ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം വൈകുന്നതിനെതിരെ വീണ്ടും പ്രത്യക്ഷ സമരത്തിലേക്ക്
കന്യാസ്ത്രീ പീഢന കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം വൈകുന്നതിനെതിരെ വീണ്ടും പ്രത്യക്ഷ സമരം തുടങ്ങുന്നു.സേവ് ഔവര്‍ സിസ്റ്റേഴ്സ് (ഏധഏ) ആക്ഷൻ കൗൺസിലാണ് സമരത്തിനൊരുങ്ങുന്നത്. സമരം എപ്പോൾ തുടങ്ങണമെന്ന കാര്യത്തില്‍ തിങ്കളാഴ്ച ചേരുന്ന ആക്‍ഷന്‍ കൗണ്‍സില്‍ യോഗത്തിൽ തീരുമാനമുണ്ടാകും. ഏപ്രില്‍ ആറുന് സമരം ആരംഭിക്കണമെന്നാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പൊതു ധാരണ.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സഭയിലെ കന്യാസ്ത്രീ മെയ് അവസാനമാണ് പരാതി നൽകിയത്. എന്നാല്‍ കന്യാസ്ത്രീകള്‍ തെരുവിൽ ഇറങ്ങി സമരത്തിനൊടുവില്‍ മാത്രമായിരുന്നു ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുവാന്‍ പോലീസ് തയ്യാറായത്. കന്യാസ്ത്രീകള്‍ തെരുവില്‍ നടത്തിയ സമരം പൊതുസമൂഹത്തില്‍ ഉയര്‍ത്തിയ പ്രതിക്ഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബർ 21നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തുവാന്‍ പോലീസ് തയ്യാറായത്. കുറ്റപത്രം നവംബറിൽ തന്നെ അന്വേഷണ സംഘം തയ്യാറാക്കിയെങ്കിലും അറസ്റ്റ് ചെയ്ത് തൊണ്ണൂറിലധികം ദിവസം കഴിഞ്ഞിട്ടും സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചില്ല. തന്മൂലം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുവാന്‍ പോലീസിനും കഴിഞ്ഞില്ല അതോടെ ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യമനുവദിച്ചു. പിന്നീട് കുറ്റപത്രം വൈകിയാലും കുഴപ്പമില്ലെന്ന ധാരണയിലായി പോലീസ്.
തുടര്‍ന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമനം വൈകുന്നതിനെതിരെ പ്രതിക്ഷേധവുമായി രംഗത്തെത്തി. അതോടെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായെങ്കിലും കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ ഉദാസീനത തുടരുകയായിരുന്നു പോലീസ്. അതോടെ സാക്ഷികളെ സമ്മര്‍ദ്ദത്തിലാക്കുന്ന നടപടികള്‍ സഭാകേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ തുടങ്ങി. ഇത് ചൂണ്ടികാട്ടി കന്യാസ്ത്രീകള്‍ പോലീസ് അധികാരികളെ നേരിട്ട് കണ്ട് പരാതിപ്പെട്ടെങ്കിലും പോലീസിന്‍റെ കൈകള്‍ ആരോ ബന്ധിച്ചിരിക്കുകയാണെന്നാണ് തുടര്‍ന്നും പോലീസ് സ്വീകരിച്ചിരിക്കുന്ന നിഷ്കൃയത്വം തെളിയിക്കുന്നത്. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് തയ്യാറാകാത്തതിനാല്‍ കേസില്‍ വിചാരണ ആരംഭിക്കുവാന്‍ കോടതിക്കും കഴിയുന്നില്ല.
വിചാരണ മനപൂര്‍വ്വം വൈകിപ്പിച്ച് സാക്ഷികളെ സമ്മര്‍ദ്ദത്തിലാക്കി കേസില്‍നിന്ന് ഫ്രങ്കോയെ രക്ഷിച്ചെടുക്കുവാനുള്ള സഭാധികാരികളുടെ തന്ത്രത്തിന് ഭരണാധികാരികളുടെ ഒത്താശയോടെ പോലീസ് വഴങ്ങുകയാണെന്ന ആരോപണം ശക്തമാണ്. ഇതോടെയാണ് സമരവുമായി വീണ്ടും തെരുവിലിറങ്ങാന്‍ ആക്‍ഷന്‍ കൗണ്‍സില്‍ തയ്യാറെടുക്കുന്നത്.

