INDIANEWS MAIN

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥക്ക് കരിദിനം. ഗഗോയിയുടെ സത്യപ്രതിജഞ ഇന്ന്

“ഇന്ത്യയിലെ ചില ന്യായാധിപന്മാരെ മോദി ഭരണകൂടം പന്ത് തട്ടുന്നതുപോലെ പറത്തിവിടുന്നു. ചിലരെ ബാസ്‌കറ്റ് ബോള്‍ പോലെ വലക്കകത്താക്കുന്നു. ചിലരെ ഏറാന്‍മൂളികളാക്കുന്നു. ചിലരെ ഈ ലോകത്തുനിന്നുതന്നെ ഇല്ലാതാക്കുന്നു”. ജസ്റ്റിസ് ലോയയുടെ മരണം കൊലപാതകമെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ ദി ഗാര്‍ഡിയന്‍ പത്രം നിരീക്ഷകന്‍ ഡാനിയല്‍ ബ്യുഫൊയുടെ പ്രശസ്തമായ വാചകമാണിത്. ഗൊഗോയിക്കു പട്ടില്‍പൊതിഞ്ഞ വജ്ര മോതിരം ആരോ സമ്മാനിക്കാനിരിക്കുന്നു എന്ന സുപ്രീംകോടതി മുന്‍ ന്യായാധിപന്‍ ജസ്റ്റിസ് മദന്‍ ലോകുര്‍ ന്‍റെ അഭിപ്രായ പ്രകടനം ഇവിടെയാണ് പ്രസക്തമാകുന്നത്.

ഇതിനോട് കൂട്ടിവായിക്കേണ്ട മറ്റൊരു സംഭവത്തിന് 2018 നവംബര്‍ 25 ന് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിക്കുകയുണ്ടായി. ബംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്‍മര്‍, നേപ്പാള്‍, തായ്‌ലന്റ്തുടങ്ങിയ രാഷ്ട്രങ്ങളിലെ മുഖ്യ ന്യായാധിപന്മാരുടെ സമ്മേളനം ഡല്‍ഹിയില്‍ നടക്കുകയാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആസ്ഥാനമായ കോര്‍ട് നമ്പര്‍ ഒന്നിലായിരുന്നു മീറ്റിങ്. മീറ്റിങിനൊടുവില്‍ ചായ സല്‍ക്കാരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യക്ഷനാവുന്നു. ചരിത്രത്തിലാദ്യമായാണ് ഒരു പ്രധാനമന്ത്രി സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതേടി അദ്ദേഹത്തിന്റെ വസതിയിലേക്ക് പോകുന്നത്. ഈ സ്ഥാപനം പണിത പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുപോലും ഈ ഓഫീസിന്റെ പടി ചവിട്ടിയിട്ടില്ല. രാത്രി 8.30 നു വന്ന നരേന്ദ്ര മോദി പത്തു മണിവരെ അവിടെ തങ്ങി. സുരക്ഷാപ്രശ്‌നമുന്നയിച്ചു മാധ്യമ പ്രവര്‍ത്തകരെ ആരേയും മീറ്റിങ്ങ് നടന്ന ഹാളിന്‍റെ നാലയല്‍പക്കത്തു പോലും എത്താന്‍ അനുവദിച്ചില്ല. റാഫേല്‍ അഴിമതിക്കെതിരെ മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ. പി നേതാവുമായ യശ്വന്ത്‌സിന്‍ഹ, വാജ്‌പേയി മന്ത്രിസഭയിലെ അംഗവും ഇന്ത്യന്‍ എക്‌സ്പ്രസ് മുന്‍ പത്രാധിപരുമായ അരുണ്‍ ഷൂരി, പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത്ഭൂഷണ്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറയുന്നതിന്റെ ഏതാനും ദിവസം മുമ്പായിരുന്നു ഈ കൂടിക്കാഴ്ച. പ്രധാനമന്ത്രിയുമായി അടഞ്ഞ മുറിയില്‍ ഗൊഗോയ് നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ രാഷ്ട്രീയ ധാര്‍മികതയുടെയും നീതിന്യായത്തിന്റെയും കരിഞ്ഞ ഗന്ധം വമിക്കുന്നുണ്ടായിരുന്നുവെന്നു പ്രമുഖ മാധ്യമ പ്രവര്‍ത്തക ശ്രുതി ചതുര്‍വേദി അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. ചായ സല്‍ക്കാരത്തിന് രഞ്ജന്‍ ഗൊഗോയ് പ്രധാനമന്ത്രിയെ എന്തിനു ക്ഷണിച്ചു എന്നത് അന്നേ ചോദ്യമുയര്‍ന്നിരുന്നു.

