KERALANEWS MAIN

ദിലീപിന് തിരിച്ചടി. മാറ്റിയ ഫോണുകള്‍ ഹൈക്കോടതി മുമ്പാകെ ഹാജരാക്കണം

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥരെ വധിക്കാൻ ​ഗൂഢാലോചന നടത്തിയെന്ന കേസിൽ ദീലീപിന് തിരിച്ചടി. ദിലീപിന്റെ അടക്കം കൂട്ടു പ്രതികളുടെ ആറ് ഫോണുകൾ ​ഹൈക്കോടതി രജിസ്ട്രാർ ജനറൽ മുമ്പാകെ മുദ്രവച്ച കവറിൽ തിങ്കളാഴ്ച 10.15 നകം ഹാജരാക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.

സർക്കാരിന്റെ ഫോറൻസിക് സയൻസ് ലാബിലെ പരിശോധനയിൽ വിശ്വാസമില്ലെന്നും അതിൽ സർക്കാർ സ്വാധീനം ഉണ്ടാകുമെന്നുമുള്ള ദിലീപിന്‍റെ വാദം തള്ളിയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സ്വന്തം നിലയിൽ ഫോൺ പരിശോധിക്കാൻ കഴിയില്ലെന്നും പ്രിവിലേജ് കമ്മ്യൂണിക്കേഷൻ ഉള്ളത് കൊണ്ട് മാത്രം ഫോൺ പരിശോധിക്കാതെ ഇരിക്കാൻ ആവില്ലെന്നുമുള്ള ഡിജിപിയുടെ വാദം അംഗീകരിച്ച കോടതി ഫോറൻസിക് പരിശോധന സര്‍ക്കാര്‍ നിശ്ചയിക്കുന്ന അംഗീകൃത ഏജൻസി വഴി നടത്തണം എന്ന് പറഞ്ഞു. ഒരു പ്രതിക്ക് ഫോണിലെ വിവരങ്ങൾ സ്വന്തമായി പരിശോധിച്ച് അന്വേഷണ ഏജൻസികൾക്ക് ആവശ്യമുള്ള വിവരങ്ങൾ നൽകാൻഎങ്ങനെ കഴിയും എന്ന് കോടതി ചോദിച്ചു.

ഫോണുകൾ എല്ലാം മുംബൈയിലാണെന്നും അതെത്തിക്കാൻ ചൊവ്വാഴ്ച വരെ തമയം വേണമെന്നുമുളള ദിലീപിന്റെ വാദങ്ങൾ എ‌ല്ലാം തള്ളിയാണ് ദിലീപ് അടക്കം പ്രതികളുടെ ആറ് മൊബൈൽ ഫോണുകൾ തിങ്കളാഴ്ച ഹാജരാക്കാൻ കോടതി ഇടക്കാല ഉത്തരവിട്ടത്. ഇടക്കാല ഉത്തരവിനെതിരെ ദിലീപിന് സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി.