ലോകസമാധാനത്തിലേക്ക് ചുവടുവച്ച് ട്രംപും കിമ്മും
അറുപത്തിയഞ്ചു വര്‍ഷത്തെ കടുത്ത വിദ്വേഷം ആ 12 സെക്കന്റ് നേരത്തേക്ക് അലിഞ്ഞില്ലാതായി. രാവിലെ 6.30നു സാന്റോസ ദ്വീപിലെ കാപെല്ല ഹോട്ടലില്‍ ലോകസമാധാനം പുതിയ അധ്യായം രചിച്ചു. ചരിത്രനിമിഷങ്ങള്‍ക്ക് സാക്ഷിയെന്നോണം അമേരിക്കയുടേയും ഉത്തരകൊറിയയുടേയും പതാകകള്‍ തൊട്ടുരുമ്മി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ആദ്യമായി നേരിട്ടുകണ്ടു. ഏറ്റുമുട്ടലിന്റെ കനത്ത വാക്കുകളെറിഞ്ഞ ആ ചുണ്ടുകളില്‍ പുഞ്ചിരി പടര്‍ന്നു. 12 സെക്കന്റ് നീണ്ട ഹസ്തദാനം. പിന്നെ ചിലതു മന്ത്രിച്ചു.
ട്രംപ്: ഗംഭീരം, നമ്മള്‍ ഒരു വലിയ ചര്‍ച്ചയ്ക്ക് തുടക്കമിടുകയാണ്. വന്‍ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു. എനിക്ക് അഭിമാനമുണ്ട്, ചര്‍ച്ച വിജയിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
ഉന്‍: ഇവിടംവരെ എത്തിയ വഴികള്‍ അത്ര എളുപ്പമല്ല. പഴയ ചെയ്തികളും ദുരാഗ്രഹവും നമ്മുടെ വഴിയില്‍ ഒരുപാടു തടസ്സങ്ങള്‍ ഉണ്ടാക്കി. എന്നാല്‍ അതു തരണം ചെയ്ത് നമ്മള്‍ ഇവിടെ എത്തി.
തുടര്‍ന്ന് ഒന്നര മണിക്കൂറോളം നീണ്ട സ്വകാര്യ ചര്‍ച്ച. പോര്‍വിളികള്‍ കൊണ്ടും യുദ്ധഭീഷണികള്‍ കൊണ്ടും ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ രണ്ടു ലോകനേതാക്കള്‍ ഒടുവില്‍ കൈകൊടുത്തു പുഞ്ചിരിച്ചു. യുദ്ധക്കളി അവസാനിപ്പിച്ച് ലോകത്തിന്റെ സമാധാനത്തിനായി ഒന്നിച്ചുനില്‍ക്കാനും അവര്‍ തീരുമാനിച്ചു. പരസ്പരവൈരത്തിന്റെ ഭൂതകാലം മറന്ന് സഹകരണത്തോടെ മുന്നോട്ടുപോകാമെന്ന ധാരണയില്‍ അവര്‍ പിരിഞ്ഞു.
മണിക്കൂറുകള്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയ്‌ക്കൊടുവില്‍ പരസ്പരം വീണ്ടും കൈകൊടുത്തും പുഞ്ചിരിച്ചുമാണ് ഇരുവരും പിരിഞ്ഞത്. പുതിയ ചരിത്രത്തിനു തുടക്കമിടാന്‍ അമേരിക്ക സജ്ജമായതായി കൂടിക്കാഴ്ചയ്ക്കു ശേഷം ട്രംപ് പ്രതികരിച്ചു. ഉ. കൊറിയയിലെ ആണവനിരായുധീകരണ പ്രവൃത്തികള്‍ എത്രയും പെട്ടെന്ന് ആരംഭിക്കുമെന്ന് കിമ്മും ഉറപ്പുനല്‍കി. മിസൈല്‍ ആണവ പരീക്ഷണ കേന്ദ്രങ്ങള്‍ പൂര്‍ണമായി തകര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കിമ്മുമായി തുടര്‍ കൂടിക്കാഴ്ചകള്‍ നടത്തുമെന്നും അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്കു ക്ഷണിക്കുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.
