ശ്രീലങ്ക കലാപത്തിലേക്ക്. ഭരണകക്ഷി നേതാക്കളെ തേടി ജനക്കൂട്ടം.
സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അനിശ്ചിതത്വവും രൂക്ഷമായ ശ്രീലങ്കയില്‍ സംഘര്‍ഷം വ്യാപിക്കുന്നു. 1948 ൽ ബ്രിട്ടന്റെ അധീനതയിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിനെതിരായ പ്രതിഷേധമാണ് കലാപത്തിലേക്കും കൊള്ളിവെപ്പിലേക്കും നീങ്ങിയത്. പ്രധാനമന്ത്രി മഹീന്ദ രജപക്‌സേയുടെ രാജിക്ക് പിന്നാലെയാണ് സ്ഥിതിഗതികള്‍ രൂക്ഷമായത്. കൊളംബോയില്‍ തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ മന്ത്രി മന്ദിരങ്ങള്‍ ഉള്‍പ്പെടെ ആക്രമിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷത്തില്‍ ഇതുവരെ അഞ്ച് പേർ കൊല്ലപ്പെട്ടു. 139 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രജപക്സെ അനുയായികളുമായി പോയ മൂന്ന് ബസുകൾ പ്രതിഷേധക്കാർ ആക്രമിച്ച് തകർത്തു. പ്രതിഷേധക്കാർ പ്രധാന പാതകളെല്ലാം പിടിച്ചെടുത്ത് സർക്കാർ അനുകൂലികളെ ആക്രമിക്കുകയാണെന്നാണ് കൊളംബോയിൽ നിന്നുള്ള വിവരം. രാജ്യത്ത് പ്രഖ്യാപിച്ച കര്‍ഫ്യൂവും ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ഏഴുമണി വരെയാണ് കര്‍ഫ്യൂ നീട്ടിയത്.
ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടപടിയുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. കുരുണെഗല്‍ ഉള്ള മഹീന്ദ രജപക്‌സേയുടെ വസതിക്ക് പ്രതിഷേധക്കാര്‍ തീവച്ചു. കെഗല്ലയിൽ ഭരണകക്ഷി എംപി മഹിപാല ഹെറാത്തിന്റെ വീടിന് പ്രതിഷേധക്കാർ തീയിട്ടു. മുൻ മന്ത്രി നിമൽ ലൻസയുടെ വീടിനും തീയിട്ടിട്ടുണ്ട്. മറ്റൊരു എംപിയായ അരുന്ദിക ഫെർണാണ്ടോയുടെ വീടും തീവെച്ച് നശിപ്പിച്ചു. രണ്ട് മുന്‍ മന്ത്രിമാരുടെയും മേയറുടെയും വസതിക്ക് നേരെ ആക്രമണം ഉണ്ടായെന്നാണ് പുറത്ത് വരുന്ന വിവരം. പ്രസിഡന്റ് ഗോതബായ രജപക്‌സേ, രാജിവച്ച പ്രധാനമന്ത്രി മഹീന്ദ രജപക്‌സേ എന്നിവരുടെ രക്ഷിതാക്കളുടെ സ്മാരകം തകര്‍ത്തു. ശ്രീലങ്കന്‍ മന്ത്രിമാര്‍ക്ക് നേരെയും ഭരണ കക്ഷിയില്‍പ്പെട്ട എംപിമാരെയും തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്ന നിലയാണ് ശ്രീലങ്കയില്‍ നിലവിലുള്ളത്.
ഇതിനിടയില്‍ ഭരണകക്ഷി എംപിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അമരകീര്‍ത്തി അത്തുകോറളയെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ കാര്‍ തടഞ്ഞ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം അമരകീര്‍ത്തി ഒരു കെട്ടിടത്തില്‍ അഭയം തേടിയിരുന്നു. ഇവിടെ നിന്നുമാണ് അദ്ദേഹത്തെ വെടിയേറ്റു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എംപിയുടെ വെടിയേറ്റ് പ്രതിഷേധക്കാരില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും, ചിലര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.