ആഗോള തലത്തില്‍ ആരോഗ്യ അടിയന്താരാവസ്ഥ പ്രഖ്യാപിച്ച് ഡബ്ലു.എച്ച്.ഒ

Print Friendly, PDF & Email

ചൈനയ്ക്കു പുറത്തേയ്ക്കും കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിലവില്‍ ചൈനയ്ക്ക് പുറത്ത് 18 രാജ്യങ്ങളിലായി 98 വൈറസ് ബാധ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. 8,100 പേർക്ക് രോഗം സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ജനീവയില്‍ ഇന്നലെ ചേര്‍ന്ന വേള്‍ഡ് ഹോല്‍ത്ത് ഓര്‍ഗനൈസേഷന്‍റെ യോഗത്തിനു ശേഷം ലോകാരോഗ്യ സംഘടന തലവന്‍ ടഡ്രോസ് അദാനം ഗബ്രിയേസസ് ആണ് ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി അറിയിച്ചത്.

സ്ഥിതി ഗൗരവതരമാണെന്നും ആരോഗ്യ അടിയന്തരാവസ്ഥ സംബന്ധിച്ച് ഐക്യരാഷ്ട്ര സഭാ അംഗരാജ്യങ്ങളിലേയ്‌ക്കെല്ലാം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും ടഡ്രോസ് അദാനം ഗബ്രിയേസസ് പറഞ്ഞു. ചൈനയിലെ അവസ്ഥ എന്ത് എന്നതിനേക്കാള്‍ മറ്റു രാജ്യങ്ങളിലേയ്ക്ക് വൈറസ് ബാധ പടരുന്നു എന്ന വസ്തുതയാണ് പ്രധാനം. വൈറസ് ബാധ നിയന്ത്രിക്കാന്‍ ചൈന ആവശ്യമായ നടപടികള്‍ കൈക്കൊണ്ടുവരുന്നുണ്ട്. എന്നാല്‍, ദുര്‍ബലമായ ആരോഗ്യ സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളിലേയ്ക്ക് വൈറസ് പടരുന്നത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വൈറസ് വ്യാപനം തടയുന്നതിന് എല്ലാവരും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണെന്നും സഹായം ആവശ്യമുള്ളിടങ്ങളില്‍ സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കാന്‍ ലോകാരോഗ്യ സംഘടന തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാനസര്‍വ്വീസുകള്‍ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും ഡബ്ല്യു. എച്ച്. ഒ. വ്യക്തമാക്കി.