INDIANEWS MAIN

മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരമേറ്റു. ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രി.

രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരമേറ്റു. വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ദേവേന്ദ്ര ഫട്‍നാവിസ് ഉപമുഖ്യമന്ത്രിയായും അധികാരമേറ്റു. രാത്രി 7.30 ന് രാജ്ഭവൻ ദർബാർ ഹാളില്‍ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ബാൽ താക്കറെയെയും ആനന്ദ്ഡിഗെയെയും സ്മരിച്ച് കൊണ്ടായിരുന്നു ഏകനാഥ് ഷിൻഡേയുടെ സത്യപ്രതിജ്ഞ. അപ്രതീക്ഷിതമായിട്ടായിരുന്നു ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയാവുമെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവ് പ്രഖ്യാപിച്ചത്. സർക്കാരിന്‍റെ ഭാഗമാകില്ലെന്നും ഇത് ഏകനാഥ് ഷിൻഡേയുടെ സർക്കാരാണെന്നുമായിരുന്നു ഫഡ്നാവിസിന്‍റെ ആദ്യ പ്രഖ്യാപനം. എന്നാല്‍, ഫഡ്നാവിസിനോട് ഉപമുഖ്യമന്ത്രിയാകണമെന്ന് ബിജെപി ആവശ്യപ്പെടുകയായിരുന്നു.

സംസ്ഥാനത്തിന്റെ ഇരുപതാമത് മുഖ്യമന്ത്രിയായി അധികാരമേറ്റ ഏക്‌നാഥ് ഷിൻഡെ മറ്റന്നാൾ സഭയിൽ ഭൂരിപക്ഷം തെളിയിക്കണം. മഹാരാഷ്ട്രയിൽ ശനിയാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കും. അതേസമയം ഏക്‌നാഥ് ഷിൻഡെ മുഖ്യമന്ത്രി ആകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ശരദ് പവാർ പ്രതികരിച്ചു. ഷിൻഡെയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കാൾ കൂടുതൽ പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാൽ ഫഡ്നാവിസിനെ ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത് ഞെട്ടിപ്പിക്കുന്നതാണെന്നും ശരദ് പവാ‍‍‍‍‍ർ പറഞ്ഞു. പുതിയ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയും മഹാരാഷ്ട്രയുടെ താൽപ്പര്യങ്ങൾ അദ്ദേഹം സംരക്ഷിക്കപ്പെടുമെന്ന് താൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നുവെന്നും ശരദ് പവാർ പറഞ്ഞു. ശിവസേനയിൽ പൊട്ടിത്തെറി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

0