വിജ്ഞാപനം ഇറങ്ങി. പൗരത്വ ഭേദഗതി നിയമം നിലവില്‍ വന്നു. അടുത്തത് പൗരത്വ രജിസ്റ്റര്‍…?

Print Friendly, PDF & Email

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തുടനീളം വന്‍ പ്രതിഷേധങ്ങള്‍ തുടരുന്നിടെ പൗരത്വഭേദഗതി നിയമത്തിന്റെ വിജ്ഞാപനമിറക്കി കേന്ദ്രആഭ്യന്തര മന്ത്രാലയം. ജനുവരി 10 മുതല്‍ നിയമംനിലവില്‍ വന്നതായി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ നിരവധി ഹര്‍ജികള്‍ നിലനില്‍ക്കെയാണ് നിര്‍ണായക നീക്കം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ബില്ലനെതിരെ സുപ്രീം കോടതിയുടെ സ്‌റ്റേ ഇല്ലാത്തതിനാല്‍ മുന്നോട്ടുപോകാമെന്നാണ് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരിക്കുന്നതിനാലാണ് പ്രതിക്ഷേധങ്ങളെ വകവെക്കാതെ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത്. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രിംകോടതിയില്‍ 60 ഹര്‍ജികള്‍ നിലവിലുണ്ട്. ജനുവരി 22നാണ് കോടതി ഇവ പരിഗണിക്കുന്നത്.

ഇതോടെ 2014 ഡിസംബര്‍ മുപ്പത്തിയൊന്നിനോ അതിനു മുമ്പോ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നെത്തിയ മുസ്‌ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും ഈ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കാണ് പൗരത്വം നല്‍കുന്നത്. അയല്‍ രാഷ്ട്രങ്ങളില്‍ മതപീഡനം അനുഭവിക്കുന്നവര്‍ക്കാണ് പൗരത്വം നല്‍കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. പൗരത്വം നല്‍കുന്നതിന് മതം അടിസ്ഥാനമാക്കിയതോടെ രാജ്യത്ത് കഴിഞ്ഞ ഏഴ് പതിറ്റാണ്ട് നലനിന്ന മതേതര സങ്കല്‍പ്പത്തിന്‍റെ കടക്കലാണ് മോദി സര്‍ക്കാര്‍ കോടാലി വച്ചിരിക്കുന്നത്.

ഡിസംബര്‍ 11നാണ് ലോക്‌സഭ നിയമം പാസാക്കിയത്. തൊട്ടടുത്ത ദിവസം രാജ്യസഭയും പാസാക്കിയ നിയമം പിന്നീട് രാഷ്ട്രപതി ഒപ്പുവച്ചു. മുൻപ് കുറഞ്ഞതു 11 വർഷം രാജ്യത്ത് സ്ഥിരതാമസമായവർക്കു മാത്രമാണ് പൗരത്വം നൽകിയിരുന്നത്. എന്നാൽ നിലവിലെ ഭേദഗതി പ്രകാരം ഇത് അഞ്ചു വർഷമായി ചുരുങ്ങും. ഈ നിയമപ്രകാരം, അപേക്ഷകൻ തൊട്ടു മുമ്പുള്ള 12 മാസവും ഇന്ത്യയിൽ താമസിച്ചിരിക്കണം എന്നാണ് നിബന്ധന.

ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള അസം, മേഘാലയ, മിസോറാം, ത്രിപുര സംസ്ഥാനങ്ങളിലെ ഗോത്ര മേഖലകളെ ബിൽ അതിന്റെ പ്രയോഗത്തിൽ നിന്ന് ഒഴിവാക്കുന്നു. അസമിലെ കാർബി ആംഗ്ലോംഗ്, മേഘാലയയിലെ ഗാരോ ഹിൽസ്, മിസോറാമിലെ ചക്മ ജില്ല, ത്രിപുരയിലെ ആദിവാസി മേഖലകൾ എന്നിവ ഈ ഗോത്ര പ്രദേശങ്ങളിൽ ഉൾപ്പെടുന്നു. അരുണാചൽ പ്രദേശ്, മിസോറം, നാഗാലാൻഡ് എന്നിവ ഉൾപ്പെടുന്ന ഇന്നർ ലൈൻ പെർമിറ്റ് വഴി നിയന്ത്രിക്കുന്ന പ്രദേശങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതോടെ കേന്ദ്രസര്‍ക്കാര്‍ ഇനി ലക്ഷ്യം വക്കുക പൗരത്വ രജിസ്റ്റര്‍ (എന്‍പിആര്‍) നിര്‍മ്മിക്കുന്നതിലായിരിക്കും. അതിനായി സെൻസസ്നോടൊപ്പം ഇക്കൊല്ലം ഏപ്രിലിനും സെപ്‌റ്റംബറിനുമിടയിൽ സെൻസസിന്റെ ഭാഗമായ ‘ഹൗസ് ലിസ്റ്റിങ്ങും’ ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആര്‍) പുതുക്കലും നടത്തും. എൻ.പി.ആറിൽ ജനനത്തീയതി, സ്ഥലം, മാതാപിതാക്കളുടെ ജനനത്തീയതി, സ്ഥലം തുടങ്ങിയവയും രേഖപ്പെടുത്തും. ചോദ്യാവലിയില്‍ 31-ാം ചോദ്യം ഫോൺ നമ്പർ ആണ്. സെൻസസുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാൻ മാത്രമാത്രമാണ് ഫോണ്‍ നമ്പർ ചോദിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇത്തരത്തിലൊരു അറിയിപ്പ് ഇതിനു മുന്പുള്ള ഒരു സെന്‍സസിലും ഉണ്ടായിട്ടില്ല എന്നത് സര്‍ക്കാറിന്‍റെ ഉദ്ദേശശുദ്ധിയില്‍ സംശയം ഉളവാക്കുന്നതാണ്.

ഫോണ്‍ നമ്പറും മാതാപിതാക്കളുടെ ജനന തീയതിയും, ജനനസ്ഥലവും അടക്കം വ്യക്തി സംമ്പന്ധമായ പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞാല്‍ ഈ വിവരങ്ങളെല്ലാം കേന്ദ്രസര്‍ക്കാരിന്‍റെ സ്വത്തായി മാറും. പിന്നീടാണ് യഥാര്‍ത്ഥ വില്ലന്‍റെ രംഗപ്രവേശം. കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആര്‍)ൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവയുടെ രേഖാമൂലമുള്ള തെളിവ് ആവശ്യപ്പെടുവാന്‍ കഴിയും. അവ സമര്‍പ്പിക്കുവാന്‍ കഴിയാതെ വരുന്നവര്‍ ദേശീയ പൗരത്വ പട്ടിക(NRC)ല്‍ നിന്ന് പുറത്താവുകയും നുഴഞ്ഞു കയറ്റക്കാരായോ അഭയാര്‍ത്ഥികളായോ കണക്കാക്കപ്പെടുകയും ചെയ്യും. ദേശീയ വ്യാപകമായി നടപ്പാക്കുന്ന പൗരത്വ പട്ടികയുടെ ആദ്യപടിയായാണ് എന്‍.പി.ആര്‍ എന്നാണ് കരുതപ്പെടുന്നത്.

