പടയൊരുക്കം ദളിതര്‍ക്കെതിരെ… തിരിച്ചറിയാത്തത് ദളിതര്‍ മാത്രം !!!

Print Friendly, PDF & Email

പ്രശസ്ത ദളിത് ചിന്തകനും ചരിത്രപണ്ഡിതനുമായ കാഞ്ച ഏലയ്യ തന്റെ പ്രസിദ്ധമായ ‘ഞാന്‍ എന്തുകൊണ്ട് ഹിന്ദുവല്ല’ എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്…. ജാതി മേധാവിത്വം ഇരയെ കാത്തിരിക്കുന്ന സിംഹത്തെപോലെ പതുങ്ങിയിരിക്കും. അവസരം ഒത്തുവരുമ്പോള്‍ അവര്‍ ദളിത സമൂഹത്തിന്റെ മര്‍മ്മം നോക്കി ആഞ്ഞടിക്കും”. സ്വാതന്ത്ര്യത്തിനു ശേഷം ആറര പതിറ്റാണ്ട് നീണ്ട നെഹ്രുവിന്‍ ആശയങ്ങള്‍ക്ക് പ്രാമുഖ്യം ലഭിച്ചിരുന്ന കോണ്‍ഗ്രസ് യുഗത്തില്‍ തല ഉയര്‍ത്താന്‍ കഴിയാതെ കാത്തിരിക്കുകയായിരുന്നു അവര്‍. അവര്‍ക്കിതാ, കാത്തിരുന്ന അവസരം സംജാതമായിരിക്കുന്നു. ദളിത വിഭാഗത്തിന്റെ തിരുനെറ്റി നോക്കി ആഞ്ഞടിക്കുവാന്‍… മനുസ്മൃതികളെ തിരികെ അവരോധിക്കുവാന്‍. അദ്ദേഹം വീണ്ടും പറയുന്നു. “രാജ്യത്തില്‍ ബഹുഭൂരിപക്ഷം വരുന്ന ദളിത വിഭാഗത്തെ അടിച്ചമര്‍ത്തുവാന്‍ അവര്‍ ആയുധമാക്കുന്നത് ദളിതവിഭാഗത്തെ തന്നെയായിരിക്കും. ദളിതരെ കൊണ്ടു തന്നെ അവര്‍ ദളിതരെ അടിച്ചമര്‍ത്തും”. ഈ അസംബന്ധ നാടകങ്ങളുടെ അണിയറ പ്രവര്‍ത്തനങ്ങളാണ് സംഘപരിവാര്‍ സംഘടനകളിലെ സവര്‍ണ്ണ മേധാവിത്വം ഇന്ന് രാജ്യം മുഴുവനും നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നത്. അതിനോടുള്ള ഇന്ത്യന്‍ ജനതയുടെ പ്രതിരോധത്തില്‍ നിന്നുയരുന്ന അഗ്‌നിസ്ഫുല്ലിഗങ്ങളാണ് ജെഎന്‍യുവിലും ജാമിയായിലും തുടങ്ങി രാജ്യം മുഴുവനും ഇന്നു പടര്‍ന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ യുവത്വത്തിന്റെ ഈ പ്രതിരോധത്തിലാണ് ഭാവി ഇന്ത്യയുടെ പ്രതീക്ഷ.

ദളിത വിഭാഗത്തെ അടിച്ചമര്‍ത്തുവാന്‍ സവര്‍ണ്ണ മേധാവിത്വം കണ്ടെത്തിയ കുറുക്കുവഴിയാണ് മുസ്ലീമുകള്‍ക്കെതിരെയുള്ള നീക്കമായി വ്യാഖ്യാനിക്കാവുന്ന തരത്തിലുള്ള നിയമ നിര്‍മ്മാണങ്ങള്‍ നടത്തുന്ന സമകാലിക ഇന്ത്യന്‍ പൊളിറ്റിക്‌സ്. അതിലൂടെ ഹിന്ദു മുസ്ലീം സ്പര്‍ദ്ധവളര്‍ത്തി ഹിന്ദുക്കളില്‍ ഏകീകരണം നടത്തുവാന്‍ കഴിയുമെന്നാണ് ഭരണകൂടവും അവരെ നിയന്ത്രിക്കുന്ന സവര്‍ണ്ണ മേധാവിത്വത്തിന്റെ തുറന്ന മുഖമായ സംഘപരിവാര്‍ സംഘടനകളും പ്രതീക്ഷിക്കുന്നത്. അവര്‍ കൊണ്ടുവരുന്ന നിയമ നിര്മ്മാണങ്ങളിലൂടെ അവര്‍ ലക്ഷ്യമാക്കുന്നത് അവര്‍ണ്ണരുടെ തകര്‍ച്ച തന്നെയാണ്.

