ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സിപിസി) ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കം.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സിപിസി) ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് ബെയ്ജിങ്ങില്‍ തുടക്കമാകും. സമ്മേളനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വക്താവ് സണ്‍ യെലി പറഞ്ഞു. രാവിലെ പത്തിന് ബെയ്ജിങ് ഗ്രേറ്റ് ങാള്‍ ഓഫ് പീപ്പിളില്‍ ആരംഭിക്കുന്ന സമ്മേളനം 22 നാണ് സമാപിക്കുന്നത്.സമ്മേളനത്തിന് മുന്നോടിയായി ജനറല്‍ സെക്രട്ടറി ഷീ ജിംഗ്പിങ്ങിന്റെ അദ്ധ്യക്ഷതയില്‍ ശനിയാഴ്ച യോഗം ചേര്‍ന്നു. 22 അംഗ ക്രെഡന്‍ഷ്യല്‍ കമ്മിറ്റിയെയും 243 അംഗ പ്രസീഡിയത്തെയും തെരഞ്ഞെടുത്തു. പാര്‍ട്ടി നൂറുവര്‍ഷം പൂര്‍ത്തിയാക്കിയശേഷമുള്ള ആദ്യ പാര്‍ട്ടി കോണ്‍ഗ്രസാണിത്. 9.6 കോടി അംഗങ്ങളെ പ്രതിനിധാനം ചെയ്ത് 2926 പേരാണ് സമ്മേളന പ്രതിനിധികള്‍. ഷീ ജിംഗ്പിങ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ചൈനയില്‍ സുപ്രീം ലീഡര്‍ എന്നും അറിയപ്പെടുന്ന ഷി ജിംഗ്പിങ് നിലവില്‍ മൂന്ന് സ്ഥാനങ്ങളാണ് വഹിക്കുന്നത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, ചൈനയുടെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ ചെയര്‍മാന്‍, പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റ്. ഇതില്‍ ആദ്യ രണ്ട് സ്ഥാനങ്ങളും ഇന്നത്തെ പാര്‍ട്ടികോണ്‍ഗ്രസില്‍ തന്നെ ഷി നിലനിര്‍ത്തിയേക്കും.കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലത്തെ ഷി ജിംഗ്പിങ്ങിന്റെ ഭരണത്തിന് കീഴില്‍ ചൈനയിലെ 140 കോടി ജനങ്ങളുടെ ജീവിതത്തില്‍ ഒരു നിര്‍ണായക സ്വാധീനമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നുവെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി, വിമര്‍ശകര്‍ക്കും സ്വകാര്യ കുത്തകള്‍ക്കും നേരെ കടുത്ത നടപടികള്‍ എടുത്തുകൊണ്ട് പാര്‍ട്ടിയും ഷിയും പരമാധികാരം നിലനിര്‍ത്തിപ്പോന്നു.