നീതിന്യായ വ്യവസ്ഥകളിലേക്കു കേന്ദ്ര ഭരണ കൂടം അവിഹിതവും അന്യായവുമായി ഇടപെട്ടു വരുന്നു എന്നാരോപിച്ചു പത്രസമ്മേളനം നടത്തിയ ന്യാധിപന്മാരില്‍ മുമ്പനായിരുന്നു ഗഗോയി. എന്നാല്‍ പിന്നീട് ഗൊഗോയ് എന്ന ന്യായാധിപനില്‍ കണ്ട മാറ്റം നീതി ലോകത്തെ അമ്പരപ്പിക്കും വിധമായിരുന്നു. ഗൊഗോയിക്കുണ്ടായ ഈ മാറ്റത്തിന്‍റെ ഫലവും കാലാകാലങ്ങളില്‍ അദ്ദേഹത്തിന് ലഭിച്ചു കൊണ്ടേയിരുന്നു. മറ്റ് മൂന്നു ജസ്റ്റീസുമാരും റിട്ടയര്‍ ആയി സ്വകാര്യതയുടെ യവകനികക്കുള്ളില്‍ മറഞ്ഞപ്പോള്‍ ഗഗോയി ആകട്ടെ ഉന്നതങ്ങള്‍ കീഴടക്കുകയായിരുന്നു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ തലവനായിരുന്ന ഒരാളെ വിരമിച്ച് ഏറെ നാളുകള്‍ കഴിയുന്നതിന് മുമ്പ് തികച്ചും വിഭിന്നമായ മറ്റൊരു മേഖലയിലേക്ക് ഭരണകൂടം നാമനിര്‍ദ്ദേശം ചെയ്യുമ്പോള്‍, പൊതുജനങ്ങള്‍ സംശയങ്ങള്‍ ഉന്നയിച്ചാല്‍ തെറ്റുപറയാനാകില്ല. ഭരണകൂടം വെച്ചുനീട്ടുന്ന അധികാരത്തിന്റെ അപ്പകഷ്ണങ്ങള്‍ക്ക് വേണ്ടി ന്യായാധിപന്മാര്‍ കാത്തു നില്‍ക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ തകര്‍ക്കും.

‘ഗുജറാത്തിലെ സഖിയാ ജാഫ്രി കേസില്‍ മോദിക്കനുകൂലമായി കേസ് ഇഴഞ്ഞും പിരിഞ്ഞും വഴുതിയും നീങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പ്രതിയായ ജസ്റ്റിസ് ലോയ വധക്കേസ് ദുര്‍ബ്ബലപ്പെടുത്തി. ബാബരി മസ്ജിദ് കേസില്‍ സര്‍ക്കാരിന് തലവേദനയില്ലാതെ വിധി പറയുകയുണ്ടായി. കശ്മീരില്‍ 370-ാം വകുപ്പ് എടുത്തു കളഞ്ഞതിനെതിരെ ഉള്ള വിധിയിലും സര്‍ക്കാരിനനുകൂലമായി ഗഗോയി ചീഫ് ജസ്റ്റീസായിരുന്ന സുപ്രീം കോടതി നിലകൊണ്ടു. സി.ബി.ഐ ഡയറക്ടര്‍, ഇലക്ടറല്‍ ബോണ്ട് തുടങ്ങി സര്‍ക്കാര്‍ പ്രതികൂട്ടിലായ കേസുകളും കൈകാര്യം ചെയ്തത് ജസ്റ്റീസ് ഗൊഗോയ് അടങ്ങിയ ബഞ്ചാണ്. സര്‍ക്കാര്‍ പ്രതിക്കൂട്ടിലായ ഈ കേസുകളില്‍ വിവരങ്ങള്‍ മുദ്ര വെച്ച കവറില്‍ നല്‍കാന്‍ ആവശ്യപ്പെട്ട ജസ്റ്റീസ് ഗൊഗോയിയുടെ നിലപാട് കോടതി നടപടികളെ ഗുപ്തമാക്കിയെന്ന ആക്ഷേപത്തിന് ഇടവരുത്തിയിരുന്നു. രാഷ്ട്രീയമായി ഏറെ കോളിളക്കമുണ്ടാക്കിയ റഫേല്‍ കേസില്‍ ഭരണകൂടത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയാണ് കേസ് അവസാനിച്ചത്. കാവല്‍ക്കാരന്‍ കള്ളനാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന റഫേല്‍ കേസിനെ മുന്‍നിര്‍ത്തിയായിരുന്നു. കേസിലെ അനുകൂല വിധി ബി.ജെ.പിക്ക് നല്‍കിയ ആശ്വാസം ചെറുതായിരുന്നില്ല. ഈ കേസുകളിലെ നിക്ഷ്പക്ഷത ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നുവെങ്കില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത് ?. ട്രിബ്യൂണല്‍ നിയമനവുമായി ബന്ധപ്പെട്ട റോജര്‍ മാത്യു കേസില്‍ ജസ്റ്റീസ് ഗൊഗോയിയുടെ ബഞ്ചിന്റെ നിരീക്ഷണവും
ശ്രദ്ധേയമായിരുന്നു. പുനര്‍നിയമനത്തിന് സാധ്യതയുണ്ടെങ്കില്‍ ട്രിബ്യൂണല്‍ അംഗങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നായിരുന്നു വിധിയിലെ നിരീക്ഷണം’. തനിക്കെതിരെവന്ന പെണ്‍കേസില്‍ അദ്ദേഹം തന്നെ വിധി പറഞ്ഞു സ്വയം ക്ലീന്‍ ഇമേജുണ്ടാക്കി. ഇതെല്ലാം രാജ്യത്തെ ജനകോടികള്‍ വിശ്വസിക്കുന്ന നീതിന്യായ വ്യവസ്ഥയുടെ തലപ്പത്തിരുന്നു ആരുടെയൊക്കെയോ ഇംഗിതത്തിനു വഴങ്ങി ചെയ്തതാണെന്ന പല ന്യായാധിപന്മാരുടെയും ആരോപണം ശരിവെക്കുന്നതാണ് ഗഗോയിക്കു ലഭിച്ച പുതിയ സ്ഥാനലബ്ധി.

