രാവിലെ ആള്‍ക്കൂട്ട കേക്ക് മുറി, വൈകിട്ട് കോവിഡ് സാരോപദേശം മുഖ്യമന്ത്രിയെ ട്രോളി സോഷ്യല്‍ മീഡിയ. ഡിജിപിക്ക് പരാതി.
എകെജി സെന്ററില്‍ ഇന്ന് നടന്ന ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും നേതാക്കളും കേക്ക് മുറിച്ച് ആഘോഷിച്ച ചിത്രം പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന തലസ്ഥാന നഗരിയിൽ സാമൂഹിക അകലം പാലിക്കാതെയാണ് കേക്ക് മുറിയെന്നാണ് വിമർശനം. രാവിലെ ആള്‍ക്കൂട്ട കേക്ക് മുറി, വൈകിട്ട് കോവിഡ് സാരോപദേശം എന്നാണ് സമൂഹമാധ്യമങ്ങളിൽ ഒരാൾ ഇതിനെക്കുറിച്ച് കമന്റിട്ടത്.
എൽഡിഎഫിന്റെ തുടർഭരണത്തിൽ എകെജി സെന്ററിലാണ് വിജയാഘോഷം നടന്നത്. വിവിധ ഘടകകക്ഷി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രി കേക്ക് മുറിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ ഇതിന്റെ ചിത്രവും ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.
ഇതിനിടയില്‍ നേതാക്കള്‍ കേക്ക് മുറിച്ച് ആഘോഷം നടത്തിയതിനെതിരെ ഡിജിപിക്ക് പരാതി. ജില്ലാ കളക്ടര്‍ പുറത്തിറക്കിയ ട്രിപ്പിള്‍ ലോക്ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ ലംഘനമാണ് നടന്നതെന്നാണ് ആക്ഷേപം. തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡണ്ട് എം. മുനീറാണ് ഡിജിപിക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. നേതാക്കളുടെ കൂട്ടം കൂടല്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്ന് പരാതിയില്‍ പറയുന്നു.