യുദ്ധക്കളികള്‍ അവസാനിപ്പിക്കുമെന്ന ട്രംപിന്റെ വാഗ്ദാനമാണ് ഏറ്റവും ശ്രദ്ധേയം. ദക്ഷിണ കൊറിയയുമായി ചേര്‍ന്നു നടത്തുന്ന സംയുക്ത സൈനികാഭ്യാസം നിര്‍ത്തിവയ്ക്കും. നടപടി പ്രകോപനപരവും രാജ്യത്തിനു ചെലവേറിയതുമാണെന്നു തിരിച്ചറിഞ്ഞിരിക്കുകയാണെന്നും ട്രംപ് കുറ്റസമ്മതം നടത്തി.
തുടര്‍ ചര്‍ച്ചകളും ആണവനിരായുധീകരണവും സമാധാനവും ഉറപ്പുനല്‍കുന്ന ധാരണാപത്രത്തില്‍ ഇരുവരും ഒപ്പുവച്ചു. ആദ്യഘട്ട വണ്‍ഓണ്‍വണ്‍ ചര്‍ച്ചയ്ക്കു ശേഷം നയതന്ത്ര പ്രതിനിധികളുമായി നടത്തിയ രണ്ടാംഘട്ട ചര്‍ച്ചയ്ക്കു ശേഷമാണ് കരാര്‍ ഒപ്പുവച്ചത്. കൊറിയന്‍ ഉപദ്വീപില്‍ സമ്പൂര്‍ണ ആണവനിരായുധീകരണത്തിനു ശ്രമിക്കുമെന്ന് അമേരിക്കഉത്തര കൊറിയ ധാരണാപത്രം. ഇതിനായി ഉത്തര കൊറിയന്‍ സര്‍ക്കാര്‍ അമേരിക്കയോടൊപ്പം ചേരും. ശാശ്വത സമാധാനത്തിനു ദീര്‍ഘകാല ശ്രമം നടത്തും. കൊറിയന്‍ ഉപദ്വീപിലെ ജനങ്ങളുടെ അഭിവൃദ്ധിക്കും സമാധാനത്തിനും ഒരുമിച്ചു പോരാടുമെന്നും ഇരു രാജ്യങ്ങളും ഒപ്പുവച്ച കരാറില്‍ പറയുന്നു.
തുടര്‍ന്ന് സംയുക്ത പ്രസ്ഥാവന. സമാധാനവും സമൃദ്ധിയും കൊതിക്കുന്ന ഇരുരാജ്യങ്ങളിലെയും പൗരന്മാരുടെ ആഗ്രഹം പോലെ പുതിയ ബന്ധം സ്ഥാപിക്കാന്‍ അമേരിക്കയും ഉത്തര കൊറിയയും പ്രതിജ്ഞാബദ്ധരാണ്
കൊറിയന്‍ ഉപദ്വീപില്‍ സുസ്ഥിരവും ദീര്‍ഘകാലത്തേക്കുമുള്ള സമാധാന ഭരണകൂടം സ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും ഒന്നിച്ചു പരിശ്രമിക്കും
2018 ഏപ്രില്‍ 27ലെ പാന്‍മുന്‍ജോം പ്രഖ്യാപനം അരക്കിട്ടുറപ്പാക്കി ഉ.കൊറിയ കൊറിയന്‍ ഉപദ്വീപിന്റെ സമ്പൂര്‍ണ ആണവനിരായുധീകരണത്തിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തും. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ തടവില്‍ കഴിയുന്നവരോ കാണാതായവരോ ആയ അമേരിക്കക്കാരെ കണ്ടെത്താനുള്ള ശ്രമം ആരംഭിക്കും. ഇതിനകം തിരിച്ചറിഞ്ഞവരെ ഉടന്‍ നാട്ടിലേക്കു തിരിച്ചയക്കും. സംയുക്ത പ്രസ്താവനയില്‍ ഇരുവരും അറിയിച്ചു.
1950-53ലെ കൊറിയന്‍ യുദ്ധത്തെ തുടര്‍ന്ന് തുടക്കംകുറിച്ച രാഷ്ട്രീയ വൈരത്തിനിടെ പരസ്പരം ഫോണില്‍ പോലും ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ സംസാരിച്ചിട്ടില്ല. ഇതെല്ലാം തിരുത്തിക്കുറിച്ചു പുതിയ അധ്യായം തുറന്നിരിക്കു കയാണ് ട്രംപും കിമ്മും. [കൂടുതല്‍ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും…
trump-kim-singapore-summit-talks-off-to-positive-start-as-leaders-emerge-from-one-on-one-meeting/https://www.youtube.com/watch?time_continue=41&v=w-d8I1C9wRo]