അതുകൊണ്ടാണ് സു​പ്രീം​കോ​ട​തി​യി​ലെ മോ​ശം പ്ര​വ​ണ​ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി മു​ന്‍​ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രെ വാ​ര്‍​ത്ത സ​മ്മേ​ള​നം ന​ട​ത്തുവാന്‍ ​ഗഗോയിക്കൊപ്പമുണ്ടായിരുന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹ ജ​ഡ്ജി​യാ​യി​രു​ന്ന ജ​സ്റ്റീ​സ് മ​ദ​ന്‍ ബി. ​ലോ​ക്കൂ​ര്‍ ഗഗോയിയുടെ നിയമനത്തിനെതിരെ ശക്തമായി രം​ഗ​ത്തെ​ത്തിയത്. “ജു​ഡീ​ഷ​റി​യു​ടെ സ്വാ​ത​ന്ത്ര്യ​വും വി​ശ്വാ​സ്യ​ത​യും ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ് തീ​രു​മാ​ന”​മെ​ന്നാ​യി​രു​ന്നു ലോ​ക്കൂ​റി​ന്‍റെ വി​മ​ർ​ശ​നം. “നീതി ന്യായവ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പടുത്തുന്നതാണ് ഈ നയമനം” എന്ന് ജസ്റ്റീസ് ജോസഫ് കുര്യന്‍ പ്രതികരിച്ചതും അതുകൊണ്ടാണ്.

“നിയമം അറിയുന്നവരും നിയമമന്ത്രിയെ അറിയുന്നവരും എന്ന നിലയില്‍ രണ്ട് തരക്കാരായ ജഡ്ജിമാരാണുള്ളതെന്ന്” ബി.ജെ.പി നേതാവായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിഎട്ട് വര്‍ഷങ്ങള്‍ക്കു മുന്പ് പറഞ്ഞിരുന്നു. ഇതില്‍ ഗഗോയി ഏത് വിഭാഗത്തിലാണ് വരുക..???. അപ്പോള്‍ ഉയരുന്ന ചോദ്യം ഇതാണ്. മന്ത്രിയെ അറിഞ്ഞുകൊണ്ടുള്ള വിധികളായിരുന്നുവോ ഇന്ത്യയുടെ പരമോന്നത നീതിപീഢത്തിന്‍റെ ചീഫ് ജസ്റ്റീസ് ആയിരുന്നുകൊണ്ട് ഗഗോയി നടത്തിയിരുന്നത്.?. ഇന്ത്യന്‍ ജുഡീഷ്യറി തകരുമ്പോള്‍ തകര്‍ന്നു പോകുക ആത്യന്തികമായി ജനാധിപത്യം തന്നെയാകും. ജനാധിപത്യത്തെ വകവരുത്താന്‍ പല നിലയ്ക്ക് ഗുഢാലോചനകള്‍ അണിയറയില്‍ നടന്നു കൊണ്ടിരിക്കേ, അവസാന അത്താണിയാകേണ്ട ജുഡീഷ്യറിയില്‍ അതിന്റെ വിശ്വാസ്യതക്ക് മങ്ങലേല്‍പ്പിക്കുന്ന നിലപാടെടുക്കുന്നവര്‍ ഗൂഢാലോചനക്ക് കൂട്ടുനില്‍ക്കുന്നവരാണ്. ഗഗോയി ഇന്ന് രാജ്യസഭാഗമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ അത് ഇന്ത്യന്‍ ജനാധിപത്യത്തിന് എന്ത് ആഘാതം ആണ് ഏല്‍പ്പിക്കുകയെന്ന് കാലമാണ് തെളിയിക്കേണ്ടത്.