ഇന്ത്യയില്‍ കൊവിഡ് അതിവേഗം വ്യാപിക്കാന്‍ കാരണം മത, രാഷ്ട്രീയ പരിപാടികള്‍ – ലോകാരോഗ്യ സംഘടന

Print Friendly, PDF & Email

ഇന്ത്യയില്‍ കൊവിഡ് അതിവേഗം വ്യാപിക്കാന്‍ കാരണം യാതൊരു മുന്‍കരുതലുമില്ലാതെ നടത്തിയ മത, രാഷ്ട്രീയ പരിപാടികള്‍ മൂലമാണെന്ന് ലോകാരോഗ്യ സംഘടന. മതചടങ്ങുകളിലും രാഷ്ട്രീയ പരിപാടികളിലും ആളുകള്‍ തിങ്ങി നിറഞ്ഞ് കൊവിഡ് വ്യാപനം രൂക്ഷമാക്കുകയായിരുന്നുവെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

വിവിധ രാഷ്ട്രീയ മത പരിപാടികളില്‍ ആളുകള്‍ ഒരുമിച്ച് കൂടിയതും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് കാര്യമായ ശ്രദ്ധ നല്‍കാതിരുന്നതും കൊവിഡ് വൈറസിന്റെ വകഭേദം രാജ്യത്ത് പെട്ടെന്ന് വ്യാപിക്കാന്‍ കാരണമായി. ദക്ഷിണകിഴക്കന്‍ ഏഷ്യയിലെ 95 ശതമാനം കൊവിഡ് കേസുകളും 93 ശതമാനത്തോളം കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്ത്യയിലാണെന്നും ലോകാരോഗ്യ സംഘടന പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവിഡിന്റെ ബി.1.617 വകഭേദം ആദ്യം ആദ്യം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 2020 ഒക്ടോബറിലാണ്. അതിനുശേഷം വൈറസിന്റെ വിവിധ സാംപിളുകള്‍ രാജ്യത്തു കണ്ടെത്തി. ഏകദേശം 44 രാജ്യങ്ങളില്‍ ഇവ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് ബ്രിട്ടണിലാണ് വൈറസ് സാന്നിദ്ധ്യം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ആദ്യ വൈറസിനെക്കാള്‍ കൂടുതല്‍ അപകടകാരിയാണ് ജനിതകമാറ്റം സംഭവിച്ച വൈറസെന്നും വ്യാപനശേഷി കൂടുതലാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.