KERALANEWS MAIN

സഭയുടെ സ്വത്തില്‍ ഇടവകാംഗങ്ങള്‍ക്ക് അവകാശമില്ല – ആലഞ്ചേരി

സീറോമലബാര്‍ സഭയുടെ യാതൊരു സ്വത്തിലും അതിലെ ഇടവകാംഗങ്ങള്‍ക്ക് അവകാശമില്ലന്നും സ്വത്തില്‍ അവകാശം അതിരൂപതക്ക് ആണന്നും അതിനാല്‍ അതിരൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമി വില്‍ക്കാന്‍ അതിരൂപതയ്ക്ക് എല്ലാ അവകാശവുമുണ്ടെന്നും കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സത്യവാങ്മൂലം നൽകി. എറണാകുളം-അങ്കമാലി അതിരൂപതയുടെ പേരില്‍ കോട്ടപ്പടിയില്‍ വാങ്ങിയ ഭൂമി വില്‍ക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് അതിരൂപതാംഗമായ ഒരു അത്മായന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കര്‍ദിനാള്‍ മറുപടി നല്‍കിയത്.

അതിരൂപതയിലെ വിവാദ ഭൂമി ഇടപാടുകളില്‍ നഷ്ടമായ പണത്തിന് പകരമായി ഇടനിലക്കാരനില്‍ നിന്നും ഈടായി വാങ്ങിയ ഭൂമി വിറ്റ് ഒഴിവാക്കാന്‍ കര്‍ദിനാള്‍ നീക്കം നടത്തുന്നുവെന്ന വാര്‍ത്തപുറത്തുവന്നതിനെ തുടര്‍ന്നായിരുന്നു സഭാഗംങ്ങളായ ചിലര്‍ ഭൂമിവില്‍പന തടയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാല്‍ ഭൂമി വില്പനയില്‍ ഇടപെടാന്‍ ഇടവകാംഗങ്ങള്‍ക്ക് അവകാശമില്ലന്നും അതിരൂപതയുടെ സ്വത്താണ് വില്‍പ്പന നടത്തിതെന്നുമായിരുന്നു കര്‍ദ്ദിനാളിന്‍റെ വാദം. സഭാ സ്വത്തില്‍ അതിരൂപതയ്ക്ക് പൂര്‍ണ്ണ അവകാശവും ഉടമസ്ഥതയുമുണ്ട്. സ്ഥിരമായി പ്രശ്‌നങ്ങളുണ്ടാക്കുന്ന വിമതര്‍ക്കൊപ്പം ചേര്‍ന്ന തന്റെ കോലം കത്തിച്ചയാളാണ് പരാതിക്കാരനെന്നും കര്‍ദിനാള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കേസ് അടുത്ത മാസം 25ന് കോടതി വീണ്ടും പരിഗണിക്കും.