ദേശീയ ജനസംഖ്യാ രജിസ്റ്ററും (എന്‍.പി.ആര്‍) ദേശീയ പൗരത്വ പട്ടികയും (എന്‍.ആര്‍.സി) തമ്മില്‍ ഒരു ബന്ധവുമില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദങ്ങള്‍ ശരിയല്ലെന്നാണ് രേഖകള്‍ പറയുന്നത്. എന്‍.ആര്‍.സി യിലേക്കുള്ള ആദ്യ ചുവടല്ല, എന്‍.പി.ആര്‍ എന്‍.ആര്‍.സി തന്നെയാണ് സര്‍ക്കാര്‍ രേഖകള്‍ തന്നെ വ്യക്തമാക്കുന്നു. എന്‍.പി.ആര്‍ 2020നു വേണ്ട നിര്‍ദ്ദേശ മാനുവലില്‍ ഫീല്‍ഡ് നമ്പര്‍ 13ല്‍ മാതാപിതാക്കളുടെ ജനന വിവരങ്ങള്‍ ചോദിക്കുന്നിടത്താണ് ‘അപകടം’ പതിയിരിക്കുന്നത്. ഈ ഭാഗത്ത് മാതാപിതാക്കള്‍ ജനിച്ചത് ഇന്ത്യയിലാണോ വിദേശത്താണോ എന്നാണ് പ്രധാന ചോദ്യം. മന്‍മോഹന്‍സിങിനു കീഴിലെ യു.പി.എ സര്‍ക്കാറിന്റെ കാലത്ത് മാതാപിതാക്കള്‍ എവിടെയാണ് ജനിച്ചത് എന്ന ചോദ്യമുണ്ടായിരുന്നില്ല. >ചോദ്യങ്ങള്‍ ഇങ്ങനെ 1- അച്ഛനോ അമ്മയോ പങ്കാളിയോ ഈ വീട്ടിലെ അംഗമല്ല എങ്കില്‍, അല്ലെങ്കില്‍ ജീവിച്ചിരിപ്പില്ല എങ്കില്‍ അവരുടെ പേരും ജനനത്തിയ്യതികളും താഴെ വരുന്ന ഇടത്ത് എഴുതുക. ജീവിതപങ്കാളിയെ കുറിച്ചെങ്കില്‍ പേരു മാത്രം എഴുതുക. 2- അവര്‍ ഈ വീട്ടിലെ അംഗങ്ങളാണ് എങ്കില്‍ നല്‍കിയിട്ടുള്ള ഇടത്ത് സീരിയല്‍ നമ്പര്‍ എഴുതുക 3- ജനനം ഇന്ത്യയ്ക്കകത്താണ് എങ്കില്‍ ഏതു സംസ്ഥാനത്ത്, ഏതു ജില്ലയില്‍ എന്ന് രേഖപ്പെടുത്തുക. ഇന്ത്യയ്ക്ക് പുറത്താണ് എങ്കില്‍ രാജ്യത്തിന്റെ പേരെഴുതുക. ഇന്‍സ്ട്രക്ഷന്‍ മാന്വലില്‍ ഉദാഹരണ സഹിതമാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്.

സാധാരണഗതിയില്‍ ജനസംഖ്യാ സെന്‍സസിന്റെ ഭാഗമായാണ് എന്‍.ആര്‍.പി വിവരങ്ങള്‍ സര്‍ക്കാര്‍ ആരായുന്നത്. ഇതിനു മുമ്പു തന്നെ ഒരു വിവര ശേഖരണത്തില്‍ മാതാപിതാക്കളുടെ ജന്മസ്ഥലം ആവശ്യപ്പെട്ടിരുന്നില്ല എന്നാണ് വിദഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ എന്‍.പി.ആറുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്‍.പി.ആര്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൗരന്മാരെ സംശയപ്പട്ടികയില്‍ പെടുത്താന്‍ ജില്ലാ മജിസ്ട്രേറ്റിന് അധികാരമുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഈ പട്ടികയില്‍ പെടുന്നവര്‍ക്ക് തങ്ങളുടെ പൗരത്വം തെളിയിക്കേണ്ടി വരും. ഈ പട്ടികയിലെ മാനദണ്ഡങ്ങളില്‍ വ്യക്തതയില്ല.

ഇവിടെയാണ് പൗരത്വ ഭേദഗതി നിയമത്തിന്‍റെ പ്രസക്തി. അങ്ങനെ പുറത്താക്കപ്പെടുന്ന മുസ്ലീം സമുദായത്തില്‍ പെടാത്തവര്‍ തങ്ങള്‍ മതപീഢനത്തിന്‍റെ പേരില്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ഏതെങ്കിലും രാജ്യത്തുനിന്ന് രക്ഷപെട്ടുവന്നവരാണെന്ന് സാക്ഷ്യപ്പെടുത്തി സത്യവാങ്മൂലം കൊടുത്താല്‍ അവര്‍ തിരിച്ച് ഇന്ത്യന്‍ പൗരന്മാരാകും അല്ലാത്തവര്‍ പൗരത്വാവകാശമൊന്നുമില്ലാത്ത രണ്ടാംകിടവ്യക്തികളായി കഴിയുകയോ രാജ്യമെമ്പാടും കെട്ടിഉയര്‍ത്തപ്പെട്ടു കൊണ്ടിരിക്കുന്ന തടങ്കല്‍ പാളയങ്ങലിലേക്ക് അയക്കപ്പെടുകയോ ചെയ്യാം. ഈ സാഹചര്യം മുന്നില്‍ കണ്ടുകൊണ്ടാണ് കേരളം, ബംഗാള്‍ തുടങ്ങി ബിജെപിയേതര ഗവര്‍മ്മെന്‍റുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തങ്ങള്‍ പൗരത്വ ബില്ലുമായോ പൗരത്വ രജിസ്റ്ററുമായോ സഹകരിക്കുകയില്ല എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.