കന്യാസ്ത്രീകളുടെ സ്ഥലംമാറ്റത്തില്‍ പ്രതിഷേധവുമായി സാംസ്‌കാരിക നായകര്‍
ബലാത്സഗക്കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് നീതി ആവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകളുടെ സ്ഥലംമാറ്റത്തില്‍ പ്രതിഷേധവുമായി സാംസ്കാരിക നായകന്മാര്‍ രംഗത്ത്. കന്യാസ്ത്രീകളെ നാടുകടത്താനുള്ള നീക്കത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട്, കവി സച്ചിദാനന്ദൻ, ആനന്ദ്, മനീഷ സേഥി തുടങ്ങി രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 55 സാംസ്‌കാരിക പ്രവർത്തകർ ആണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.
സ്ഥലം മാറ്റത്തിനു പിന്നിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ആണെന്നും, മദർ ജനറൽ സിസ്റ്റർ റജീന ബിഷപ്പിന്റെ നിർദ്ദേശം നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രിക്കയച്ച കത്തില്‍ സൂചിപ്പിക്കുന്നു. കന്യാസ്ത്രീകളെ സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും സംരക്ഷണ വലയത്തിൽ നിന്നും പുറത്താക്കി ഒറ്റപ്പെടുത്തുവാനും അതുവഴി സാക്ഷികളെ സ്വാധീനിക്കുവാനുമുള്ള ശ്രമമാണ് നടക്കുന്നത്. വിചാരണ കഴിയും വരെ കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തിൽ തന്നെ പാർപ്പിക്കാൻ ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.