അതിനു ഏറ്റവും നല്ല ഉദാഹരണമാണ് ഗോവധ നിരോധനത്തിനു പിന്നിലെ പശുരാഷ്ട്രീയം. പശുമാംസം ഭക്ഷിക്കുന്ന മുസ്ലീമുകള്‍ക്കെതിരെയാണ് ഗോവധ നിരോധന നിയമം എന്ന പ്രതീതി ജനിപ്പിക്കുവാന്‍ വിശുദ്ധപശു രാഷ്ട്രീയം കളിക്കുന്ന ഹിന്ദു പരിവാര്‍ സംഘടനകള്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ പ്രത്യാഘാതം മുഴുവനും അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇന്ത്യയിലെ കോടിക്കണക്കിനു ഗ്രാമീണ ദളിതരാണ്. കാരണം പശുവളര്‍ത്തല്‍് ഉപജീവനമാര്ഗ്ഗമായി കൊണ്ടുനടന്നിരുന്നത് അവര്‍ മാത്രമാണ്.

വ്യവസായങ്ങളും കച്ചവടവും ജീവിതോപാധിയായി സ്വീകരിച്ചിരിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന മുസ്ലീമുകളുടെ സാമ്പത്തിക അടിത്തറക്ക് ഗോവധ നിരോധനം അത്ര കണ്ട് ആഘാതം സൃഷ്ടിച്ചിട്ടില്ല എന്നാണ് അടുത്ത കാലത്ത് നടത്തിയ ഒരു പഠനം തെളിയിച്ചിരിക്കുന്നത്. പശുക്കച്ചവടത്തിലും തുകല്‍ വ്യവസായത്തിലും ഏര്‌പ്പെട്ടിരുന്ന മുസ്ലീം വിഭാഗത്തിന് താല്‍ക്കാലിക പ്രതിസന്ധി സൃഷ്ടിക്കുവാന്‍ മാത്രമേ ഗോവധ നിരോധനം കൊണ്ടു കഴിഞ്ഞുള്ളൂ. അവര്‍ കച്ചവടത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്തി ജീവിതം വഴിതിരിച്ചുവിട്ടു.

എന്നാല്‍ പശുവളര്‍ത്തല്‍ ജീവിതോപാധിയായി കണ്ടിരുന്ന ദളിതര്‍ക്കാകട്ടെ ഉത്പാദനക്ഷമത നശിച്ച ഗോക്കളില്‍ നിന്നുള്ള വരുമാനം നിലച്ചു. എന്നുമാത്രമല്ല പ്രയാധിക്യം ചെന്ന പശുക്കളേയും കാളകളേയും സംരക്ഷിക്കുക എന്നത് അവര്ക്ക് അധിക ബാധ്യത ആവുകയും ചെയ്തു. സംരക്ഷിക്കുവാന്‍ തയ്യാറാകാത്ത ദളിതരെ ഗോ പീഢനത്തിന്റെ പേരില്‍ കേസിന്റെ നൂലമാലകളില്‍ പെടുത്തി പീഢിപ്പിച്ചു. ആരോരും കാണാതെ തെരുവുകളില്‍ ഉപേക്ഷിക്കപ്പെട്ട ഗോമാതാക്കള്‍ അവരുടെ നാമമാത്രമായ കൃഷിയിടങ്ങളില്‍ കയറി വിഹരിച്ചു. രാത്രിയും പകലും കൃഷിഭൂമികള്‍ക്ക് കാവല്‍ കിടക്കേണ്ട ഗതികേടിലായി പാവം ദളിത കര്‍ഷകര്‍. എന്നിട്ട് വിശുദ്ധ പശുവിന്റെ പേരില്‍ അവരെകൊണ്ടു തന്നെ അവരുടേയും മറ്റ് ന്യൂനപക്ഷ മതക്കാരുടേയും തലതല്ലിപ്പൊളിക്കുവാന്‍ കുറുവടികളും വെട്ടുകത്തികളും കൊടുത്ത് പറഞ്ഞുവിടുന്നു. എന്നിട്ട് ഗൂഢമായി സന്തോഷിക്കുന്നു. യഥാര്‍ത്ഥത്തില്‍ പശുസംരക്ഷണ നിയമവും ഗോവധ നിരോധനവും കൊണ്ട് യഥാര്‍ത്ഥ നഷ്ടമുണ്ടായത് രാജ്യത്തെ ദളതരടക്കമുള്ള അധകൃത വംശജര്‍ക്കാണ്. അവര്‍ മൃതശരീരം തോളില്‍ചുമക്കുവാന്‍ നിര്‍ബ്ബന്ധിതരാകുമ്പോള്‍ അവര്‍ക്കു മുമ്പിലൂടെ പശുക്കള്‍ക്കു വേണ്ടി ആംബുലന്‍സുകള്‍ ചീറിപായുന്നു. കൊടും തണുപ്പില്‍ അവരുടെ കുഞ്ഞുങ്ങള്‍ തണുത്ത് വിറങ്ങലിച്ചു മരിക്കുമ്പോള്‍ പശുക്കള്‍ക്കു തണുക്കാതിരിക്കുവാന്‍ കോട്ടുകള്‍ നിര്‍മ്മിക്കുന്ന തിരക്കിലാണ് സവര്‍ണ്ണ മേധാവിത്വം നിയന്ത്രിക്കുന്ന രാജ്യത്തെ സംസ്ഥാന ഭരണകൂടങ്ങള്‍.

