അവസാനം, ദിവ്യക്കെതിരെ അച്ചടക്ക നടപടി…!

Print Friendly, PDF & Email

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാൻ്റിൽ കഴിയുന്ന പിപി ദിവ്യയുടെ ജാമ്യാപേക്ഷയിൽ നാളെ തലശേരി കോടതി വിധി പറയാനിരിക്കെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്നു ദിവ്യ. അവരെയാണ് ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയത്. സിപിഎമ്മിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തൽ. കണ്ണൂർ ജില്ലാ കമ്മിറ്റി അടിയന്തര യോഗം ചേര്‍ന്ന് ദിവ്യയെ പാര്‍ട്ടിയുടെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നു മാറ്റാനും ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരം താഴ്ത്തുവാനും തീരുമാനിക്കുകയായിരുന്നു. ഈ നിര്‍ദ്ദേശം സംസ്ഥാന നേതൃത്വത്തിൻ്റെ അനുമതിക്കായി വിട്ടിരുന്നു. ഇത് പ്രകാരം ഇന്ന് ഓൺലൈനായി ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് നടപടിക്ക് അംഗീകാരം നൽകിയത്. നാളെ ദിവ്യക്ക് സെഷന്‍സ് കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുകയില്ല എന്ന് പാര്ട്ടി കരുതുന്നു. അത്തരം ഒരു സാഹചര്യം ഉണ്ടാവുകയും കൂട്ടത്തില്‍ ദിവ്യക്കെതിരെ കടുത്ത പരാമര്‍ശം കോടതിയില്‍ നിന്നുണ്ടാവുകയും ചെയ്താല്‍ ന്യായീകരിക്കുവാന്‍ മറ്റുമാര്‍ഗ്ഗങ്ങളൊന്നും മുമ്പിലില്ല എന്ന തിരിച്ചറിവിലാണ് പെട്ടന്നുള്ള ഈ തീരുമാനത്തിലേക്ക് പാര്‍ട്ടിയെ നയിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.