ഉത്തരാഖണ്ഡിലെ ചമോലിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു.

Print Friendly, PDF & Email

മഞ്ഞുമലയിടിഞ്ഞ് ഉണ്ടായ മിന്നല്‍പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. ചമോലി ജില്ലയില്‍ തപോവന്‍ പ്രദേശത്തെ റെയ്നി ഗ്രാമത്തില്‍ ഇന്നലെ രാവിലെ 10.45 നായിരുന്നു ദുരന്തം. മഞ്ഞുമല അപ്പാടെ പുഴയിലേക്ക് തകര്‍ന്ന് വീണ് ഋഷിഗംഗ നദിയില്‍ നിര്‍മാണത്തിലിരുന്ന തപോവന്‍ പവൈദ്യുതി നിലയത്തിന്റെ ഭാഗമായ അണക്കെട്ട് തകരുകയായിരുന്നു. ടണലുകളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉള്‍പ്പെടെ എത്തിച്ചായിരുന്നു ഐടിബിപിയും ദുരന്ത നിവാരണ സേനയും രാത്രിയിലും രക്ഷാപ്രവര്‍ത്തനം നടത്തിയത്. പ്രളയത്തില്‍ 125 പേരെ കാണാതായെന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്നാല്‍, കുത്തൊഴുക്കില്‍ അകപ്പെട്ടതായി കരുതുന്ന 150 പേര്‍ രക്ഷപ്പെട്ടിരിക്കാന്‍ സാധ്യത വിരളമാണെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ദുരന്ത നിവാരണ സേനയും വ്യക്തമാക്കുന്നു

ദുരന്ത ഭൂമിയായ തപോവന്‍ ഡാമിന് സമീപം രക്ഷാപ്രവര്‍ത്തകര്‍ രാത്രിയിലും വിശ്രമിച്ചില്ല. പ്രതികൂല കാലാവസ്ഥയെ നേരിട്ട് മണ്ണ് മാന്തി യന്ത്രം എത്തിച്ച് ടണലുകള്‍ തുറന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ് ഇപ്പോഴും. ഈ ടണലുകളില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചെങ്കില്‍ മാത്രമേ എത്ര പേര്‍ ദുരന്തത്തിന് ഇരയായെന്ന് വ്യക്തമാകൂ. ഇവിടെ രണ്ട് പ്രോജക്ടുകളില്‍ ജോലി ചെയ്തിരുന്നവരാണ് കാണാതായവരില്‍ കൂടുതലും. എന്‍ടിപിസിയുടെ 900 മീറ്റര്‍ വരുന്ന തപോവന്‍ ടണലില്‍ രാത്രിയില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഇടയ്ക്ക് നിര്‍ത്തിവയ്‌ക്കേണ്ടി വന്നെങ്കിലും പിന്നിട് പുനരാരംഭിച്ചു.

ഡല്‍ഹിയില്‍ നിന്നും വായുസേനാ സംഘം പ്രത്യേക വിമാനത്തില്‍ ഡെറാഡൂണില്‍ എത്തിയിട്ടുണ്ട്. ഇവര്‍ പുലര്‍ച്ചെ തന്നെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നാലു ലക്ഷം രൂപയും കേന്ദ്രസര്‍ക്കാര്‍ രണ്ടു ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

  •  
  •  
  •  
  •  
  •  
  •  
  •