കേന്ദ്ര ഗവര്‍മ്മെന്റിന്റെ മറ്റൊരു സുപ്രധാന തീരുമാനമാണ് പൊതുമേഖല സ്ഥാപനങ്ങളെ ഒന്നൊന്നായി വിറ്റൊഴിക്കുക എന്നത്. വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്തുത സ്ഥാപനങ്ങളെ വില്‍ക്കുന്നതിനു കാരണമായി മോദിസര്‍ക്കാര്‍ പറയുന്നത് അവയുടെ ആധുനികവത്കരണമാണ്. പക്ഷെ യഥാര്‍ത്ഥത്തില്‍ അതാണോ ലക്ഷ്യം ?. രാജ്യത്തെ ആകെ ജനസംഖ്യയില്‍ 19.59ശതമാനം ഷെഡ്യൂള്‍ഡ് കാസ്റ്റില്‍ പെട്ടവരും 8.63ശതമാനം ഷെഡ്യൂള്‍ഡ് ട്രൈബില്‍ പെട്ടവരുമാണ്. മറ്റ് ഒബിസി വിഭാഗത്തില്‍ പെട്ടവര്‍ 40.94 ശതമാനം വരും. അതായത് ആകെ ജനസംഖ്യയുടെ 69.16 ശതമാനം ജനങ്ങളും അധഃകൃതവിഭാഗം വിഭാഗം എന്ന് സംഘപരിവാര്‍ വിശേഷിപ്പിക്കുന്ന ദളിതരാണ്. രാജ്യത്തെ സവര്‍ണ്ണവിഭാഗങ്ങളെല്ലാം ചേര്‍ന്നാല്‍ ജനസംഖ്യയുടെ 30.84 ശതമാനമേ വരൂ. ഇന്ന് രാജ്യത്തിന്റെ ഭരണ തലങ്ങളെ നിന്ത്രിക്കുന്നത് 30.84 ശതമാനം മാത്രം വരുന്ന ഈ സവര്‍ണ്ണ വിഭാഗമാണ്. ഈ സാഹചര്യത്തിലാണ് താഴെകിടയില്‍ കിടക്കുന്ന ദളിതരെ ഉയര്‍ത്തി കൊണ്ടുവരുവാനായി ഭരണഘടനയില്‍ തന്നെ സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ന് രാജ്യത്തെ തൊഴില്‍ മേഖലയിലുള്ള സംവരണം 50ശതമാനത്തോളം എത്തികിഞ്ഞു. ഈ സാഹചര്യം ഇനിയും തുടര്‍ന്നാല്‍ രാജ്യത്തിന്റെ സകലമേഖലകളിലും ദളിതര്‍ ആധിപത്യം ഉറപ്പിക്കുമെന്ന് സവര്‍ണ്ണമേധാവിത്വം ഭയക്കുന്നു. അവര്‍ സാമ്പത്തികമായി ഉയര്‍ന്നു കഴിഞ്ഞാല്‍ പിന്നെ അവരെ തങ്ങളുടെ വരുതിക്കു ലഭിക്കുകയില്ല എന്ന് അവര്‍ തിരിച്ചറിയുന്നു. അതിനുവേണ്ടത് സംവരണം കുറക്കുക എന്നതു തന്നെയാണ്. പക്ഷെ, രാജ്യത്തിന്റെ ഇന്നത്തെ സാഹചര്യത്തില്‍ അത് അസാദ്ധ്യമാണെന്ന വസ്തുതയും അവര്‍ക്കറിയാം. പകരം ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നതില്‍ നിന്ന് അവരെ തടയുക. തൊഴില്‍ ലഭിക്കുന്നതില്‍ നിന്ന് അവരെ തടയുക. ജെഎന്‍യുവിലെ ഫീസു വര്‍ദ്ധനവിന്റേയും പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുന്നതിന്റേയും പിന്നിലെ ഉദ്ദേശവും ഇതല്ലാതെ മറ്റൊന്നുമല്ല. ഓരോ വര്‍ഷവും ഒരു ലക്ഷത്തിലേറെ തൊഴിലവസരം സൃഷ്ടക്കുന്ന റെയില്‍വേ പോലുള്ള സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുന്നതോടെ ദളിതരുടെ അവകാശമായ തൊഴില്‍ സംവരണത്തിലൂടെ അവര്‍ക്ക് ലഭ്യമായികൊണ്ടിരുന്ന തൊഴിലവസരമാണ് ഇതോടെ അവര്‍ക്ക് ഇല്ലാതാവുക. പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുന്നതിലൂടെ മോദി സര്‍ക്കാരിലൂടെ സംഘപരിവാര്‍ നേതൃത്വം ലക്ഷ്യം വക്കുന്ന ഹിഡന്‍ അജണ്ടയും ഇതുതന്നെയാണ്.

