പൗരത്വ ഭേദഗതി നിയമത്തിനെതിരായുള്ള പോരാട്ടം ഒറ്റക്കെട്ടായി
പൗരത്വ ഭേദഗതി നിയമത്തിനെതിരായുള്ള സംസ്ഥാനത്തിന്റെ പോരാട്ടം ഒറ്റക്കെട്ടായി. പ്രതിഷേധം ശക്തിപ്പെടുത്തുന്നതിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും മത-സാമൂഹ്യ, സംഘടനാ നേതാക്കളുടെയും യോഗം തിരുവനന്തപുരത്ത് ചേര്‍ന്നാണ് ഈ സുപ്രധാന തീരുമാനം എടുത്തത്. ഇതിനായി മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും യോഗം ചുമതലപ്പെടുത്തി. പ്രതിഷേധ സമരത്തിന്റെ അടുത്ത ഘട്ടമെന്ന നിലയില്‍ സര്‍വകക്ഷി സംഘം രാഷ്ട്രപതിയെ കാണും. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിക്കുന്ന എല്ലാ കക്ഷികളെയും സാമൂഹ്യ, മത സംഘടനകളെയും ഒരുമിച്ച് അണിനിരത്തുകയെന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമായാണ് യോഗം സംഘടിപ്പിക്കപ്പെട്ടത്.
എന്നാല്‍ സംയുക്തസമരത്തെ ശക്തിപ്പെടുത്താനുള്ള തീരുമാനത്തെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. സംയുക്ത പ്രക്ഷോഭം സ്വാഗതാര്‍ഹമായ കാര്യം തന്നെ. രമേശിനെയും ലീഗിനെയും കൂട്ടുപിടിച്ച് കോണ്‍ഗ്രസ്സിനെ ദുര്‍ബലപ്പെടുത്താനുള്ള പിണറായി വിജയന്റെ നീക്കം വിദൂരമല്ലാത്ത ഭാവിയില്‍ മൂന്നു ചേരികള്‍ എന്നതില്‍ നിന്ന് രണ്ടു ചേരികളിലേക്ക് കേരളം ധ്രുവീകരിക്കപ്പെടുന്നതിനു കാരണമാകും എന്നത് ബിജെപി സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ ദയനീയമായ തകര്‍ച്ച കേരളത്തിലും യാഥാര്‍ത്ഥ്യമാവുന്നു എന്നുള്ളതാണ് ഈ പൗരത്വപ്രക്ഷോഭത്തിലെ ടേണിംഗ് പോയിന്റ്. അതും നിയമസഭാതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് മുന്നണി പൂര്‍ണ്ണമായും ഇടതിനുമുന്നില്‍ അടിയറവുപറയുന്നതും പിണറായിയുടെ നേതൃത്വം അംഗീകരിക്കുന്നതും കൗതുകമുളവാക്കുന്നു. തെരുവിലിറങ്ങിയ ഏതാനും സമരക്കാര്‍ മാത്രമാണ് കേരളത്തിലെ പ്രജകളെന്ന് തെറ്റിദ്ധരിക്കുന്നവര്‍ക്ക് നമോവാകം. നീണാള്‍ വാഴട്ടെ സംയുക്തസമരമെന്നും പച്ചച്ചെങ്കൊടിമൂവര്‍ണ്ണക്കൊടി വാനിലുയര്‍ന്നു പറക്കട്ടെയെന്നും ഫെയ്‌സ്ബുക്കിലൂടെ സുരേന്ദ്രന്‍ പരിഹസിച്ചു.

