ്യാപനത്തെ തടയുവാന്‍ വന്‍ പാക്കേജുകളും സഹായങ്ങളും പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നമ്മുടെ പ്രധാനമന്തി കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംമ്പോധന ചെയ്തപ്പോള്‍ ജനങ്ങള്‍ ചിലതെല്ലാം പ്രതീക്ഷിച്ചു. പക്ഷെ, ജനങ്ങളെ കൊണ്ട് കൈകൊട്ടിച്ചതല്ലാതെ ഒന്നും ഉണ്ടായില്ല. കഴിഞ്ഞ ദിവസം സമാപിച്ച സഭാ സമ്മേളനത്തില്‍ എന്തെങ്കിലും പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്ന് കരുതി. ആ സമ്മേളനo ജനങ്ങള്‍ക്കു നേരെയുള്ള പാട്ടകൊട്ടലായി മാറി. ദിനം പ്രതി കുതിച്ചുയരുന്ന വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ഒരു നടപടികളുമില്ല. നികുതികള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഒരു കുറവും ഇല്ല. ലക്ഷങ്ങളുടെ തൊഴിലുകള്‍ നഷ്ടപ്പെടുന്നു… ജനങ്ങളുടെ ദുരിതം ഇരട്ടിക്കുകയാണ്.
സ്വന്തം വീടുകളില്‍ സ്വയം അടക്കപ്പെട്ട് കൊറോണ വൈറസിനെതിരെ പൊരുതുന്ന ജനങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങള്‍ പരിഹരിക്കുവാനായി എങ്കിലും പൊതു സംവിധാനങ്ങള്‍ സജ്ജമാകണം. അവരുടെ അടിയന്തരാവശ്യങ്ങള്‍ നിവര്‍ത്തിക്കുവാനായി സപ്ലെ ചെയിന്‍ ലോജസ്റ്റിക്‍ ടീം സജീവമാകണം. ഏതൊരു യുദ്ധ വിജയത്തിനും ഏറ്റവും അനിവാര്യമാണ് യുദ്ധ ഭൂമിയിലേക്ക് ഇടമുറിയാതൊഴുകുന്ന വിഭവങ്ങള്‍. ഇതും ഒരു യുദ്ധമാണ്. പ്രധാനമന്ത്രി തന്നെ പറഞ്ഞതുപോലെ ഈ യുദ്ധത്തിലെ സൈനികര്‍ ഈ നാട്ടിലെ ഒരോ പൗരന്മാരുമാണ്. യുദ്ധം നാം ആരംഭിച്ചു കഴിഞ്ഞു. ഇനി വേണ്ടത് യുദ്ധഭൂമിയില്‍ തളര്‍ന്നുവീഴുന്ന ഓരോ സൈനികനും ലഭിക്കേണ്ടത് കൈതാങ്ങാണ്. ആ കൈത്താങ്ങ് നല്‍കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ബാധ്യസ്ഥരുമാണ്