ഇനി മോദി സര്‍ക്കാര്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളുടെ കാര്യം പരിശോധിക്കാം. അവിടേയും കാണാം ദളിതരെ സാമ്പത്തികമായി തകര്‍ക്കുവാനുള്ള സംഘപരിവാര്‍ നേതൃത്വത്തിന്റെ ഗൂഢാലോചന. മോദി സര്‍ക്കാര്‍ കെട്ടിഘോഷിക്കുന്ന കാശുരഹിത സമ്പദ് വ്യവസ്ഥ പാവങ്ങളുടെ വയറ്റത്തടിക്കുന്ന വ്യവസ്ഥയാണ്. ഒരു പരിധിവിട്ട് പണമിടപാടു ഡിജിറ്റലായി ചുരുങ്ങുംതോറും താഴ്ത്തട്ടുകാര്‍ സാമ്പത്തികമായി ഞരുങ്ങും. അവര്‍ക്കു കാശു കൈകാര്യം ചെയ്തുമാത്രമാണു പരിചയം. പിശ്ചാത്യരാജ്യങ്ങളില്‍ പോലും 60 ശതമാനത്തില്‍ കൂടുതല്‍ ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നില്ലന്നിരിക്കെ 80 ശതമാനമെങ്കിലും ഡിജിറ്റല്‍ ആക്കാനുള്ള മോദിയുടെ നീക്കം, കീഴ്ത്തട്ടുകാരെ ദാരിദ്ര്യത്തില്‍ കുടുക്കി മേഴ്ത്തട്ടുകാരുടെ അടിമകളാക്കിനിര്‍ത്താന്‍ ലക്ഷ്യം വെച്ചുള്ളതാണ്. നോട്ടുനിരോധനത്തിലൂടെ നാമത് കണ്ടതുമാണ്.

അതുപോലെതന്നെ കൈവശം വെക്കാവുന്ന സ്വര്‍ണ്ണത്തിനും കാശിനും പരിധിവെക്കുമ്പോള്‍, ധനശേഖരണത്തിനു ബാങ്കുകളെയും ഓഹരി വിപണിയെയും മാത്രം ആശ്രയിക്കേണ്ടിവരും. വന്‍ സ്രാവുകള്‍ ബാങ്കുകളില്‍ നിന്നു കടമെടുത്തു മുങ്ങുമ്പോഴും വ്യവസായങ്ങള്‍ പൊട്ടിപാളിഷാകുമ്പോഴും പാവങ്ങളുടെ പണം അപ്രത്യക്ഷമാകും. ബാങ്കുകളില്‍ മിനിമം ബാലന്‍സു പോലും സൂക്ഷിക്കാനാവാത്ത പട്ടിണിപാവങ്ങളുടെ അക്കൗണ്ടുകളില്‍ നിന്ന് അക്കാരണം പറഞ്ഞ് കോടികള്‍ പിഴിഞ്ഞെടുത്ത് വന്‍കിടക്കാരുടെ ശതകോടികള്‍ എഴുതിതള്ളുന്ന മോദിയുടെ സാമ്പത്തിക തന്ത്രങ്ങളും നാം കണ്ടുകൊണ്ടിരിക്കുന്നതാണ്. അനിയന്ത്രിതമായ അന്തര്‍ദേശിയ സംഭവവികാസങ്ങളില്‍ കിടന്നുലഞ്ഞ് ഓഹരി കമ്പോളം തകര്‍ന്നടിയുമ്പോഴും അതുതന്നെ സംഭവിക്കും. കാലിയാകുന്നത് പാവപ്പെട്ടവരുടെ പാവപ്പെട്ടവരുടെ കീറിയ പോക്കറ്റുകള്‍. വിദഗ്ദ്ധരും ബുദ്ധിമാന്മാരുമായ ചൂതാട്ടക്കാര്‍ അപ്പോഴും തഴയ്ച്ചുവളരും.

