നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. മെയ് 2 ന് വോട്ടെണ്ണൽ.
കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. മെയ് 2 ന് വോട്ടെണ്ണൽ. പശ്ചിമ ബംഗാൾ, തമിഴ്‌നാട്, കേരളം, അസം, എന്നീ നാല് സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലേക്കുമുള്ള തെരഞ്ഞെടുപ്പ് തിയതിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുനിൽ അറോറ ഇന്ന് പ്രഖ്യാപിച്ചത്. അതോടെ ഈ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പു ചട്ടം നിലവില്‍ വന്നിരിക്കുകയാണ്. മെയ് 2 നാണ് വോട്ടെണ്ണൽ. പോളിങ് സമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ചു. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ്. ഓണ്‍ലൈനായും പത്രിക നല്‍കാം. അഞ്ച് സംസ്ഥാനങ്ങളിലെ 824 അസംബ്ലി മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. 18 കോടി 86 ലക്ഷം വോട്ടര്‍മാര്‍ 2.7 ലക്ഷം പോളിംഗ് സ്‌റ്റേഷനുകളിൽ വിധിയെഴുതും. 80 വയസിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
കേരളത്തിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഏപ്രിൽ ആറിന് ഒറ്റ ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ 140 സീറ്റുകളിലേക്കും തമിഴ് നാട്ടിൽ 234 സീറ്റുകളിലേക്കും, പുതുച്ചേരിയിൽ 30 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക. ഈ സംസ്ഥാനങ്ങളില്‍ മാര്‍ച്ച് 12 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശം പത്രിക സമര്‍പ്പിക്കുവാനുള്ള അവസാന തീയതി മാര്‍ച്ച് 19 ആണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് 20ന് നടക്കും. മാര്‍ച്ച് 22ആണ്പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. കോവിഡ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കേരളത്തില്‍ ബൂത്തുകളുടെ എണ്ണം 40,771 ആയി വര്‍ധിപ്പിച്ചു. കഴിഞ്ഞ തവണ 21,498 ബൂത്തുകളാണ് ഉണ്ടായിരുന്നത്.
അസാം: അസമിൽ 26 സീറ്റുകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പ് മൂന്നു ഘട്ടമായിട്ടാണ് നടക്കുക, ആദ്യ ഘട്ടം മാർച്ച് 27നാണ്. രണ്ടാം ഘട്ടം ഏപ്രിൽ ഒന്നിനാണ് മൂന്നാം ഘട്ടം ഏപ്രിൽ ആറിനും.
പശ്ചിമ ബംഗാള്‍: 294 സീറ്റുകളുള്ള പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് എട്ട് ഘട്ടമായാണ് നടക്കുക.
പശ്ചിമ ബംഗാൾ- ആദ്യ ഘട്ടം- മാർച്ച് 27
രണ്ടാം -ഘട്ടം – ഏപ്രിൽ 1
മൂന്നാം ഘട്ടം- ഏപ്രിൽ 6
നാലാം ഘട്ടം- ഏപ്രിൽ 10
അഞ്ചാം ഘട്ടം- ഏപ്രിൽ 17
ആറാം ഘട്ടം- ഏപ്രിൽ 22
ഏഴാം ഘട്ടം- ഏപ്രിൽ 26
എട്ടാം ഘട്ടം – ഏപ്രിൽ 29
പൂർണമായും കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. ഒരു മണ്ഡലത്തില്‍ ചെലവഴിക്കാവുന്ന തുക 30.8 ലക്ഷം രൂപയാണ്. വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേർ മാത്രമേ പാടുള്ളു. പത്രിക നൽകാൻ സ്ഥാനാർത്ഥിക്കൊപ്പം രണ്ട് പേരെ മാത്രമേ അനുവദിക്കുകയുള്ളു. വാഹന ജാഥയിൽ അഞ്ച് വാഹനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളു. പ്രശ്‌നബാധിത ബൂത്തുകളിൽ കേന്ദ്ര നിരീക്ഷകരുണ്ടാകും. വെബ് കാസ്റ്റിംഗും ഏർപ്പെടുത്തും. സര്‍വീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് നിരീക്ഷകരാകും. കേരളത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷകരെ തീരുമാനിച്ചിട്ടില്ല. എന്നാല്‍, പോലീസ് നിരീക്ഷകനായി ദീപക് മിശ്രയേയും സ്ഥാനാര്‍ഥികളുടെ ചെലവ് നിരീക്ഷണത്തിന് മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ പുഷ്‌പേന്ദ്ര പൂനിയയേയും നിയോഗിച്ചു.

