റാഫേല്‍: മോദി പറഞ്ഞത് പച്ചക്കള്ളം. ഫ്രഞ്ച് ഗവര്‍മ്മെന്റുമായി കരാറില്ല
റാഫാല്‍ യുദ്ധവിമാന ഇടപാടില്‍ ഫ്രഞ്ച് ഗവര്‍മമെന്റുമായി ഇന്ത്യ ഗവര്‍മ്മെന്റ് നേരിട്ടുള്ള ഇടപാടാണ് നടത്തിയതെന്ന വാദം പൊളിയുന്നു. ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനുമായി ആണ് കരാര്‍ ഒപ്പിട്ടതെന്നും ഫ്രഞ്ച് ഗവര്‍മ്മെന്റ് സോവറിന് ഗ്യാരണ്ടി നല്‍കിയിട്ടില്ല എന്നും വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ ഫ്രഞ്ച് ഗവര്‍മ്മെന്റ് യാതൊരു വിധ ഗ്യാരന്റിയുംനല്‍കിയിട്ടില്ല എന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീം കോടതിയില്‍ സമ്മതിച്ചു.
ഇതോടെ കഴിഞ്ഞ ലോകസഭ സമ്മേളനത്തില്‍ ഗവര്‍മ്മെന്റ്ുകള്‍ തമ്മിലുള്ള കരാറാണ് റാഫേല്‍ ഇടപാടെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനമാണ് പച്ചക്കള്ളമാണെന്ന് തെളിഞ്ഞിരിക്കുന്നത്. കരാർ പാലിക്കപ്പെടാതിരുന്നാൽ ഈ കത്തിന്റെ അടിസ്ഥാനത്തിൽ ഫ്രഞ്ച് സർക്കാരിനെ തർക്ക പരിഹാര ഫോറത്തിലേക്കു കൊണ്ടുപോകാന്‍ ഇന്ത്യക്ക് കഴിയില്ല എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.
റാഫേല്‍ ഇടപാടില്‍ വന്‍ ക്രമക്കേട് നടന്നതായും അതിനാല്‍ കോടതിയുടെ മേല്‍ നോട്ടത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷന്‍, എംഎല്‍ ശര്‍മ്മ എന്നിവര്‍ സുപ്രീം കോടതിയില്‍ നല്‍കിയ പരാതിയില്‍ അന്തിമ വാദം കേള്‍ക്കവെയാണ് ഫ്രഞ്ച് ഗവര്‍മ്മെന്റുമായിട്ടല്ല കരാറെന്ന് അറ്റോര്‍ണി ജനറലിന് സുപ്രീം കോടതിയില്‍ തുറന്നു സമ്മതിക്കേണ്ടി വന്നത്. പരാതിയില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി കേസ് വിധിപറയുവാന്‍ മാറ്റിവച്ചിരിക്കുകയാണ്.
നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വേദിയായത്. യുദ്ധവിമാനങ്ങളുടെ ശേഷിയെ പറ്റി വ്യോമസേനയിലെ വിദഗ്ധരോടാണ് ചോദിക്കാനുള്ളതെന്ന പറഞ്ഞ കോടതിക്കു മുമ്പില്‍ വ്യോമസേനാ ഉപമേധാവിയും സഹമേധാവിയും മറ്റും ഹാജരായ അപൂര്‍വ്വതക്കാണ് കോടതി ഇന്നലെ സാക്ഷ്യം വഹിച്ചത്. ഇപ്പോൾ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് (എച്ച്എഎൽ) ആണ് സേനയ്ക്ക് ആവശ്യമായ പോർവിമാനങ്ങൾ നിർമിച്ചു നൽകുന്നതെന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിനു മറുപടിയായി സഹമേധാവി വ്യക്തമാക്കി.
2015 ഏപ്രിലിൽ കരാറിനെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയശേഷം, മേയിലാണു ചർച്ച പോലും തുടങ്ങിയതെന്നു ഹർജിക്കാരനായ
എം.എൽ. ശർമ വാദിച്ചു. സുരക്ഷാകാര്യ മന്ത്രിസഭാ സമിതി(സിസിഎസ്) ഇടപാടിന് അംഗീകാരം നൽകിയത് 2016 മാർച്ചിലാണ്. ടെൻഡർ പ്രക്രിയ ഒഴിവാക്കാനാണു സർക്കാരുകൾ തമ്മിൽ കരാറുണ്ടാക്കിയതെന്നു പ്രശാന്ത് ഭൂഷൺ വാദം ഇതോടെ ശരിയാണെന്ന് തെളിയുകയാണ്.
പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുമ്പോൾ പ്രതിരോധ മന്ത്രിക്കുപോലും ഇടപാടിനെക്കുറിച്ച് അറിയില്ലായിരുന്നു. 126 വിമാനങ്ങൾ വേണമെന്നു നേരത്തേ തീരുമാനിച്ചെങ്കിൽ, പെട്ടെന്നത് 36 എന്നാക്കി. വേഗത്തിൽ ലഭ്യമാക്കാനാണ് എണ്ണം കുറച്ചതെന്നാണു സർക്കാരിന്റെ ന്യായീകരണം. എന്നാല്‍ മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ഒരു വിമാനം പോലും എത്തിയിട്ടില്ല എന്നത് സര്‍ക്കാരിന്റെ വാദം പൊള്ളയാണെന്നതിന്റെ തെളിവാണെന്നും പ്രശാന്ത് ഭൂഷന്‍ കോടതിയില്‍ പറഞ്ഞു.
ഡാസോ ഏവിയേഷൻ 1929ൽ തുടങ്ങിയ കമ്പനിയാണെന്നും സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ഡാസോ ഏവിയേഷന് കരകയറുന്നത് റഫാൽ കരാറിലൂടെയാണെന്നും ഈ മേഖലയിൽ പരിചയമില്ലാത്ത റിലയൻസ് ഡിഫൻസിനെ അവർ ഓഫ്സെറ്റ് പങ്കാളിയാക്കിയതു കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദം മൂലമാണെന്നും അരുണ്‍ ഷൂറി കോടതിയില്‍ വാദിച്ചു. കരാര്‍ ഒപ്പുവെയ്ക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് മാത്രമാണ് റിലയന്‍സിന്റെ കമ്പനി രൂപീകരിക്കപ്പെട്ടത്. ഇവരുമായി ധാരണയുണ്ടാക്കിയ ശേഷമാണ് വിഷയം സേനാമേധാവികള്‍ അറിയുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
അന്വേഷണം ആവശ്യപ്പെട്ട് മനോഹര്‍ ലാല്‍ ദണ്ഡ, പ്രശാന്ത് ഭൂഷണ്‍, കേന്ദ്രമന്ത്രിമാരായിരുന്ന അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ തുടങ്ങിയവരാണ് പൊതുതാല്‍പര്യ ഹര്‍ജികള്‍ നല്‍കിയത്. മുദ്രവെച്ച കവറുകളിലാണ് കേന്ദ്ര സര്‍ക്കാര്‍ വിമാനത്തിന്റെ വിലനിര്‍ണയ വിശദാശംങ്ങള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.
അതേസമയം, റഫാല്‍ വിലയില്‍ ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. വില വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് കോടതി തീരുമാനിച്ചാൽ മാത്രം ഇക്കാര്യം ചർച്ച ചെയ്താൽ മതിയെന്നും ഗൊഗോയ് കൂട്ടിച്ചേർത്തു. എന്നാൽ റഫാല്‍ ഇടപാടു കോടതി വിലയിരുത്തുന്നതിനെ കേന്ദ്രം എതിര്‍ത്തു. ഇടപാടു വിലയിരുത്തേണ്ടതു വിദഗ്ധരാണെന്നും കോടതി അല്ലെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. റാഫേല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ പറ്റില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയുടെ നിര്‍ദേശത്തിനൊടുവിലാണ് വിവരങ്ങള്‍ സമര്‍പ്പിച്ചത്. ഇതോടെ കേന്ദ്രഗവര്‍മ്മെന്റ് കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. റാഫേല്‍ ഇടപാടില്‍ വന്‍ ക്രമക്കേട് നടന്നതായി പ്രധാനമന്ത്രി കോടതിയില്‍ സമ്മതിച്ചതായി കോണ്‍. പ്രസിഡന്റ് രാഹുല്‍ ഗാന്ധി പറഞ്ഞു.

