ഇവിഎം പൊരുത്തക്കേടുകള്‍ കോടതി കയറുവാനുള്ള സാധ്യത തെളിയുന്നു
ലോക്സഭ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വീണ്ടും നടത്തണമെന്ന ക്യാംപെയ്നുമായി സോഷ്യല്‍ മീഡിയ വഴി കാംപയിന് ശക്തമാകുന്നതിനു പിന്നാലെ ഇവിഎംല്‍ നടന്ന തിരിമറികള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിക്കുവാന്‍ തയ്യാറെടുക്കുന്നു. ഇലക്ഷന് കമ്മീഷന്റെ പേജിലാണ് ജനാധിപത്യത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള ക്യാംപെയ്ന് ആരംഭിച്ചിരിക്കുന്നത്.
നരേന്ദ്രമോദി സർക്കാരിനെതിരേ ജനരോഷം ശക്തമായിരുന്നുവെന്നായിരുന്നു പ്രതിപക്ഷ കക്ഷികളുടെ വിലയിരുത്തൽ. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ ബിജെപി നേടിയ മിന്നും വിജയം മോദി സർക്കാരിനെതിരേ അരയും തലയും മുറുക്കി രംഗത്തുവന്ന പ്രതിപക്ഷ കക്ഷികളെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. എന്നാല്‍ എവിടെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നതായാണ് പ്രതിപക്ഷ കക്ഷികള്‍ ഇപ്പോഴും കരുതുന്നത്. ആദ്യ ഞെട്ടലില്‍ നിന്ന് പതുക്കെ മോചനം നേടിയ പ്രതിപക്ഷ കക്ഷികള്‍ വോട്ടിങ് മിഷനുകളിലെ വോട്ടെണ്ണിയപ്പോള്‍ ഉണ്ടായ പൊരുത്തക്കേടുകള്‍ ചൂണ്ടികാട്ടി സുപ്രീം കോടതിയെ സമീപിക്കുവാന്‍ തയ്യാറെടുക്കുകയാണ്. അതോടെ 2019ലെ പൊതു തിരഞ്ഞെടുപ്പ് കോടതികയറും എന്ന കാര്യം ഉറപ്പായിരിക്കുകയാണ്.
ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ വോട്ടിംഗ് മെഷീനുകൾ സ്വകാര്യ വാഹനങ്ങളിൽ കയറ്റി അനധികൃത കേന്ദ്രങ്ങളിലേക്കു മാറ്റുന്ന ദൃശ്യങ്ങൾ പുറത്തു വന്നതോടെ വോട്ടിംഗ് മെഷീനിൽ തിരിമറി എന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കിയിട്ടുണ്ട്. ഇവിഎം ക്രമക്കേട് മുഖ്യവിഷയമാക്കാനാണ് പ്രതിപക്ഷ പാർട്ടി നേതാക്കളുടെ തീരുമാനം. ഇതിന്റെ തുടർ ച്ച ആയിട്ടാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്. എന്നാൽ, വോട്ടിംഗിന് ഉപയോഗിച്ച മെഷീനുകൾ സ്ട്രോംഗ് റൂമുകളിൽ സുരക്ഷിതമാണെന്നു പറഞ്ഞ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തള്ളുകയായിരുന്നു. ഇതു സംബന്ധിച്ച പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കുന്നു. വോട്ടിംഗിനായി ഉപയോഗിക്കാത്ത, അധികമായി കരുതിയ മെഷീനുകൾ നീക്കുന്നതാണു ദൃശ്യങ്ങളിലെന്നു കമ്മീഷൻ പറയുന്നു. ഓരോ സ്ട്രോംഗ് റൂമും കേന്ദ്ര സായുധസേനയുടെ കാവലിലാണെന്ന നിലപാടിലായിരുന്നു ഇലക്ഷന് കമ്മീഷന്. എന്നാല്‍ വോട്ടെടുപ്പ് അട്ടിമറിക്കാൻ വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിച്ചുവെന്ന റിപ്പോർട്ടുകളിൽ ആശങ്ക പങ്കുവച്ച് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയും രംഗത്തുവന്നിരുന്നു.
വിവിപാറ്റ് എണ്ണലിൽ ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടാൽ ആ മണ്ഡലത്തിലെ 100 ശതമാനം വിവിപാറ്റുകളും എണ്ണി വോട്ടുമായി ഒത്തുനോക്കണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ പ്രധാന ആവശ്യം. ഇക്കാര്യം പരിഗണിക്കാമെന്ന് കമ്മീഷൻ പ്രതിപക്ഷ പാർട്ടികളെ അറിയിച്ചു. തങ്ങളുടെ ആവശ്യം കമ്മീഷൻ നിരാകരിച്ചാൽ കോടതിയെ സമീപിക്കാനും പ്രതിപക്ഷത്തിന് ആലോചനയുണ്ട്.
അതേസമയം, പ്രതിപക്ഷത്തെ വിമർശിച്ച് ബിജെപി രംഗത്തെത്തിയിരിക്കുന്നു. പരാജയ ഭീതിയിൽ നിന്നുണ്ടായ അനാവശ്യവിവാദം എന്നാണ് ബിജെപിയുടെ വിമർശനം. പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത് ആശങ്ക ഉയർത്തുന്നുവെന്ന് ഇന്നലെ കൂടിയ എൻഡിഎ യോഗത്തിൽ നരേന്ദ്രമോദി പറഞ്ഞു.ജനഹിതം ബഹുമാനത്തോടെ അംഗീകരിക്കണമെന്നും വോട്ടുയന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്ത് കമ്മീഷനെ സമീപിച്ചത് അൽപ്പത്തമാണെന്നും പ്രതിരോധമന്ത്രി നിർമല സീതാരാമൻ കുറ്റപ്പെടുത്തുന്നു.

