ചൈത്രയുടെ സ്ഥാന ചലനം പോലീസിനുള്ള മുന്നറിയിപ്പ്

Print Friendly, PDF & Email

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയിഡ് ചെയ്തതുമായി ബന്ധപ്പെട്ട് ചൈത്ര തെരേസ ജോണ്‍നെ സ്ഥലംമാറ്റിയ സംഭവം കേരള പോലീസിനള്ള മുന്നറിയിപ്പായി വിലയിരുത്തപ്പെടുന്നു. പ്രതികള്‍ സിപിഎം പ്രവര്‍ത്തകരായാല്‍ നോക്കിയും കണ്ടും കാര്യങ്ങള്‍ നീക്കിയില്ലെങ്കില്‍ എന്താണുണ്ടാവുക എന്ന മുന്നറിയിപ്പാണ് യുവ ഐപിഎസുകാരി ചൈത്ര തെരേസ ജോണിലൂടെ കേരള പോലീസിന് സംസ്ഥാന ഗവര്‍മ്മെന്‍റ് നല്‍കിയിരിക്കുന്നത്. ഇതോടെ സ്വന്തം ജോലി മുഖംനോക്കാതെ നടപ്പിലാക്കാന്‍ ശ്രമിച്ച ചൈത്രയെ ചുമതലയില്‍ നിന്ന് മാറ്റിയുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനം ശക്തമാകുകയാണ്.

മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷനു നേരെ കല്ലെറിഞ്ഞ പ്രതികള്‍ സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ ഒളിവില്‍ താമസിക്കുന്നതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്നാണ് ജില്ലാ കമ്മറ്റി ഓഫീസ് റെയ്ഡ് ചെയ്യാന്‍ ഡിസിപി ചൈത്ര തെരേസ ജോണ്‍ തയ്യാറായത്. ഇതാണ് ചൈത്രയുടെ സ്ഥാനചലനത്തിനു വഴിവെച്ചത്. ഇതിനു മൂലകാരണമായതാകട്ടെ ഒരു പീഡനക്കേസും.

ബന്ധുവും അയല്‍വാസിയുമായ 17കാരിയെ പീഡിപ്പിച്ച കേസിലാണ് സജീവ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മെഡിക്കല്‍ കോളേജ് ഈറോഡ് കളത്തില്‍ വീട്ടില്‍ സജീവ്, ഇയാളുടെ അയല്‍വാസിയായ ശ്രീദേവ് എന്നിവരെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് കേസില്‍ അന്വേഷണം നടത്തിയ മെഡിക്കല്‍ കോളേജ് പൊലീസ് ബുധനാഴ്ച രാത്രിയാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്.

ഇരയായ പെണ്‍കുട്ടിയുടെ വീട്ടുകാരും അറസ്റ്റിലായവരും തമ്മില്‍ കുടുംബ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. അതുകൊണ്ട് തന്നെ പരാതിയില്‍ ഡിവൈഎഫ് ഐ നേതാക്കള്‍ക്ക് സംശയം ബാക്കി നിന്നിരുന്നു. പക്ഷെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് പരാതിയില്‍ കാമ്പുണ്ടെന്നു കണ്ടതോടെ പ്രതികള്‍ ആരെന്നു നോക്കാതെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് വൈകിക്കാന്‍ ആയിരുന്നു ഡിവൈഎഫ്ഐ നേതാക്കള്‍ ശ്രദ്ധിച്ചത്. പക്ഷെ പൊടുന്നനെയുള്ള അറസ്റ്റ് ഇവരെ കുപിതരാക്കി. ഇവര്‍ അറസ്റ്റിലായതോടെ ഡിവൈഎഫ്ഐ നേതാക്കള്‍ പ്രതികളെ കാണാന്‍ രാത്രി സ്റ്റേഷനിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഡിവൈഎഫ്ഐക്കാര്‍ അധികം പേര്‍ ഉള്ളതിനാല്‍ ഓരോരുത്തരെയാണ് പൊലീസ് കയറ്റിവിട്ടത്.

എന്നാല്‍ ഇത് ഇഷ്ടപ്പെടാഞ്ഞ ഡിവൈഎഫ്‌ഐ നേതാക്കള്‍ പോലീസിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ തള്ളിക്കയറിയ ആളുകളെ പോലീസ് ഗേറ്റിലേക്ക് മാറ്റിയതോടെ നേതാക്കള്‍ മുദ്രാവാക്യം വിളി ആരംഭിക്കുകയും തുടര്‍ന്ന് സ്‌റ്റേഷനു നേരെ കല്ലേറ് നടത്തുകയുമായിരുന്നു. കല്ലേറില്‍ സ്റ്റേഷന്റെ ജനാല ചില്ല് തകരുകയും ചെയ്തിരുന്നു. ഇതോടെയാണ് സ്റ്റേഷന്‍ ആക്രമണക്കേസിലെ പ്രതികളെ തേടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. ഈ പ്രതികള്‍ സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ ഒളിവില്‍ താമസിക്കുന്നതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്നാണ് ജില്ലാ കമ്മറ്റി ഓഫീസ് റെയ്ഡ് ചെയ്യാന്‍ ഡിസിപി . ചൈത്ര തെരേസ ജോണ്‍ തയ്യാറായത്.

വന്‍ സമ്മര്‍ദ്ദത്തെ അതിജീവിച്ചാണ് ചൈത്ര റെയ്ഡ് നടത്തിയത്.റെയ്ഡ് ഉറപ്പ് എന്നറിഞ്ഞതോടെ പ്രതികളെ സിപിഎം നേതൃത്വം രക്ഷപ്പെടുത്തി എന്നാണ് സൂചനകള്‍. റെയ്ഡില്‍ പക്ഷെ ആരെയും അറസ്റ്റ് ചെയ്യാന്‍ ഡിസിപിക്ക് കഴിഞ്ഞതുമില്ല. ഇതിനെ തുടര്‍ന്നാണ് സിപിഎം ജില്ലാ നേതൃത്വം നടപടികള്‍ക്കായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയത്. റെയ്ഡ് കഴിഞ്ഞയുടന്‍ തന്നെ ഡിസിപിയെ മാറ്റാനുള്ള തീരുമാനവും പൊലീസ് നേതൃത്വം കൈക്കൊണ്ടു. മെഡിക്കല്‍ ലീവിലായിരുന്ന ഡിസിപി ആര്‍.ആദിത്യയെ ഉടന്‍ തന്നെ വിളിച്ചു വരുത്തിയാണ് ചൈത്ര തെരേസ ജോണിനു നല്‍കിയ ചുമതല ആദിത്യയ്ക്ക് തന്നെ തിരിച്ചേല്‍പ്പിച്ചത്. 21നു ശബരിമല ഡ്യൂട്ടി പൂര്‍ത്തിയാക്കിയ ആദിത്യ മെഡിക്കല്‍ അവധിയിലായിരുന്നു. ഈ അവധി റദ്ദാക്കി അദ്ദേഹത്തെ വിളിച്ചുവരുത്തിയാണ് ഡിസിപിയുടെ ചുമതല വീണ്ടും നല്‍കിയത്.