പ്രധാനമന്ത്രി പദത്തിലേക്ക് അപ്രതീക്ഷിത വരവ്; ഡോ. മൻമോഹൻ സിങ് ഇനി ഓർമ
പ്രധാനമന്ത്രി പദത്തിലേക്ക് അപ്രതീക്ഷിത വരവ്; സർവതല സ്പർശിയായ വികസന മാതൃകകളുടെ ഉടലെടുത്ത മൻമോഹൻ യുഗം
ലോക സമ്പദ് വ്യവസ്ഥ മാറിമറിഞ്ഞ കാലത്ത് രാജ്യത്തിന് കരുത്തേകി. തൊഴിലുറപ്പും ഭക്ഷ്യ സുരക്ഷയുമടക്കം സുപ്രധാന പദ്ധതികൾ നടപ്പാക്കി. 2009ലെ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ വീണ്ടും അധികാരത്തിലെത്തിയപ്പോൾ മൻമോഹൻസിങ് വീണ്ടും പ്രധാനമന്ത്രിയായി. 2014 മേയ് 26ന് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞു.
ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യമുഖം; ഉദാരവൽക്കരണത്തിന്റെ ഉപജ്ഞാതാവ്; മൻമോഹൻ സിങ്ങിന് വിട
പ്രായോഗികവാദിയായ സാമ്പത്തിക വിദഗ്ധനായിരുന്നു, അതുവരെ രാഷ്ട്രീയത്തിലില്ലാതിരുന്ന മൻ മോഹൻ സിങ്. ധനമന്ത്രിയായി ചുമതലയേറ്റ് മാസങ്ങൾക്കുള്ളിൽ മൻമോഹൻ സിങ് അവതരിപ്പിച്ച ബജറ്റ്, പുതു ഇന്ത്യയുടെ ജാതകമായിരുന്നു. ഉദാരീകരണത്തിലൂന്നിയ സാമ്പത്തിക നയത്തിലൂടെ മൻമോഹൻസിങ് ഇന്ത്യയുടെ സമ്പദ് രംഗത്ത് മാറ്റത്തിന്റെ നാന്ദി കുറിച്ചു. ആഗോളീകരണത്തിലൂടെ, വിശാലതയിലേക്ക് ഇന്ത്യൻ വിപണിയെ തുറന്നുകൊടുത്തു. രാജ്യത്തിന്റെ വ്യവസായ, വാണിജ്യ മേഖലകളെ ചുവപ്പു നാടകളിൽ നിന്ന് മോചിപ്പിച്ചു.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് വിടപറയുമ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സൗമ്യമുഖം കൂടിയാണ് ഇല്ലാതാകുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് 33 വർഷക്കാലത്തെ സേവനത്തിന് ശേഷം മൻമോഹൻ സിങ് രാജ്യസഭയിൽ നിന്ന് വിരമിച്ചത്. ഉദാരവൽക്കരണത്തിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം 2004-14 കാലഘട്ടത്തിൽ തുടർച്ചയായി രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയായി. സിഖ് മതസ്ഥനായ ആദ്യ പ്രധാനമന്ത്രിയായിരുന്നു മൻമോഹൻ സിങ്.
സാമ്പത്തികശാസ്ത്രം ഇഷ്ടമേഖലയാക്കിയ മൻമോഹൻ സിങ് മുൻ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് രാഷ്ട്രീയ വഴിയിലെത്തിയത്. ഒടുവിൽ 2004 മേയ് 22ന് ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയിലെത്തി. ഇടതുപക്ഷത്തിന്റെ പിന്തുണയോടെയായിരുന്നു യുപിഎ സർക്കാർ നിലവിൽ വന്നത്. എന്നാൽ അമേരിക്കയുമായുള്ള ആണവക്കരാറിന്റെ പേരിൽ ഇടതുപക്ഷം പിന്തുണ പിൻവലിച്ചതോടെ 2008 ജൂലൈ 22ന് മൻമോഹൻ സർക്കാർ ലോക്സഭയിൽ വിശ്വാസവോട്ട് തേടി. സമാജ് വാദി പാർട്ടിയുടെ പിന്തുണയോടു കൂടി സർക്കാർ വിശ്വാസവോട്ട് അതിജീവിക്കുകയായിരുന്നു.