രാജ്യത്ത് 75 ജില്ലകള്‍ പൂര്‍ണ്ണമായും അടക്കുന്നു. കേരളത്തില്‍ ഏഴ്… കര്‍ണ്ണാടകത്തില്‍ ബെംഗളൂരു അടക്കം എട്ട്.
രാജ്യത്ത് കോവിഡ് 19 ബാധ സ്ഥിരീകരിച്ചതോ വൈറസ് ബാധയുമായി ബന്ധപ്പെട്ട അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോ ആയ 75 ജില്ലകള്‍ അടച്ചിടുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചുകൊണ്ട് പ്രസ്തുത ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടുവാനാണ് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്ര കാബിനറ്റ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്. കാബിനറ്റ് സെക്രട്ടറി വിളിച്ചുചേര്‍ത്ത ചീഫ് സെക്രട്ടറിമാരുടെ യോഗത്തിനു ശേഷമാണ് ജില്ലകളെ തന്നെ ക്വാറന്‍റയിന്‍ ചെയ്യുവാനുള്ള സുപ്രധാന തീരുമാനം എടുത്തിരിക്കുന്നത്. സാഹചര്യങ്ങള്‍ വിലയിരുത്തി ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മറ്റുജില്ലകളില്‍ കൂടി ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാകും. ഇക്കാര്യങ്ങളിലെല്ലാം സംസ്ഥാന സര്‍ക്കാരുകളാണ് തീരുമാനമെടുക്കേണ്ടത്.
കേന്ദ്ര സര്‍ക്കാരിന്‍റെ ഈ നിര്‍ദ്ദേശ പ്രകാരം കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഏഴ് ജില്ലകള്‍ അടച്ചിടേണ്ടി വരും. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളാണ് അടച്ചിടേണ്ടിവരിക. എന്നാല്‍ ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല.
കര്‍ണ്ണാടകയില്‍ ബെഗളൂരു നഗര ജില്ല, ബെംഗളൂരു ഗ്രാമജില്ല, മൈസൂരു, മംഗലാപുരം, കല്‍ബുര്‍ഗി, ധാര്‍വ്വാഡ്, കുടഗ്, ബെല്‍ഗാവി എന്നീ ജില്ലകള്‍ അടച്ചിടും. ഈ ജില്ലകളില്‍ ഇന്‍റര്‍സ്റ്റേറ്റ് ബസ്സര്‍വ്വീസുകള്‍ ഉണ്ടാവില്ല. മെഡിക്കല്‍ സ്റ്റോറുകള്‍, ഗ്രോസറി സ്റ്റോറുകള്‍, തുടങ്ങിയ അത്യാവശ്യ വസ്തുക്കളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രമേ തുറക്കുവാന്‍ അനുവധിക്കൂ.