അവസാനം ദേശീയ പൗരത്വ പട്ടിക വരുന്നതോടെ നല്ലൊരു ശതമാനം ദളിതര്‍ പൗരത്വത്തിനു പുറത്താകും. പൗരത്വാവകാശങ്ങളൊന്നുമില്ലാത്ത രണ്ടാംകിട പൗരന്മാരാകും. കാരണം പൗരത്വം തെളിയിക്കണ്ട രേഖകളൊന്നുമില്ലാത്തത് അവര്‍ക്കായിരിക്കുമല്ലോ, രേഖകളുടെ അഭാവത്തിന്റെ പേരില്‍ പൗരത്വവും അതോടുകൂടി വോട്ടവകാശവും നഷ്ടപെടാന്‍ പോകുന്നത് മുസ്ലിമുകളെക്കാളും കൂടുതല്‍ വിദ്യാഭ്യാസം കുറവുള്ള പട്ടികജാതി/പട്ടികവര്‍ഗ്ഗ/ആദിവാസി ജനവിഭാഗത്തില്‍പ്പെട്ടവര്‍ക്കായിരിക്കും. പാവങ്ങള്‍… അവര്‍ രേഖകളെക്കുറിച്ചു അറിയാനും ചിന്തിക്കാനും തുടങ്ങിയിട്ട് കഷ്ടിച്ചു രണ്ടു പതിറ്റാണ്ടായിക്കാണും. അവര്‍ക്കങ്ങനെ മുന്‍തലമുറക്കാരുടെ രേഖകള്‍ കാണിക്കാന്‍ സാധിക്കും?. നല്ലൊരു ശതമാനം മുസ്ലിമുകള്‍ക്കും കീഴ് ജാതിക്കാര്‍ക്കും വോട്ടവകാശം നഷ്ടമാകുമ്പോള്‍, മേല്‍ജാതിക്കാരുടെ വോട്ടിന്റെ ബലത്തില്‍ ബിജെപിക്കു ഭരണം എന്നന്നേക്കും നിലനിര്‍ത്താന്‍ സാധിക്കുമെന്നായിരിക്കും മോദിയും ഷായും കണക്കുകൂട്ടുന്നത്. ഈ സത്യം ഇന്ന് സംഘപരിവാര്‍ കക്ഷികളുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ദളിതവിഭാഗത്തില്‍പെട്ടവര്‍ തിരിച്ചറിയുന്നില്ല എന്നതാണ് വിരോധാഭാസം. അത് അവര്‍ തിരിച്ചറിയുവാന്‍ തുടങ്ങുമ്പോഴേക്കും സ്വാതന്ത്ര്യത്തിനുശേഷം ജാതിവ്യവസ്ഥയില്‍ വന്ന എല്ലാ ശുഭകരമായ മാറ്റങ്ങളും മോദി-ഷാ കൂട്ടുകെട്ട് ഇല്ലാതാക്കും. മനുസ്മൃതി നടമാടും. സവര്‍ണ്ണ വര്‍ഗ്ഗം ആധിപത്യം സ്ഥാപിച്ചിരിക്കുന്ന സംഘപരിവാര്‍ കൂട്ടും തുള്ളിച്ചാടും. മോദിയുടെ ഭരണത്തിന്റെ കീഴില്‍ തങ്ങള്‍ എങ്ങനെ ഒതുക്കപ്പെടുന്നുവെന്ന് പട്ടികജാതി/പട്ടികവര്‍ഗ്ഗ/ആദിവാസി ഗണമുള്‍പ്പെടുന്ന ദളിതര്‍ ഇനിയെങ്കിലും മനസ്സിലാക്കിയാല്‍ അവര്‍ക്കു തന്നെ നല്ലത്.

  •  
  •  
  •  
  •  
  •  
  •  
  •